
ദാമ്പത്യ ബന്ധത്തിന്റെ അടിത്തറ വിശ്വാസമാണെന്ന് നമുക്കറിയാം. എന്നാൽ പലപ്പോഴും സംശയത്തിന്റെ ചെറിയ വിള്ളലുകൾ ആ ബന്ധത്തെ തകർക്കാറുണ്ട്. “എന്റെ പങ്കാളി എന്നെ വഞ്ചിക്കുന്നുണ്ടോ?” എന്ന ചോദ്യം ഉള്ളിലൊതുക്കി ജീവിക്കുന്ന നിരവധി പേരുണ്ട്. പലപ്പോഴും നേരിട്ടുള്ള തെളിവുകൾ ലഭിക്കാത്തതുകൊണ്ട് മാത്രം പലരും മൗനം പാലിക്കുന്നു.
എന്നാൽ, പങ്കാളി വഞ്ചിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ ചില സൂക്ഷ്മമായ ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മതിയെന്ന് വെളിപ്പെടുത്തുകയാണ് പ്രമുഖ പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർമാർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി സ്റ്റഡീസ് (Institute of Family Studies) നടത്തിയ പഠനപ്രകാരം വിവാഹിതരായ പുരുഷന്മാരിൽ 20 ശതമാനവും സ്ത്രീകളിൽ 13 ശതമാനവും പങ്കാളിയെ വഞ്ചിക്കുന്നവരാണ്. ഇതിൽ 40 ശതമാനം പേരും വിവാഹമോചിതരോ വേർപിരിഞ്ഞു താമസിക്കുന്നവരോ ആണ്.
പങ്കാളിയെ കയ്യോടെ പിടികൂടുക എന്നത് എളുപ്പമല്ല. എന്നാൽ അവരുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റങ്ങൾ, അഥവാ ‘റെഡ് ഫ്ലാഗുകൾ’ (Red Flags) ശ്രദ്ധിച്ചാൽ കാര്യങ്ങൾ ഏകദേശം പിടികിട്ടും. പ്രൈവറ്റ് ഡിറ്റക്ടീവുകൾ ചൂണ്ടിക്കാട്ടുന്ന ആ 5 പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. അലക്കാനുള്ള പെട്ടെന്നുള്ള ആവേശം!
പതിവായി വീട്ടിലെ ജോലികളിലോ തുണി അലക്കുന്നതിലോ ഒരു താല്പര്യവും കാണിക്കാത്ത പങ്കാളി, പെട്ടെന്നൊരു ദിവസം സ്വന്തം തുണികൾ താൻ തന്നെ അലക്കിക്കോളാം എന്ന് വാശിപിടിക്കുന്നുണ്ടോ? എങ്കിൽ അതൊരു അപായ സൂചനയാകാം. യുകെയിലെ പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർമാർ പറയുന്നത്, വസ്ത്രങ്ങളിലെ പെർഫ്യൂമിന്റെ ഗന്ധം, ലിപ്സ്റ്റിക് പാടുകൾ, അല്ലെങ്കിൽ മറ്റൊരാളുടെ മുടിനാരിഴകൾ എന്നിവ പങ്കാളി കാണാതിരിക്കാൻ വേണ്ടിയാകാം അവർ ഈ ‘സ്വയം അലക്കൽ’ തന്ത്രം പുറത്തെടുക്കുന്നത് എന്നാണ്.

2. മൊബൈൽ ഫോണിലെ അമിത ജാഗ്രത
ഇന്നത്തെ കാലത്ത് ഡിജിറ്റൽ വഞ്ചനയാണ് (Digital Infidelity) ഏറ്റവും കൂടുതൽ നടക്കുന്നത്. ഗ്ലോബൽ ഇൻവെസ്റ്റിഗേഷൻസിന്റെ ഗവേഷണ പ്രകാരം, ഫോൺ ഉപയോഗത്തിലെ രഹസ്യസ്വഭാവമാണ് വഞ്ചനയുടെ ഏറ്റവും വലിയ ലക്ഷണം.
-
പങ്കാളി പെട്ടെന്ന് ഫോണിന്റെ പാസ്‌വേഡ് മാറ്റുക.
-
നിങ്ങൾ അടുത്തു വരുമ്പോൾ ഫോൺ കമഴ്ത്തി വെക്കുക.
-
ലാപ്‌ടോപ്പ് പോലുള്ള പൊതുവായ ഡിവൈസുകളിൽ നിന്ന് ലോഗ് ഔട്ട് ചെയ്യാൻ തിടുക്കം കാണിക്കുക.
സ്വകാര്യത എല്ലാവർക്കും ആവശ്യമാണ്. എന്നാൽ പങ്കാളിയിൽ നിന്ന് എന്തൊക്കെയോ ഒളിച്ചുവെക്കാൻ വേണ്ടിയുള്ള ഈ അമിത ജാഗ്രത സംശയിക്കേണ്ടതാണ്.
3. വണ്ടിയിലെ കിലോമീറ്റർ കള്ളം പറയില്ല
പങ്കാളി പറയുന്ന സ്ഥലവും, വണ്ടി ഓടിയ ദൂരവും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടോ? ഉദാഹരണത്തിന്, ഓഫീസിൽ നിന്ന് നേരിട്ട് വീട്ടിലേക്ക് വന്നു എന്ന് പറയുന്നു, എന്നാൽ കാറിലെ മൈലേജ് മീറ്ററിൽ പതിവിലും കൂടുതൽ ദൂരം കാണിക്കുന്നു. ഇത് വഴിമാറി സഞ്ചരിച്ചതിന്റെ സൂചനയാകാം. “ഓഫീസിലോ ജിമ്മിലോ ആയിരുന്നു എന്ന് കള്ളം പറഞ്ഞ്, രഹസ്യമായി മറ്റൊരാളെ കാണാൻ പോകുന്നവരുടെ വണ്ടിയിലെ റീഡിംഗ് അവരെ ഒറ്റിക്കൊടുക്കാറുണ്ട്,” വിദഗ്ധർ പറയുന്നു. അതുപോലെ, ദൂരയാത്ര പോയി എന്ന് പറയുകയും, എന്നാൽ മൈലേജ് കുറവായിരിക്കുകയും ചെയ്യുന്നതും സംശയാസ്പദമാണ്.
4. കണക്കിൽപ്പെടാത്ത ചെലവുകൾ
നിങ്ങളുടെ ജന്മദിനത്തിന് ഇനിയും മാസങ്ങൾ ബാക്കിയുണ്ട്, പക്ഷെ പങ്കാളി പ്രമുഖ ഷോപ്പുകളിൽ നിന്ന് വലിയ തുകയ്ക്ക് സാധനങ്ങൾ വാങ്ങിയതായി കാണുന്നു. ആർക്കുവേണ്ടിയാണ് ആ സമ്മാനം? ക്രെഡിറ്റ് കാർഡ് ബില്ലുകളിലെ അവ്യക്തമായ ഹോട്ടൽ ചെലവുകൾ, റെസ്റ്റോറന്റ് ബില്ലുകൾ, വലിയ തുക പിൻവലിക്കലുകൾ എന്നിവ ശ്രദ്ധിക്കുക. അവിഹിത ബന്ധം പുലർത്തുന്നവർ സാധാരണ ചെലവാക്കുന്നതിനേക്കാൾ കൂടുതൽ പണം ഇത്തരം കാര്യങ്ങൾക്കായി ചെലവഴിക്കാൻ സാധ്യതയുണ്ട്.
5. പെട്ടെന്നൊരു ‘മേക്കോവർ’
ഇതുവരെയില്ലാത്ത വിധം പെട്ടെന്ന് സൗന്ദര്യസംരക്ഷണത്തിൽ അതീവ ശ്രദ്ധാലുവാകുന്നത് മറ്റൊരു ലക്ഷണമാണ്.
-
ജിമ്മിൽ പോകാനുള്ള അമിത ഉത്സാഹം.
-
പുതിയതരം വസ്ത്രധാരണം, ഹെയർ സ്റ്റൈൽ മാറ്റങ്ങൾ.
-
മുടി നട്ടുപിടിപ്പിക്കൽ പോലുള്ള കോസ്മെറ്റിക് കാര്യങ്ങളിൽ പെട്ടെന്ന് താല്പര്യം കാണിക്കുക.
സ്വയം മെച്ചപ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ നിങ്ങളുടെ അഭിപ്രായങ്ങൾ ചോദിക്കാതെ, മറ്റാരെയോ ബോധിപ്പിക്കാൻ എന്ന വണ്ണം നടത്തുന്ന ഈ മാറ്റങ്ങൾ, പുതിയൊരാളെ ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാം.
ശ്രദ്ധിക്കുക: ഈ ലക്ഷണങ്ങൾ കണ്ടതുകൊണ്ട് മാത്രം പങ്കാളി വഞ്ചിക്കുകയാണെന്ന് ഉറപ്പിക്കാൻ കഴിയില്ല. ചിലപ്പോൾ അവർ നിങ്ങൾക്കായി ഒരു സർപ്രൈസ് ഒരുക്കുന്നതാകാം, അല്ലെങ്കിൽ ജോലിയിലെ സമ്മർദ്ദം കാരണമാകാം പെരുമാറ്റത്തിൽ മാറ്റം വരുന്നത്. എന്നാൽ സ്ഥിരമായി ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, തുറന്ന സംഭാഷണത്തിലൂടെ (Open Communication) കാര്യങ്ങൾ വ്യക്തമാക്കുന്നതാണ് ഉചിതം. സംശയം വെച്ച് നീട്ടിക്കൊണ്ടുപോകുന്നത് മാനസികാരോഗ്യത്തെയും കുടുംബ ബന്ധത്തെയും ബാധിക്കും ,അത് കൂടാതെ ഇനി അഥവാ നിങ്ങളുടെ സംശയം സത്യമാണേൽ അത് തുറന്നു സംവദിക്കാനും സമാധാനത്തോടെ ആ വിഷയം കൈകാര്യം ചെയ്യാനും ഒരു കൗൺസിലിംഗ് സെഷനിലൂടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും വിഷയത്തെ അതി വൈകാരികത ഇല്ലാതെ കൈകാര്യം ചെയ്യാനും സാധിക്കും. ഒരിക്കലും അതി വൈകാരികതയോടെയോ ദേഷ്യത്തോടെയോ ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാതിരിക്കുക.











