
ഈ തീയതിയെക്കുറിച്ച് കേൾക്കുമ്പോൾ ഇപ്പോൾ പലരുടെയും മനസ്സിൽ വലിയൊരു ഭീതിയാണുള്ളത്. അന്നേദിവസം കൃത്യം 7 സെക്കൻഡ് നേരത്തേക്ക് ഭൂമിയിലെ ഗുരുത്വാകർഷണ ബലം (Gravity) അപ്പാടെ നിലയ്ക്കുമെന്നും, ആ സമയത്ത് മനുഷ്യരും വാഹനങ്ങളും എല്ലാം അന്തരീക്ഷത്തിലേക്ക് പറന്നുയരുമെന്നുമുള്ള വിചിത്രമായ വാദമാണ് ഇന്റർനെറ്റിൽ കാട്ടുതീ പോലെ പടരുന്നത്.
‘പ്രോജക്റ്റ് ആങ്കർ’ (Project Anchor) എന്ന പേരിൽ നാസയുടെ (NASA) അതീവ രഹസ്യ രേഖ ചോർന്നുവെന്ന അവകാശവാദത്തോടെയാണ് ഈ പ്രചാരണം തുടങ്ങിയത്. ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും പ്രത്യക്ഷപ്പെട്ട ഈ വാർത്ത കണ്ട് അനേകം പേർ പരിഭ്രാന്തരായി. ഗുരുത്വാകർഷണം നഷ്ടപ്പെടുന്ന ആ 7 സെക്കൻഡിൽ കെട്ടിടങ്ങളിൽ നിന്നും മറ്റും വീണ് ഏകദേശം 4 കോടി ആളുകൾ മരിക്കുമെന്നും, ലോകം വലിയ സാമ്പത്തിക തകർച്ച നേരിടുമെന്നും ഈ വ്യാജ സന്ദേശങ്ങളിൽ പറയുന്നു.
എന്നാൽ, ശരിക്കും ഇങ്ങനെ സംഭവിക്കുമോ? പേടിക്കേണ്ടതില്ല, ഇതിൽ ഒരു തരിമ്പും സത്യമില്ലെന്ന് നാസ തന്നെ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.
എന്താണ് പ്രചരിക്കുന്ന കഥ?
2024 നവംബറിൽ ചോർന്ന നാസയുടെ ‘പ്രോജക്റ്റ് ആങ്കർ’ എന്ന രഹസ്യരേഖയിലാണ് ഈ വിവരമുള്ളതെന്നാണ് പ്രചാരണം. ഇതനുസരിച്ച് 2026 ഓഗസ്റ്റ് 12-ന് ഉച്ചയ്ക്ക് 14:33 (UTC) സമയത്ത് 7 സെക്കൻഡ് നേരത്തേക്ക് ഗുരുത്വാകർഷണം ഇല്ലാതാകുമത്രെ.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകളിൽ ഇതിനെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
ആദ്യത്തെ 1-2 സെക്കൻഡ്: കെട്ടിയിടാത്ത വസ്തുക്കളും മനുഷ്യരും മൃഗങ്ങളുമെല്ലാം ഉയർന്നുപൊങ്ങാൻ തുടങ്ങും.
3-4 സെക്കൻഡ്: ഇവയെല്ലാം 15 മുതൽ 20 മീറ്റർ വരെ ഉയരത്തിൽ എത്തും.
5-6 സെക്കൻഡ്: ജനങ്ങൾ ഭയന്ന് സീലിംഗിൽ ഇടിക്കും.
7-ാം സെക്കൻഡ്: ഗുരുത്വാകർഷണം പെട്ടെന്ന് തിരിച്ചുവരികയും എല്ലാവരും താഴേക്ക് വീഴുകയും ചെയ്യും.
നാസയുടെ മറുപടി: ശാസ്ത്രം പറയുന്നത് എന്ത്?
ഈ പ്രചാരണം ശുദ്ധ അസംബന്ധമാണെന്ന് നാസ സ്‌നോപ്‌സിനോട് (Snopes) പ്രതികരിച്ചു. ഭൂമിയുടെ ഗുരുത്വാകർഷണം എന്നത് ഒരു സ്വിച്ചിട്ടാൽ ഓണാവുകയും ഓഫാവുകയും ചെയ്യുന്ന ഒന്നല്ല.
നാസയുടെ വിശദീകരണം ഇങ്ങനെയാണ്: “2026 ഓഗസ്റ്റ് 12-ന് ഭൂമിക്ക് ഗുരുത്വാകർഷണം നഷ്ടപ്പെടില്ല. ഭൂമിയുടെ പിണ്ഡമാണ് (Mass) അതിന്റെ ഗുരുത്വാകർഷണ ബലത്തെ നിർണ്ണയിക്കുന്നത്. ഗുരുത്വാകർഷണം ഇല്ലാതാകണമെങ്കിൽ ഭൂമിയുടെ കാമ്പ് (Core), മാന്റിൽ, സമുദ്രങ്ങൾ, അന്തരീക്ഷം എന്നിവയടക്കമുള്ള മൊത്തം പിണ്ഡം ഇല്ലാതാകണം. അത് അസാധ്യമാണ്.”
സൂര്യനും ചന്ദ്രനും ഭൂമിയുടെ വേലിയേറ്റത്തെ (Tidal forces) സ്വാധീനിക്കാറുണ്ട് എന്നത് ശരിയാണ്. എന്നാൽ അതൊരിക്കലും ഭൂമിയുടെ മൊത്തത്തിലുള്ള ഗുരുത്വാകർഷണത്തെ ഇല്ലാതാക്കില്ലെന്നും നാസ കൂട്ടിച്ചേർത്തു.
2026 ഓഗസ്റ്റ് 12-ന്റെ യഥാർത്ഥ പ്രത്യേകത
ഈ തീയതി തിരഞ്ഞെടുക്കാൻ വ്യാജപ്രചാരകർക്ക് ഒരു കാരണമുണ്ട്. യഥാർത്ഥത്തിൽ 2026 ഓഗസ്റ്റ് 12-ന് ഒരു പൂർണ്ണ സൂര്യഗ്രഹണം (Total Solar Eclipse) സംഭവിക്കുന്നുണ്ട്. ആർട്ടിക്കിനും യൂറോപ്പിനും മുകളിലായി ദൃശ്യമാകുന്ന ഈ ഗ്രഹണത്തെ മറയാക്കിയാണ് ഈ നുണപ്രചാരണം നടക്കുന്നത്. സൂര്യഗ്രഹണം നടക്കുമ്പോൾ പകൽ സമയം ഇരുട്ടാകുമെന്നല്ലാതെ, ഗുരുത്വാകർഷണത്തിൽ മാറ്റമൊന്നും സംഭവിക്കില്ല.
ഇത്തരം തമാശകൾ (Hoaxes) മുൻപും ഉണ്ടായിട്ടുണ്ട്. 1976-ൽ പാട്രിക് മൂർ എന്ന ശാസ്ത്രജ്ഞൻ ‘സീറോ ഗ്രാവിറ്റി ഡേ’ എന്ന പേരിൽ ഒരു ഏപ്രിൽ ഫൂൾ തമാശ അവതരിപ്പിച്ചിരുന്നു. ഗ്രഹങ്ങൾ ഒരേ രേഖയിൽ വരുമ്പോൾ ചാടിയാൽ പറന്നുനടക്കാം എന്നായിരുന്നു അന്ന് അദ്ദേഹം തമാശയായി പറഞ്ഞത്. അത്തരം പഴയ തമാശകളുടെ പുതിയ പതിപ്പാണ് ഇപ്പോൾ പ്രചരിക്കുന്ന ഈ ‘പ്രോജക്റ്റ് ആങ്കർ’ കഥയും.
അതുകൊണ്ട്, ആകാശത്തേക്ക് പറന്നുപോകുമെന്ന് പേടിച്ച് ആരും 2026-നെ കാത്തിരിക്കേണ്ടതില്ല. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്ത് മറ്റുള്ളവരെ പരിഭ്രാന്തരാക്കാതിരിക്കാൻ ശ്രദ്ധിക്കുക.











