കാഷായ വേഷത്തിലെ കാ#മഭ്രാന്തൻ; വിദ്യാർത്ഥിനികളെ മുറിയിലേക്ക് ക്ഷണിച്ച ‘സ്വാമി’ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

3

ന്യൂഡൽഹി: ആത്മീയതയുടെയും വിദ്യയുടെയും കാവലാളാവേണ്ടവർ തന്നെ വേട്ടക്കാരാവുമ്പോൾ ഒരു സമൂഹം എത്രത്തോളം ലജ്ജിച്ചു തലതാഴ്ത്തണം? ഡൽഹിയിലെ ഉന്നതരുടെ താമസസ്ഥലമായ വസന്ത് കുഞ്ചിലെ ഒരു സ്വകാര്യ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനത്തിരുന്ന് ‘സ്വാമി ചൈതന്യാനന്ദ സരസ്വതി’ എന്നറിയപ്പെടുന്ന ആൾദൈവം കഴിഞ്ഞ 16 വർഷമായി നടത്തിവന്ന ലൈംഗിക ചൂഷണങ്ങളുടെ കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിദേശയാത്രകളും പണവും വാഗ്ദാനം ചെയ്തും, പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും ഇയാൾ പെൺകുട്ടികളെ വലയിലാക്കുകയായിരുന്നു.

ഇരകളെ വീഴ്ത്തുന്ന രീതി

ADVERTISEMENTS
   

ഒഡീഷ സ്വദേശിയായ പാർത്ഥസാരഥി എന്ന ‘സ്വാമി ചൈതന്യാനന്ദ’ തന്റെ ഇരകളെ തിരഞ്ഞെടുത്തിരുന്നത് അതീവ സൂക്ഷ്മതയോടെയായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളായിരുന്നു പ്രധാന ലക്ഷ്യം. തനിക്കെതിരെ പരാതിപ്പെടാൻ അവരുടെ സാഹചര്യങ്ങൾ അനുവദിക്കില്ലെന്ന ധൈര്യമാണ് ഇയാൾക്ക് തണലായത്. വാട്സ്ആപ്പ് വഴിയായിരുന്നു ചൂഷണങ്ങളുടെ തുടക്കം.

“എന്റെ മുറിയിലേക്ക് വരൂ… വിദേശയാത്രക്ക് കൊണ്ടുപോകാം, പണം തരണ്ട,” എന്ന് പ്രലോഭിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ അയച്ചാണ് തുടക്കം. ഇതിൽ വീഴാത്തവരെ മാർക്കിന്റെ പേരിൽ ഭീഷണിപ്പെടുത്തും. “എന്നെ അനുസരിച്ചില്ലെങ്കിൽ പരീക്ഷയിൽ തോൽപ്പിക്കും,” എന്നായിരുന്നു അടുത്ത ഭീഷണി. സന്ദേശങ്ങൾക്കും നിർബന്ധിത ശാരീരിക ബന്ധങ്ങൾക്കും വരെ പെൺകുട്ടികൾ ഇരയായി. ഈ ക്രൂരകൃത്യങ്ങൾക്ക് ഇയാൾക്ക് കൂട്ടുനിന്നത് മൂന്ന് വനിതാ വാർഡന്മാരായിരുന്നു എന്നതും ഞെട്ടിക്കുന്ന വിവരമാണ്. ഇവരും പെൺകുട്ടികളെ ഭീഷണിപ്പെടുത്താനും സ്വാമിയുടെ ഇംഗിതങ്ങൾക്ക് വഴങ്ങാൻ പ്രേരിപ്പിക്കാനും കൂട്ടുനിന്നു.

രഹസ്യങ്ങൾ പുറത്തേക്ക്

അതിക്രമങ്ങൾ സഹിക്കവയ്യാതെ, 17 വിദ്യാർത്ഥിനികൾ ഓഗസ്റ്റ് ആദ്യം ഡൽഹിയിലെ ഡിഫൻസ് കോളനി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് 16 വർഷം നീണ്ട ഈ കൊടുംചൂഷണത്തിന്റെ കഥകൾ പുറംലോകമറിയുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ, 50-ഓളം പെൺകുട്ടികളുടെ ഫോണുകളിൽ നിന്ന് സ്വാമിയുടെ അശ്ലീല സന്ദേശങ്ങളും ഭീഷണികളും കണ്ടെടുത്തു. ഇത് കേസിൽ നിർണ്ണായക തെളിവായി മാറി.

തൊടാതെപോയ നിയമം

ഇതാദ്യമായല്ല ചൈതന്യാനന്ദയ്ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ് വരുന്നത്. 2009-ലും 2016-ലും ഇയാൾക്കെതിരെ പീഡന പരാതികൾ ഉയർന്നിരുന്നു. 2016-ലെ പരാതി ഇതേ ആശ്രമത്തിലെ ഒരു യുവതി തന്നെയാണ് നൽകിയത് എന്നാൽ അന്ന് പോലീസോ ആശ്രമം അധികൃതരോ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഈ നിയമലംഘനമാണ് വർഷങ്ങളോളം ചൂഷണം തുടരാൻ അയാൾക്ക് ധൈര്യം നൽകിയത്.

മറ്റ് തട്ടിപ്പുകൾ

ലൈംഗിക ചൂഷണം മാത്രമല്ല, മറ്റ് പല തട്ടിപ്പുകളിലും ഈ ആൾദൈവം ഉൾപ്പെട്ടിട്ടുണ്ട്. തന്റെ കാവി നിറത്തിലുള്ള വോൾവോ കാറിൽ, ഐക്യരാഷ്ട്രസഭയുടെ വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റ് ഉപയോഗിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. അധികാരവും സ്വാധീനവുമുണ്ടെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ തട്ടിപ്പ്. കൂടാതെ, ലൈംഗികാരോപണങ്ങൾ പുറത്തുവന്നതിന് ശേഷം, ആശ്രമം അധികൃതർ തന്നെ ഇയാൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് പരാതി നൽകിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ശൃംഗേരി ശാരദാ പീഠത്തിന്റെ ഡൽഹിയിലെ ശാഖയാണ് ഈ സ്ഥാപനം. തങ്ങളുടെ പേരിന് കളങ്കമുണ്ടാക്കിയ ഇയാളെ ആശ്രമത്തിൽ നിന്ന് പുറത്താക്കിയതായി അവർ അറിയിച്ചു.

പരാതി ഉയർന്നതോടെ ലണ്ടനിലായിരുന്ന സ്വാമി, പിന്നീട് ആഗ്രയിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചെങ്കിലും, ഇയാൾ ഇപ്പോഴും ഒളിവിലാണ്. ആത്മീയതയുടെ മറവിൽ നടക്കുന്ന ചൂഷണങ്ങളുടെയും അധികാരികളുടെ കണ്ണടയ്ക്കലിന്റെയും ഒരു ഭീകരമായ ഉദാഹരണമാണ് ഈ സംഭവം.

ADVERTISEMENTS