മിനി ദളിത് ആയിരുന്നു. പക്ഷേ അന്ന് ജാതിയെ പറ്റിയൊന്നും അറിയില്ല. ആ കുട്ടി കറുത്തിട്ടാണ്.. – നെഞ്ചുലക്കുന്ന കുറിപ്പുമായി എഴുത്തുകാരി വി കെ ദീപ

125
അടിമകളും ഉടമകളും അവര്‍ണരും സവര്‍ണരും ,മേലാളനും കീഴാളനും അങ്ങനെ മനുഷ്യരെ കാലങ്ങക്കപ്പുറം  തൊട്ടേ രണ്ടായി വേര്‍പിരിച്ചിട്ടതു ഇന്നും ഒന്ന് ചേര്‍ന്നിട്ടില്ല ഇനി അതെന്നന്നു അറിയുകയുമില്ല ഒന്നറിയാം അത് വിദൂരമാണ്.
നിറത്തിന്റെയും കുലമഹിമയുടെയും ജാതിയുടെയും വര്‍ഗ്ഗത്തിന്റെയും അങ്ങനെ നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണാന്‍ പറ്റാത്ത നിരവധി വ്യത്യാസങ്ങളുടെ പേരില്‍ ആരൊക്കെയോ നിസ്സഹായരായ മനുഷ്യരെ ഇന്നും ചവിട്ടി മെതിക്കുന്നുണ്ട് . അത് നൂറ്റാണ്ടുകളായി തുടങ്ങിയതുമാണ്.
ഇതൊക്കെ ഇവിടെ പറയാന്‍ കാരണം താഴെ കാണുന്ന ഒരു  കുറിപ്പാണ്. തന്റെ സ്കൂള്‍ കാലഘട്ടത്തില്‍ ഉണ്ടായ ഒരു സംഭവത്തെ ആസ്പദമാക്കി എഴുത്ത്കാരിയായ വി കെ ദീപ തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ കുറിച്ചിട്ട ഉള്ളല്കുന്ന ഒരു കുറിപ്പ്. കാലങ്ങല്‍ക്കിപ്പുറവും അതിന്  വലിയ പ്രസക്തിയുണ്ട്. കാരണം ആ ഉച്ച നീചത്വങ്ങള്‍ ഒന്നും ഇന്നും മാറിയിട്ടുമില്ല.
വി കെ ദീപയുടെ കുറിപ്പ് വായിക്കാം…
“നിന്നെ നേരെയാക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ. നീയിനി മിനിയുടെ അടുത്ത് ഇരുന്നാൽ മതി. ” നാലാം ക്ലാസിൽ വെച്ചാണ് എന്റെ പൊട്ടിപ്പൊരിച്ചിലിന് ഒരു അടക്കം വെക്കാൻ മാഷ് തീരുമാനിച്ചത്.
ഞാൻ തകർന്നു പോയി.. നാല് തല്ല് കിട്ടിയാലും ക്ലാസിന് പുറത്താക്കിയാലും പുഷ്പം പോലെ സഹിച്ചേനെ .
പക്ഷേ മിനിയുടെ അടുത്ത് ഇരിക്കാനുള്ള ശിക്ഷ വിധിച്ചതോടെ ഞാൻ തളർന്നു.
“ഇനി ഞാനൊന്നും കാട്ടൂല. നല്ലോണം പഠിച്ചോണ്ട് .” മാഷോട് കെഞ്ചി.
മാഷ് അയഞ്ഞില്ല. മറ്റു കുട്ടികൾ ശിക്ഷ കേട്ട് വാ പൊത്തി ചിരിച്ചു.
കൂട്ടത്തിൽ മിനിയും…
മിനി ദളിത് ആയിരുന്നു. പക്ഷേ അന്ന് ജാതിയെ പറ്റിയൊന്നും അറിയില്ല. ആ കുട്ടി കറുത്തിട്ടാണ് , വൃത്തിയില്ല , മറ്റു കുട്ടികളെ പോലെയല്ല എന്നൊക്കെയാണ് പ്രശ്നം. മിനിയുടെ ചെവി എപ്പോഴും പൊട്ടി ഒലിച്ചു കൊണ്ടാണ്. മൂക്കും. പേൻ നെറ്റിയിൽ വന്ന് നിൽക്കും. ആകെ രണ്ട് കുപ്പായം ഉണ്ട്. അതാണെങ്കിൽ തിരുമ്പൂo ഇല്ല. പുഴുപ്പല്ലത്തി . തുറന്ന് പിടിച്ച വായിൽ നിന്ന് എപ്പോഴും തുപ്പൽ ഊറിച്ചാടും .
ആ ബെഞ്ചിൽ മിനിയെ കൂടാതെ ഇരുന്നിരുന്ന മറ്റ് നാല് കുട്ടികളും ദളിതരായിരുന്നു എന്ന് ഇന്നോർക്കുമ്പോൾ മനസ്സിലാവുന്നു. പക്ഷേ മിനിയെക്കാൾ അൽപം കൂടെ വൃത്തിയുള്ളവർ ആണെന്ന് മാത്രം.
മിനിയുടെ അടുത്ത് ഇരിക്കില്ലെന്ന് വാശിപിടിച്ച് കരഞ്ഞ എന്നെ മാഷ് ചെവിക്ക് പിടിച്ച് അവളുടെ അടുത്ത് ഇരുത്തി. “വേണ്ടാ വേണ്ടാന്ന് വെച്ചപ്പൊ നീയെന്നോട് ചോദിച്ച് വാങ്ങിയതാ ഇത് ” എന്നും പറഞ്ഞ് —
ഒരുതരം ചീഞ്ഞ മണം മിനി പുറപ്പെടുവിച്ചു . എണ്ണ കിനിഞ്ഞിറങ്ങിയ നെറ്റിയിൽ മുട്ടൻ പേനുകൾ പുറംലോകം കാണാൻ വന്നു നിന്നു.. മിനി എന്നെനോക്കി സാരല്യ ന്ന് പറയും പോലെ ചിരിച്ചു.. ഞാൻ ചിരിച്ചില്ല.
മാഷ് ബോർഡിൽ കുറയ്ക്കൽ കണക്ക് എഴുതി. പത്ത് ജന്മം കഴിഞ്ഞാലും എനിക്ക് അതിന്റെ ഉത്തരം തെറ്റാതെ കണ്ടു പിടിക്കാൻ കഴിയില്ല. മിനി ഒറ്റയടിക്ക് ചെയ്തു.. എന്നിട്ട് എനിക്ക് ഉത്തരം കാണിച്ചു തന്നു. മിനിയെ ഇഷ്ടമില്ലെങ്കിലും ഞാനാ ഉത്തരം മിനിയുടെ സ്ലേറ്റിൽ നിന്നും കോപ്പിയടിച്ച് മാഷുടെ
അടുത്തേക്ക് പാഞ്ഞു.
“ക്ലാസിൽ ശ്രദ്ധിച്ചപ്പൊ കണക്ക് ശരിയായത് കണ്ടോ? “മാഷ് ചോദിച്ചു.
ന്നാ ഇനി ഞാൻ മാറി ഇരിക്കട്ടെ?
“അതിനായിട്ടില്ല , നീയേയ് കൊറച്ചൂടെ ശരിയാവാന്‌ണ്ട്. പോയിരിക്ക് അവളുടെ അട്ത്തന്നെ “
മാഷ് എന്നെ ആട്ടിവിട്ടു.
മിനിയുടെ അടുത്തിരിക്കാൻ വിധിക്കപ്പെട്ട എന്നെ എല്ലാവരും പരിഹസിച്ചു
മിനി അവളുടെ പുസ്തകം വെയ്ക്കുന്ന പ്ലാസ്റ്റിക് കവറിൽ കയ്യിട്ട് പുളിങ്കുരു ചുട്ടതും ചാമ്പക്കയും നീട്ടി. മിനിയുടെ കൈവെള്ളയിലേയും കൈനഖങ്ങളിലേയും അഴുക്ക് നോക്കി വെറുപ്പോടെ വേണ്ടെന്ന് തലയാട്ടി നീങ്ങിയിരുന്നു. അവൾക്കും എനിക്കും ഇടയിൽ എന്റെ ടവ്വൽ ചുരുട്ടി വെച്ച് “നീ ഇതിനപ്പുറം വന്നാൽ പെൻസിൽ കൊണ്ട്കുത്തും “
എന്ന് ഭീഷണിപ്പെടുത്തി. എനിക്ക് കിട്ടിയ കൊടും ശിക്ഷ ഓർത്ത് ചങ്ക് തകർന്ന് ഇടയ്ക്കിടെ കരഞ്ഞു .
വൈകുന്നേരം വീട്ടിൽ വന്നപ്പോൾ അമ്മമ്മ ചോദിച്ചു
“എന്താ അന്റെ കണ്ണും മൊകറും ഇങ്ങനെ? പിന്നേം തല്ല് കിട്ടിയോ?”
ഞാൻ പ്രശ്നം പറഞ്ഞു. ഒപ്പം മിനിയുടെ അടുത്ത്ന്ന് മാറ്റി ഇരുത്താതെ ഞാനിനി സ്കൂളിൽ പോവില്ല എന്നും..
“വേണ്ട,പോവണ്ടാ ,ആർക്കാ ഇവിടെ യ്യ് സ്കൂളിൽ പോവണം നിർബന്ധം ? നാളെ തൊട്ട് ഇവിടെ അടിച്ച് വാരും പാത്രംകഴുകും ഒക്കെ ചെയ്തോ. യ്ക്ക് ഒരു സഹായൂമാവും” അമ്മമ്മ ദയാരഹിതമായി
കൈയൊഴിഞ്ഞു.
അമ്മയോട് പറഞ്ഞു. കാര്യങ്ങൾ കേട്ടപ്പൊ അമ്മ പറഞ്ഞു. നിനക്ക് മിനിയുടെ അടുത്ത് അധികം ഇരിക്കേണ്ടി വരില്ല. എനിക്ക് സന്തോഷായി. അമ്മ അതിന്റെ കാരണവുംപറഞ്ഞു തന്നു.
“കണക്ക് ഒരു തേങ്ങയും അറിയാത്ത കുട്ട്യോൾടെ അടുത്തൊക്കെ ആരിരിക്കാനാ? മിനി വൈകാതെ മാഷോട് ചോദിച്ച് നിന്റെ അടുത്ത്ന്ന് മാറി ഇരിക്കും. അനക്കില്ലെങ്കിലും അതിന് ഒരു നാണക്കേടില്ലേ കണക്ക് അറിയാത്തോര്‌ടെ അടുത്ത് ഇരിക്കാൻ ?”
കണക്ക് … കണക്ക്… എന്ത് പറഞ്ഞാലും ണ്ട് ഒര് കണക്ക്. നാശം.
അമ്മയും കണക്കിനെ കൂട്ടുപിടിച്ച് വഴി അടച്ചതോടെ എനിക്ക് മരിച്ചാ മതി തോന്നി.
“മണ്ണെണ്ണ കുടിച്ചിട്ട് ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ചത് വിഴുങ്ങിയാ മതി യ്യ് മെരിച്ചോളും ” അനിയൻ സഹായത്തിന് വന്നു.
രാവിലെ സ്കൂളിൽ പോവില്ല പറഞ്ഞ് കരഞ്ഞതും അമ്മ ചെമ്പരത്തിക്കൊമ്പ് ഒടിച്ചു.
കരച്ചിലിന്റെ ട്യൂൺ ഒന്ന് മാറ്റി. “ഇന്ന് പോവും …നാളെ പോവൂല്ല…”
സ്കൂളിലേക്ക് ഇറങ്ങാൻ നേരം അമ്മ മൂന്ന് സാധനങ്ങൾ ബാഗിൽ വെച്ചു തന്നു. മിനിയ്ക്ക് കൊടുക്കാൻ. ഒരു പേൻ ചീർപ്പ്, ചന്ദ്രികാ സോപ്പ്, ഒരു ടവ്വൽ. അത് കണ്ടപ്പോ നഴ്സിംഗ് അസിസ്റ്റന്റ് ആയ അമ്മമ്മ ഇത്തിരി കോട്ടണും എടുത്തു തന്നു. ഇതാ കുട്ടിയോട് ചെവിയിൽ വെക്കാൻ പറയ്ന്ന് പറഞ്ഞ്.
ഞാനതു കൊണ്ടുപോയി കൊടുത്തു. സോപ്പല്ല സ്വർണ്ണക്കട്ടിയാ കിട്ടിയത് എന്നപോലെ അവൾ തുള്ളിച്ചാടി. സോപ്പ് മണത്തിട്ടുo മണത്തിട്ടും മതിവരുന്നില്ല.
പിറ്റേന്ന് അവളുടെ നെറ്റിയിൽ സ്ഥിരം കാണാറുള്ള ഉണ്ടപ്പേനുകൾഉണ്ടായിരുന്നില്ല.
“യ്യ് തന്ന ചീർപ്പോണ്ട് ചീകിയപ്പൊ ഒരു ഉപ്പേരിയ്ക്ക് ഉള്ള പേനിനെ കിട്ടി . ” മിനി ചിരിച്ചു..
മൂക്കൊലിച്ചപ്പൊ പുറം കൈയ്ക്ക് പകരം ടവ്വലോണ്ട് മൂക്ക് തുടച്ചു. ചീത്ത മണത്തിന് പകരം അവളിൽ നിന്ന് ചന്ദ്രികാ സോപ്പിന്റെ മണം കിട്ടി. എന്നാലും എനിക്ക് അവളുടെ അടുത്ത് ഇരിക്കണ്ടായിരുന്നു.
ഞാൻ കഷ്ടപ്പെട്ട് മര്യാദക്കാരിയായി അഭിനയിച്ച് തകർത്തു. ദിവസവും അതും പറഞ്ഞ് മാഷോട് സ്ഥലമാറ്റത്തിന് കെഞ്ചി.
‘മിനിയുടെ അടുത്തിരിക്കുന്നവൾ ‘ എന്ന ചില കുട്ടികളുടെ പരിഹാസം സഹിക്കാവുന്നതിനപ്പുറമായിരുന്നു. ഒടുക്കം ഒരു ദിവസം മാഷ് അയഞ്ഞു .
എനിക്ക് മുന്നിലെ ബെഞ്ചിലേക്ക് മാറ്റം കിട്ടി. നാലാംക്ലാസ് കഴിഞ്ഞതോടെ ഞങ്ങൾ എല്ലാവരും വേറെ വേറെ സ്കൂളിലായി . ഒക്കെ മറന്നും പോയി.
ഈ അടുത്തൊരു ദിവസം ചെറിയ മോൾക്കൊരു പനിയും ഛർദ്ദിയും. അവളേം കൊണ്ട് ഹോസ്പിറ്റലിൽ പോയി.
“ദീപേ അനക്ക് ന്നെ മനസ്സിലായില്ലേ.. ചോദിച്ചു കൊണ്ട് വാ നിറയെ ചിരിയുമായി വന്ന നഴ്സിനെ എനിക്ക് മനസ്സിലായില്ല.
“ഞാൻ മിനിയാടീ പണ്ട് നാലിൽ ഒപ്പം പഠിച്ചിരുന്ന… “
തിരിച്ചറിയാഞ്ഞത് എന്റെ തെറ്റല്ല. അവൾക്ക് പഴയ മിനിയുടെ ഒരു ഛായയും ഇല്ല.
എന്റെ മോളെ അവളുടെ മോളായി അവൾ അങ്ങ് ഏറ്റടുത്തു. ഒക്കെ കഴിഞ്ഞ് തിരിച്ചു മടങ്ങും നേരം മിനി മോളോട് തമാശ പറഞ്ഞു.
“കുട്ടിക്കാലത്ത് എന്റടുത്തിരിക്കാൻ മടിച്ച് നിന്റെ അമ്മ ഒരു ടവ്വൽ ഒക്കെ അതിര് വച്ചാ ഇരുന്നിരുന്നത്, “
എനിക്ക് അവളെ കണ്ടപ്പോൾ തൊട്ട് കുറ്റബോധത്തിന്റെ കരച്ചിൽ ഉള്ളിൽ ചുറ്റിത്തിരിയുന്നത് അങ്ങ് പൊട്ടിപ്പോയി :
” കുട്ടികളാവുമ്പോൾ നമുക്കറിയില്ലല്ലോ മിനീ അങ്ങനെ ഒന്നും പറയാനും ചെയ്യാനും പാടില്ല എന്ന് “
ഞാൻ ഏങ്ങി.
“യ്യ് എന്താ ഇബളേ ഇങ്ങനെയൊരു നോള..”
എന്നു പറഞ്ഞ് അവൾ ചിരിച്ചോണ്ടെന്നെ കെട്ടിപ്പിടിച്ചു.
അതൊക്കെ അന്നത്തെ ഓരോരോ രസങ്ങളല്ലേ? എന്നവൾ ചോദിച്ചെങ്കിലും ഇന്നോർക്കുമ്പോൾ എനിക്ക് ഒട്ടും രസം തോന്നിയില്ല.
ചിരിയോടെ തന്നെ അവൾ പറഞ്ഞു “അന്നൊക്കെ കുട്ട്യോൾക്ക് കിട്ടിയിരുന്ന ഏറ്റവും വലിയ ശിക്ഷ മിനീടെ അടുത്ത് ഇരുത്തും ന്ന ഭീഷണി ആയിരുന്നുല്ലേ…? ന്റെ അമ്മയ്ക്ക് പ്രാന്താന്ന് ഞാൻ മനസ്സിലാക്കിയതന്നെ വല്യ ക്ലാസിൽ എത്തീട്ടാ. എല്ലാര്ടെ അമ്മേം ഇങ്ങനെ ഒക്കെയാവുംന്നാ കരുത്യേത്. കള്ള് കുടിച്ച് കച്ചറ ഉണ്ടാക്കി നടക്കുന്ന അച്ഛയ്ക്ക് ഞാൻ സ്കൂളിൽ പോണത് തന്നെ അറിയില്ല. സ്കൂളിയ്ക്ക് വൃത്തിയായി പോവണം എന്ന് ആര് പറഞ്ഞ് തരാൻ? അതൊക്കെ ഒരു കാലം “
“സാരല്യ, മതി പറഞ്ഞത്.. ” എന്നുപറഞ്ഞ് ഞാനവളെ കെട്ടിപ്പിടിച്ചു. ചന്ദ്രികാ സോപ്പിന്റെ മണം മൂക്കിൽ വന്ന് തട്ടി.
നീ ഇപ്പഴും ചന്ദ്രികാ സോപ്പ് തന്ന്യാ?
“ഞാൻ ആദ്യായി ഒര് സോപ്പ് മേത്ത് തേച്ച് കുളിച്ചത് ആ ചന്ദ്രികാ സോപ്പോണ്ടാ . അത് വരെ 501 ബാറിന്റെ ഒര് ചെറ്യേ കഷ്ണം കൊണ്ടായിരുന്നു കുളി. ആ കഷ്ണം തന്നെ വല്ലപ്പോഴുമാ കിട്ടാ.. ചന്ദ്രികയങ്ങട്ട് തേച്ചാലെ യ്ക്ക് ഇപ്പഴും കുളി ഒരു കുളിയാവൂ. “
വർത്താനത്തിടെ ചിരി മായാതെ തന്നെ അവൾ പറഞ്ഞു.
” അന്ന് കുട്ടിയാവുമ്പൊ ന്റെ ജാതിയല്ലായിരുന്നു ന്റെ വൃത്തിയായിരുന്നു ങ്ങക്ക് പ്രശ്നം.. ഇപ്പൊ യ്ക്ക് വൃത്തി ഉണ്ടെങ്കിലും ജാതി ഒരു പ്രശ്നം തന്ന്യാ . ജാതിയില്ലാന്ന് പറയ്ണതൊക്കെ വെറ്ത്യാടീ. ഇപ്പഴും ഉച്ചയ്ക്ക് ചോറുണ്ണാൻ ന്റെ ഒപ്പം ഇരിക്കുമ്പൊ ന്റെ കറികള് തിന്നാൻ മടി ഉള്ള ചെലോര് ഉണ്ട്. സന്തോഷം കാട്ടി എന്റേന്ന് കറി വാങ്ങിയ്ക്കൊക്കെ ചെയ്യും. ന്ന്ട്ട് ഭക്ഷണ വേസ്റ്റിന്റെ ഒപ്പം പതുക്കെ അതങ്ങട്ട് തിന്നാതെ കളയും .യ്ക്ക് അത് മനസ്സിലാവും.
ഇപ്പൊ ഞാൻ കൊണ്ട് വര്ണ കറിയൊന്നും ഓര്ക്ക് കൊട്ക്കലില്ല. നമ്മള് നയിച്ച് ണ്ടാക്ക്ണ പൈസയ്ക്ക് വാങ്ങിയ സാധനങ്ങൾ ഓര്‌ക്ക് അങ്ങനെ കളയാൻ കൊട്ക്കണ്ടച്ചട്ട് “
കണ്ടപ്പോൾ തൊട്ട് പിരിയും വരേയും ഇങ്ങനെയുള്ള പല അനുഭവങ്ങളും പറഞ്ഞിരിക്കുമ്പോൾ അവൾക്ക് ചിരി തന്നെ ആയിരുന്നു..
മിനിയുടെ അടുത്തിരിക്കാനുള്ള ശിക്ഷ വിധിക്കുമ്പോൾ മറ്റു കുട്ടികൾക്ക് ഒപ്പം അവളും ചിരിച്ചിരുന്ന അതേ ചിരി .
അവളെ ഓർക്കുമ്പോഴെല്ലാം ഉള്ളിലൂറുന്ന കുറ്റബോധത്തെ എക്കാലവും ആളിക്കത്തിക്കും ഇനിയാ ചിരി..
ADVERTISEMENTS
Previous articleകാജോളിന്റെ ഡീപ്ഫേക്ക് വീഡിയോ വൈറലാകുന്നു.പ്രധാന മന്ത്രി മോഡി ഡീപ് ഫേക്കിനെ പറ്റി പറഞ്ഞത് – അദ്ദേഹവും ഇര
Next articleസെൽഫിയെടുക്കാൻ എത്തിയ കൊച്ചുകുട്ടിയെ നാനാ പടേക്കർ തല്ലുന്ന വീഡിയോ വൈറൽ കാണാം