
വാഷിംഗ്ടൺ: ട്രംപ് പലപ്പോഴും വൈരുധ്യങ്ങൾ പ്രസ്താവനകൾ സാധാരണമായിക്കൊണ്ടിരിക്കുകയാണ് . ലോകത്തിലെ രണ്ട് ആണവശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു ആണവയുദ്ധം നടക്കാതിരിക്കാൻ ഇടപെട്ടത് താനാണെന്ന് വീണ്ടും അവകാശപ്പെട്ട് കൊണ്ട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. യുദ്ധം ഏതാണ്ട് തുടങ്ങി എന്നും ഏഴോളം വിമാനങ്ങൾ വെടിവെച്ചിട്ടുവെന്നും ട്രംപ് പറയുന്നു. എന്നാൽ, യുദ്ധത്തിന് ഒരു വിരാമമിട്ടത് താനാണെന്നും ഇതിനായി വ്യാപാരപരമായ സമ്മർദ്ദം വരെ താൻ ഉപയോഗിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ തന്റെ തന്നെ മുൻ പ്രസ്താവനായിൽ അഞ്ച് വിമാനങ്ങളാണ് തകർത്തതെന്ന് ട്രംപ് പറഞ്ഞിരുന്നു.
ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യൂങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. “ഞാൻ ഒരുപാട് യുദ്ധങ്ങൾ നിർത്തിയിട്ടുണ്ട്. അതിലൊരു വലിയ യുദ്ധം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കേണ്ടതായിരുന്നു. അത് ആണവയുദ്ധമായി മാറിയേക്കാവുന്ന അവസ്ഥയിലായിരുന്നു. അപ്പോഴേക്കും അവർ ഏഴോളം വിമാനങ്ങൾ വെടിവെച്ചിട്ടിരുന്നു. സ്ഥിതിഗതികൾ രൂക്ഷമായിരുന്നു,” ട്രംപ് പറഞ്ഞു. “ഞാൻ അവരോട് പറഞ്ഞു, ‘നിങ്ങൾ വ്യാപാരം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾ തമ്മിൽ യുദ്ധം തുടരുകയാണെങ്കിൽ ഞങ്ങൾ ഒരു തരത്തിലുള്ള വ്യാപാരവും ചെയ്യില്ല. 24 മണിക്കൂറിനുള്ളിൽ ഇത് പരിഹരിക്കണം’. തന്റെ വാക്കുകൾ അംഗീകരിച്ചു `പിന്നീട് അവർ പറഞ്ഞു, ‘ഇനി യുദ്ധം ഉണ്ടാവില്ല’.”
എന്നാൽ ട്രംപിന്റെ ഈ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഇന്ത്യൻ വ്യോമസേന രംഗത്തെത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നീക്കത്തിൽ ഇന്ത്യയുടെ കൃത്യമായ ആസൂത്രണവും ഇച്ഛാശക്തിയുമാണ് വിജയിച്ചതെന്നാണ് വ്യോമസേന വ്യക്തമാക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറിൻ്റെ യാഥാർത്ഥ്യം
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് 2025 മെയ് 7-ന് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാകിസ്ഥാനിലെയും പാകിസ്ഥാൻ അധീനതയിലുള്ള കാശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഈ ഓപ്പറേഷൻ. ഈ വിഷയത്തെക്കുറിച്ച് ഔദ്യോഗികമായി സംസാരിച്ച ഇന്ത്യൻ വ്യോമസേനാ മേധാവി എ. പി. സിംഗ്, തങ്ങളുടെ ദൗത്യം എത്രത്തോളം വിജയകരമായിരുന്നു എന്ന് വിശദീകരിച്ചിരുന്നു. തന്ത്രപരമായി നടത്തിയ ഈ സൈനിക നീക്കം വിജയിച്ചതിൽ രാഷ്ട്രീയ നേതൃത്വത്തിനുള്ള പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ദൗത്യം ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സേനക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു.
“ഞങ്ങൾക്ക് പാകിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങൾ തകർത്തതായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഒരു വലിയ നിരീക്ഷണവിമാനവും തകർത്തു. ഇത് 300 കിലോമീറ്റർ ദൂരത്തിൽ വെച്ചാണ് സംഭവിച്ചത്. ഇത് ലോക റെക്കോർഡാണ്,” എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് പറഞ്ഞു. “മുറീദ്, ചക്ലാല എന്നീ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, ആറ് റഡാറുകൾ, രണ്ട് എസ്.എ.ജി.ഡബ്ല്യു സംവിധാനങ്ങൾ എന്നിവയും തകർക്കാൻ ഞങ്ങൾക്ക് സാധിച്ചു. കൂടാതെ, ഭോലാരിയിലെയും ജാക്കോബാദിലെയും എഫ്-16 വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ടു. അറ്റകുറ്റപ്പണികൾക്കായി അവിടെ സൂക്ഷിച്ചിരുന്ന കുറച്ച് എഫ്-16 വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.”
ട്രംപിന്റെ അവകാശവാദങ്ങൾ തുടരുമ്പോഴും, ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. മറ്റ് രാജ്യങ്ങളുടെ ഇടപെടലുകളില്ലാതെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം പരിഹരിച്ചത് സ്വന്തം രാജ്യത്തിന്റെ നയതന്ത്രപരവും സൈനികപരവുമായ ശക്തികൊണ്ടാണ്. ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ, വിജയിക്കാൻ പ്രധാന കാരണം രാഷ്ട്രീയ ഇച്ഛാശക്തിയും മൂന്ന് സേനാവിഭാഗങ്ങളുടെ ഏകോപനവുമാണെന്ന് വ്യോമസേന മേധാവി ഊന്നിപ്പറഞ്ഞു. ഈ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റും ഇന്ത്യയുടെ സൈനിക മേധാവികളും നൽകുന്ന വിവരങ്ങളിൽ വലിയ വൈരുദ്ധ്യമാണുള്ളത്. ഈ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ, ട്രംപിന്റെ പ്രസ്താവനകൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അവകാശവാദങ്ങൾ മാത്രമാണെന്ന് മനസ്സിലാക്കാം.