
ഇന്ത്യൻ വിവാഹങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, അത് രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധമാണെന്നാണ് നമ്മൾ പൊതുവെ പറയാറുള്ളത്. എന്നാൽ മിക്കവാറും ഇന്ത്യൻ വീടുകളിലെയും അവസ്ഥ ഇതല്ല. ഭാര്യാഭർത്താക്കന്മാർക്കിടയിൽ എപ്പോഴും മൂന്നാമതൊരാൾ നിശ്ശബ്ദമായി ഇരിക്കുന്നുണ്ടാവും. അവരുടെ തീരുമാനങ്ങളെയും സ്നേഹത്തെയും വരെ നിയന്ത്രിക്കുന്ന ഒരാൾ. അത് മറ്റാരുമല്ല, മകന്റെ അമ്മയാണ്. ഈ അമ്മയെ നമുക്ക് സീരിയലുകളിലെ ക്രൂരയായ വില്ലനായി കാണാൻ സാധിക്കില്ല. മറിച്ച്, സ്നേഹസമ്പന്നയും ത്യാഗിയുമായ, സ്വന്തം മകൻ എന്നെന്നേക്കുമായി തന്റേതാണെന്ന് ദശാബ്ദങ്ങളായി വിശ്വസിക്കുന്ന ഒരു സാധാരണ അമ്മ.
മകൻ മറ്റൊരു സ്ത്രീയെ തിരഞ്ഞെടുക്കുമ്പോഴോ, വിവാഹം കഴിക്കുമ്പോഴോ, അവളോട് കൂടുതൽ വൈകാരിക അടുപ്പം കാണിക്കുമ്പോഴോ ആ അമ്മയ്ക്ക് തോന്നുന്നത് സ്വന്തം മകനെ ആരോ കവർന്നെടുക്കുന്നതുപോലെയാണ്. കാരണം, എങ്ങനെ വിട്ടുകൊടുക്കണമെന്ന് ആരും അവരെ പഠിപ്പിച്ചിട്ടില്ല. ഈ ഒരു വൈകാരികമായ കെട്ടുപാടാണ് പല ഇന്ത്യൻ വിവാഹബന്ധങ്ങളിലും വിള്ളൽ വീഴ്ത്തുന്നത്.
പാരമ്പര്യമായി ലഭിക്കുന്ന വൈകാരിക കരാറുകൾ.
ഇന്ത്യൻ പുരുഷന്മാർ മാതാപിതാക്കളിൽ നിന്ന് സ്വത്ത് മാത്രമല്ല പാരമ്പര്യമായി നേടുന്നത്. ചില വൈകാരിക കരാറുകൾ കൂടിയാണ്. “അമ്മയുടെ സന്തോഷത്തിന്റെ ഉത്തരവാദിത്വം നിനക്കാണ്”, “ഭാര്യയെക്കാൾ പ്രാധാന്യം അമ്മയ്ക്കാണ്”, “അമ്മയെ വേദനിപ്പിക്കാതിരിക്കാൻ ഒരു നല്ല മകനായിരിക്കുക” എന്നിങ്ങനെയുള്ള ചില അലിഖിത നിയമങ്ങൾ ചെറുപ്പം മുതലേ അവരുടെ മനസ്സിൽ ഉറപ്പിക്കപ്പെട്ടിരിക്കുന്നു.
വിവാഹിതനാവുമ്പോൾ ഒരു പുരുഷൻ പുതിയൊരു ജീവിതം തുടങ്ങുന്നില്ല, മറിച്ച് രണ്ട് ജീവിതങ്ങൾക്കിടയിൽ കുടുങ്ങിപ്പോവുകയാണ് ചെയ്യുന്നത്. അമ്മയെ നിരാശപ്പെടുത്താൻ പാടില്ലെന്നുള്ള ചിന്തയും, അതേസമയം ഭാര്യക്ക് ഒരു നല്ല പങ്കാളിയാകാനുള്ള ഉത്തരവാദിത്വവും അവനെ സമ്മർദ്ദത്തിലാക്കുന്നു. മിക്ക പുരുഷന്മാരും ഇതിൽ പരാജയപ്പെടാനുള്ള കാരണം, ഈ വ്യവസ്ഥിതി തന്നെ അങ്ങനെ രൂപകൽപ്പന ചെയ്യപ്പെട്ടതാണ്.
നല്ല പുരുഷന്മാരെയല്ല, നല്ല മകനെയാണ് വളർത്തുന്നത്.
ഇവിടെ നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്: മിക്ക ഇന്ത്യൻ അമ്മമാരും സ്വന്തം കാലിൽ നിൽക്കുന്ന സ്വതന്ത്രരായ പുരുഷന്മാരെ വളർത്താൻ പഠിപ്പിക്കപ്പെട്ടിട്ടില്ല. അവരെ വിട്ടുപോകാത്ത മക്കളെയാണ് അവർ വളർത്തുന്നത്. അതിനാൽ അവർ മകന് ഭക്ഷണം നൽകിയും, അവനെ പ്രശംസിച്ചും, അവന്റെ സന്തോഷത്തിൽ തന്റെ സന്തോഷം കണ്ടെത്തിയും ജീവിക്കുന്നു.
അങ്ങനെയിരിക്കുമ്പോൾ മകന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്നുവരുന്നത് അവർക്ക് ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ടുതന്നെ, മകന്റെ ഭാര്യയോട് അവർക്ക് നിശ്ശബ്ദമായ ഒരു അതൃപ്തിയുണ്ടാകുന്നു. അത് ആ സ്ത്രീയുടെ കുഴപ്പം കൊണ്ടല്ല, മറിച്ച് അവൾ പുതിയ ഒരാളായതുകൊണ്ടാണ്. മകന്റെ ജീവിതത്തിൽ തനിക്കൊരിക്കലും അറിയാൻ കഴിയാത്ത ഒരു ഭാഗമാണ് ഭാര്യ എന്ന് അമ്മ ചിന്തിക്കുന്നു. ഈ അപരിചിതത്വം വർഷങ്ങളായി താൻ കെട്ടിപ്പടുത്ത തന്റെ വ്യക്തിത്വത്തിന് ഒരു ഭീഷണിയായി അവർ കരുതുന്നു.
രണ്ട് സ്ത്രീകൾക്കിടയിൽ ഒതുങ്ങുന്ന വഴക്ക്
ഭർത്താവിൽ നിന്ന് വൈകാരികമായി ഒറ്റപ്പെട്ടതായി തോന്നുന്ന ഏത് സ്ത്രീയെയും ശ്രദ്ധിച്ചാൽ മതി, അവർക്ക് പറയാനുള്ളത് വഴക്കുകൾ എപ്പോഴും ഉച്ചത്തിലുള്ളതാകണമെന്നില്ല എന്നാണ്. ചിലപ്പോൾ ചെറിയ കാര്യങ്ങളിലായിരിക്കും അത് തുടങ്ങുന്നത് – ഭർത്താവ് ആരുടെ ഫോൺ കോളാണ് ആദ്യം എടുക്കുന്നത്, ആരുടെ അഭിപ്രായത്തിനാണ് കൂടുതൽ വില നൽകുന്നത്, ഒരു തർക്കത്തിൽ ആരെയാണ് പിന്തുണയ്ക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ. ഈ സന്ദർഭങ്ങളിൽ ഭർത്താക്കന്മാർ പറയാറുള്ള ഒരു സാധാരണ വാചകമുണ്ട്, “എന്നെക്കൊണ്ട് ഒരാളെ തിരഞ്ഞെടുപ്പിക്കരുത്.”
പക്ഷേ സത്യം അതല്ല, അയാൾ ഇതിനകം തന്നെ ഒരു തിരഞ്ഞെടുപ്പ് നടത്തിക്കഴിഞ്ഞു. അമ്മ ഭാര്യയെ കുറ്റപ്പെടുത്തുമ്പോൾ അയാൾ മൗനം പാലിക്കുമ്പോഴെല്ലാം, ഭർത്താവ് അമ്മയുടെ പക്ഷത്ത് നിൽക്കുകയാണ്. ഈ അവസ്ഥയിൽ “സ്ത്രീകളുടെ വഴക്ക്” എന്ന് പറഞ്ഞ് മാറിനിൽക്കുമ്പോൾ, അത് ആ ബന്ധത്തിലെ വിള്ളൽ കൂടുതൽ ആഴത്തിലാക്കുകയാണ് ചെയ്യുന്നത്.
പരിഹാരം എവിടെയാണ്?
സ്‌നേഹം ഒരു വടംവലിയാകരുത്. പക്ഷേ ഇന്ത്യൻ വീടുകളിൽ ഇത് അങ്ങനെയാണ്. അമ്മ തന്റെ വൈകാരിക പ്രാധാന്യം നിലനിർത്താൻ ആഗ്രഹിക്കുന്നു. ഭാര്യയാകട്ടെ ഒരു ഭീഷണിയായിട്ടല്ല, മറിച്ച് ഒരു പങ്കാളിയായി തന്നെ കാണണമെന്ന് ആവശ്യപ്പെടുന്നു. ഭർത്താവ് ഈ രണ്ട് പേർക്കിടയിൽ നിന്ന് സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കുന്നു. അവിടെയാണ് ഈ ബന്ധങ്ങൾക്കൊരു താളപ്പിഴ സംഭവിക്കുന്നത്.
ഒരു പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒരു രക്ഷിതാവിനെ ഉപേക്ഷിക്കുന്നതിന് തുല്യമല്ലെന്ന് നമ്മൾ ആൺകുട്ടികളെ പഠിപ്പിക്കണം. മകനെ വൈകാരികമായി വിട്ടുകൊടുക്കുന്നത് അവനെ ഉപേക്ഷിക്കുന്നതിന് തുല്യമല്ലെന്നും ഇത് സ്വാഭാവികമായ ഒരു വളർച്ചയാണെന്നും അമ്മമാരെയും ബോധ്യപ്പെടുത്തണം. കാരണം, ഭർത്താവിന്റെ മനസ്സ് മറ്റൊരിടത്താണെങ്കിൽ ഒരു വിവാഹബന്ധവും ഒരു വീടായി മാറില്ല.
ഇവിടെ നമ്മൾ അമ്മമാരെ കുറ്റപ്പെടുത്തുകയല്ല. മറിച്ച് ചോദ്യം ചെയ്യപ്പെടാത്ത ചില മാതൃകകളെക്കുറിച്ച് സംസാരിക്കുകയാണ്. അവർ ക്രൂരരായതുകൊണ്ടല്ല, മറിച്ച് മകന്റെ ജീവിതത്തിലെ നായകസ്ഥാനം എന്നെന്നേക്കുമായി തന്റേതാണെന്ന് അവരെ ആരും പഠിപ്പിക്കാത്തതുകൊണ്ടാണ് അവർ വില്ലൻമാരാകുന്നത്. അമ്മയോടുള്ള സ്നേഹവും ഭാര്യയോടുള്ള സ്നേഹവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് ആൺകുട്ടികളെ മനസ്സിലാക്കി കൊടുക്കണം. ഒരു പുരുഷന് സ്വന്തം ഭാര്യയെ സ്നേഹിക്കാൻ അമ്മയുടെ അനുവാദം ആവശ്യമുണ്ടെങ്കിൽ, അയാൾക്ക് ശരിക്കും വിവാഹം കഴിക്കാൻ സാധിക്കില്ല, അയാൾ മറ്റൊരു വീട്ടിലേക്ക് താമസം മാറിയെന്ന് മാത്രം ചിന്തിച്ചാൽ മതി