“പെൺകുട്ടികളെ നെഞ്ചോട് ചേർത്തുപിടിക്കും, ആർത്തവത്തെക്കുറിച്ച് ചോദിച്ചു”: മുൻ സെലക്ടർക്കെതിരെ ലൈംഗികാധിക്ഷേപ ആരോപണവുമായി ജഹനാര ആലം; ബിസിബി അന്വേഷണം പ്രഖ്യാപിച്ചു

1

ധാക്ക: ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീമിൽ വൻ വിവാദത്തിന് തിരികൊളുത്തി സീനിയർ ഫാസ്റ്റ് ബൗളറും രാജ്യത്തെ പ്രമുഖ താരവുമായ ജഹനാര ആലം. 2022-ലെ ഏകദിന ലോകകപ്പ് സമയത്ത് ടീം മാനേജ്‌മെന്റിന്റെ ഭാഗമായിരുന്ന ഒരു മുൻ സെലക്ടറിൽ നിന്ന് തനിക്ക് നിരന്തരമായ ലൈംഗികാധിക്ഷേപവും അശ്ലീല ചുവയുള്ള പെരുമാറ്റവും നേരിടേണ്ടി വന്നുവെന്നാണ് താരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

“പെൺകുട്ടികളെ ബലമായി നെഞ്ചിലേക്ക് വലിച്ചടുപ്പിച്ച് ചെവിക്ക് സമീപം സംസാരിക്കുന്ന” അയാളുടെ ശീലം കാരണം മറ്റ് താരങ്ങൾ ഭയന്നിരുന്നുവെന്നും, തന്നോട് ആർത്തവത്തെക്കുറിച്ച് അനാവശ്യ ചോദ്യങ്ങൾ ചോദിച്ചുവെന്നും ജഹനാര ആരോപിക്കുന്നു. നിലവിൽ ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ജഹനാര, മാധ്യമപ്രവർത്തകൻ റിയാസദ് അസീമിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബംഗ്ലാദേശ് ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഈ തുറന്നുപറച്ചിൽ നടത്തിയത്.

ADVERTISEMENTS
   

സംഭവം വൻ വിവാദമായതോടെ, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) അടിയന്തരമായി ഇടപെട്ടു. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു പ്രത്യേക സമിതിയെ രൂപീകരിക്കുമെന്ന് ബിസിബി വ്യാഴാഴ്ച പ്രഖ്യാപിച്ചു. 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ സമിതി തങ്ങളുടെ കണ്ടെത്തലുകളും ശുപാർശകളും സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

തന്റെ കരിയറിനെപ്പോലും ബാധിക്കുന്ന തരത്തിലുള്ള പീഡനമാണ് മുൻ സെലക്ടറും മാനേജറുമായിരുന്ന മൻജുറുൽ ഇസ്‌ലാം (മഞ്ജു ഭായ്) എന്നയാളിൽ നിന്ന് നേരിട്ടതെന്ന് ജഹനാര പറയുന്നു. “ഒന്നല്ല, പലതവണ എനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ടീമിന്റെ ഭാഗമാകുമ്പോൾ, ഞങ്ങളുടെ അന്നം മുടങ്ങുമെന്ന് ഭയന്ന് പലതും തുറന്നുപറയാൻ കഴിയില്ല,” ജഹനാര പറഞ്ഞു.

മറ്റ് താരങ്ങളും ഇയാളുടെ പെരുമാറ്റത്തിൽ അസ്വസ്ഥരായിരുന്നു. “പ്രീ-ക്യാമ്പിനിടെ ഞാൻ ബൗൾ ചെയ്യുമ്പോൾ, അയാൾ അടുത്ത് വന്ന് എന്റെ തോളിൽ കൈ വെച്ചു. പെൺകുട്ടികളെ ബലമായി നെഞ്ചിലേക്ക് വലിച്ചടുപ്പിക്കുകയും ചെവിയോട് ചേർന്ന് നിന്ന് സംസാരിക്കുകയും ചെയ്യുന്നത് അയാളുടെ ഒരു ശീലമായിരുന്നു. ഞങ്ങൾ അയാളെ ഒഴിവാക്കാൻ ശ്രമിക്കുമായിരുന്നു. മത്സരങ്ങൾക്ക് ശേഷമുള്ള ഹസ്തദാന സമയത്ത് പോലും, അയാൾ ഞങ്ങളെ പിടിച്ചുവലിക്കാതിരിക്കാൻ ദൂരെ നിന്നാണ് കൈ നീട്ടിയിരുന്നത്. ‘അയാൾ വരുന്നു, ഇനി നമ്മളെ കെട്ടിപ്പിടിക്കും’ എന്ന് ഞങ്ങൾ ഭയത്തോടെ തമാശ പറയുമായിരുന്നു,” ജഹനാര വിവരിച്ചു.

ഏറ്റവും ഭീകരമായ അനുഭവം ഇതായിരുന്നു: “ഒരിക്കൽ അയാൾ എന്റെ അടുത്ത് വന്ന്, കയ്യിൽ പിടിച്ച്, തോളിൽ കയ്യിട്ട്, ചെവിയോട് ചേർന്ന് ചോദിച്ചു, ‘നിന്റെ ആർത്തവം തുടങ്ങിയിട്ട് എത്ര ദിവസമായി?'”

ഐസിസി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കളിക്കാരുടെ ശാരീരികക്ഷമത നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഫിസിയോകൾ ഈ വിവരങ്ങൾ രേഖപ്പെടുത്താറുണ്ട്. എന്നാൽ ഒരു മാനേജർക്കോ സെലക്ടർക്കോ എന്തിനാണ് ഈ വിവരമെന്ന് ജഹനാര ചോദിക്കുന്നു. “ഞാൻ ‘അഞ്ച് ദിവസം’ എന്ന് മറുപടി നൽകി. അപ്പോൾ അയാളുടെ മറുപടി ഇങ്ങനെയായിരുന്നു: ‘അഞ്ച് ദിവസമായോ? അത് ഇന്നലെ തീരേണ്ടതല്ലേ. എന്തായാലും ആർത്തവം കഴിയുമ്പോൾ എന്നോട് പറയണം. എനിക്ക് എന്റെ ഭാഗവും നോക്കാനുണ്ട്.’ ഞാൻ അയാളെ നോക്കി ‘ക്ഷമിക്കണം ഭയ്യാ, എനിക്ക് മനസ്സിലായില്ല’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി,” ജഹനാര പറഞ്ഞു.

മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും ആരോപണം

മൻജുറുൽ ഇസ്‌ലാമിന് പുറമെ, മറ്റ് ബിസിബി ഉദ്യോഗസ്ഥരും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് 135 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ജഹനാര ആരോപിക്കുന്നു. 2021-ൽ തൗഹീദ് ഭായ് എന്ന ഉദ്യോഗസ്ഥൻ, കോർഡിനേറ്റർ സർഫറാസ് ബാബു വഴി തന്നെ സമീപിച്ചു. “ബാബു ഭായ് എന്നോട് പറഞ്ഞത് ‘തൗഹീദ് സാറിനെ ഒന്ന് ശ്രദ്ധിക്കണം’ എന്നായിരുന്നു. ഞാൻ അത് മനസ്സിലാകാത്ത ഭാവം നടിച്ചു. ആ നിർദ്ദേശം തന്ത്രപൂർവ്വം നിരസിച്ചതിന്റെ അടുത്ത ദിവസം മുതൽ മഞ്ജു ഭായ് എന്നെ അപമാനിക്കാനും മാനസികമായി തളർത്താനും തുടങ്ങി.”

ഈ സംഭവങ്ങളെല്ലാം താൻ മുൻ ബിസിബി ഡയറക്ടർ ഷഫിയുൽ ഇസ്ലാം നദേലിനെയും സിഇഒ നിസാമുദ്ദീൻ ചൗധരിയെയും അറിയിച്ചിരുന്നു. സിഇഒയ്ക്ക് ഒരു ‘നിരീക്ഷണ കത്ത്’ (Observation Letter) നൽകിയിരുന്നെങ്കിലും, താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം സ്ഥിരമായ ഒരു നടപടിയും ഉണ്ടായില്ലെന്നും താരം ആരോപിക്കുന്നു.

ആരോപണങ്ങൾ നിഷേധിച്ച് മൻജുറുൽ

അതേസമയം, ജഹനാരയുടെ ആരോപണങ്ങളെല്ലാം മൻജുറുൽ ഇസ്‌ലാം തള്ളി. “അടിസ്ഥാനരഹിതം എന്നല്ലാതെ ഞാനെന്ത് പറയാനാണ്. എന്റെ പെരുമാറ്റം നല്ലതായിരുന്നോ മോശമായിരുന്നോ എന്ന് നിങ്ങൾക്ക് മറ്റ് കളിക്കാരോട് ചോദിക്കാവുന്നതാണ്,” മൻജുറുൽ ക്രിക്ബസിനോട് പറഞ്ഞു. കോർഡിനേറ്റർ ബാബുവും ആരോപണങ്ങൾ നിഷേധിച്ചു.

ബിസിബി തങ്ങളുടെ പ്രസ്താവനയിൽ, “വിഷയത്തിന്റെ ഗൗരവം” കണക്കിലെടുക്കുന്നുവെന്നും, “കളിക്കാർക്കും ഉദ്യോഗസ്ഥർക്കും സുരക്ഷിതവും മാന്യവുമായ പ്രൊഫഷണൽ അന്തരീക്ഷം” ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അറിയിച്ചു.

നേരത്തെ, ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താന സഹതാരങ്ങളെ ശാരീരികമായി ഉപദ്രവിച്ചെന്ന് ജഹനാര ആരോപിച്ചത് വൻ വിവാദമായിരുന്നു. എന്നാൽ അന്ന് ബിസിബി ആ ആരോപണങ്ങൾ ‘അടിസ്ഥാനരഹിതം’ എന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. ബംഗ്ലാദേശ് വനിതാ ക്രിക്കറ്റിലെ ഏറ്റവും പ്രമുഖ താരങ്ങളിലൊരാളായ ജഹനാരയുടെ പുതിയ വെളിപ്പെടുത്തലുകളിൽ 15 ദിവസത്തിനകം എന്ത് നടപടിയുണ്ടാകുമെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.

ADVERTISEMENTS