സദാചാര ബോധത്തിന്റെ കാര്യത്തിൽ മലയാളികൾ എന്നും മുൻപന്തിയിൽ തന്നെയാണ്. അതുകൊണ്ടാണല്ലോ സിനിമയിൽ വരുന്ന ലിപ്ലോക്ക് രംഗങ്ങളെയും മറൈൻഡ്രൈവിൽ ഒരുമിച്ചിരിക്കുന്ന കമിതാക്കളെയും ഒക്കെ കാണുമ്പോൾ ഇവർക്ക് വിറഞ്ഞു കയറുന്നത്. ഒരാണിനെയും പെണ്ണിനെയും ഒരുമിച്ചു കണ്ടാല്‍ തന്നെ സദാചാരബോധം സടകുടഞ്ഞ് എഴുന്നേൽക്കുന്ന മലയാളികൾക്ക് ചാപ്പ കുരിശിലെ ഭഗതും രമ്യ നമ്പീശനും തമ്മിലുള്ള ലിപ് ലോക്ക് രംഗത്തെ ഇത്രയേറെ എതിർക്കാനും കാരണം.
അന്നത്തെ ആ ലിപ് ലോക്ക് രംഗം വളരെയധികം വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മലയാളത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു ലിപ് ലോക്ക് രംഗം എന്നും അത് സദാചാരത്തിനു് നിരക്കാത്തതാണെന്നും ഒരു കൂട്ടർ ശക്തിയുക്തം വാദിച്ചിരുന്നു. എന്നാൽ നിങ്ങൾക്ക് ഒരു കാര്യം അറിയുമോ ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ ലിപ് ലോക് രംഗം ഒരു മലയാള ചിത്രത്തിൽ ആണ് എന്ന്.
82 വർഷങ്ങൾക്ക് മുമ്പ്, 1933-ൽ എ വി പി മേനോനും പത്മിനിയും അഭിനയിച്ച ‘മാർത്താണ്ഡ വർമ്മ’ എന്ന മലയാളം സിനിമയിലാണ് ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ചുംബനരംഗം.
പി വി റാവു സംവിധാനം ചെയ്ത ബ്ലാക്ക് ആൻഡ് വൈറ്റ് നിശബ്ദ ചിത്രമാണ് മാർത്താണ്ഡ വർമ്മ. സി വി രാമൻ പിള്ളയുടെ 1891 ലെ മലയാള നോവലിനെ അടിസ്ഥാനമാക്കിയാണ് റാവു മാർത്താണ്ഡ വർമ്മ തയ്യാറാക്കിയത് . ഒരു മലയാള സാഹിത്യത്തെ ആസ്പദമാക്കിയുള്ള ആദ്യ ചിത്രവും വിഗതകുമാരന് ശേഷം മലയാളം ചലച്ചിത്രമേഖലയിലെ രണ്ടാമത്തെ ചിത്രവുമായിരുന്നു ഇത്.
മനോരമ യുട്യൂബിൽ അപ്‌ലോഡ് ചെയ്‌ത ചിത്രം, തിരുവിതാംകൂറിന്റെ സിംഹാസനത്തിൽ കയറുന്നതിനായി കിരീടാവകാശിയായ മാർത്താണ്ഡവർമ്മ എങ്ങനെ തൻറെ ഓരോ എതിരാളികളെയും ഒന്നൊന്നായി ഇല്ലാതാക്കി എഎന്നും അദ്ദേഹത്തിന്റെ സാഹസികതകളും ചിത്രം വിവരിക്കുന്നു. ഈ ചിത്രത്തിന്റെ ഒരു കോപ്പി പൂനെയിലെ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ (എൻഎഫ്എഐ) സംരക്ഷിച്ചിട്ടുള്ള ദക്ഷിണേന്ത്യയിലെ ഏക നിശബ്ദ സിനിമ. സിനിമയിലെ 74-ാം മിനിറ്റിലാണ് ചുംബന രംഗം വരുന്നത്.