
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെയുള്ള ഗൂഢാലോചന വാദങ്ങൾ പൊളിയുന്ന നിർണ്ണായക കണ്ടെത്തലുകളുമായി വിചാരണക്കോടതി വിധി. കേസിലെ തൊണ്ടിമുതലായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്നും തെളിവുകൾ നശിപ്പിക്കപ്പെട്ടുവെന്നുമുള്ള പ്രോസിക്യൂഷൻ വാദങ്ങളെ കോടതി തള്ളിക്കളഞ്ഞു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെങ്കിലും, അതിലടങ്ങിയിരിക്കുന്ന ദൃശ്യങ്ങളുടെ ഹാഷ് വാല്യൂവിന് മാറ്റം സംഭവിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവ് സുരക്ഷിതമാണെന്ന് ഉറപ്പായിരിക്കുകയാണ്.
ശ്രീജിത്ത് പണിക്കർ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് വിധിന്യയത്തിലെ ഈ സുപ്രധാന വിവരങ്ങൾ വിശകലനം ചെയ്യുന്നത്. 2017 ഫെബ്രുവരി 18-ന് ശേഷം മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ആരും ആക്സസ് ചെയ്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ദിലീപ് ദൃശ്യങ്ങളിൽ കൃത്രിമം കാണിച്ചുവെന്ന ആരോപണങ്ങൾക്ക് ഇതോടെ അടിസ്ഥാനമില്ലാതായിരിക്കുകയാണ്. ദിലീപിന് കോടതിയുമായി അവിശുദ്ധ ബന്ധമുണ്ടെന്നു വരുത്തി തീര്‍ക്കാന്‍ കോടതി വിവരങ്ങള്‍ ദിലീപിന്റെ മൊബൈലില്‍ കണ്ടു എന്നാ തരത്തില്‍ ചില മാദ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു ആ പ്രചരണം പൂര്‍ണമായും കോടതി പൊളിചിരിക്കുകയാണ്.
ബൈജു പൗലോസിന് കോടതിയുടെ രൂക്ഷവിമർശനം
കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിനെതിരെ കോടതി വിധിയിൽ ഗുരുതരമായ പരാമർശങ്ങളാണുള്ളത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ വിവരം താൻ രണ്ട് വർഷത്തിന് ശേഷം മാത്രമാണ് അറിഞ്ഞതെന്നായിരുന്നു ബൈജു പൗലോസ് കോടതിയിൽ മൊഴി നൽകിയത്. എന്നാൽ, 2020 ജനുവരിയിൽ തന്നെ ഈ വിവരം ഫോറൻസിക് ലാബ് ജോയിന്റ് ഡയറക്ടർ തന്നെ അറിയിച്ചിരുന്നുവെന്ന് ബൈജു പൗലോസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഒരേ കാര്യത്തിൽ പരസ്പര വിരുദ്ധമായ മൊഴി നൽകി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന്റെ നടപടിയെ വിധിയിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്.
ഫോറൻസിക് ഉദ്യോഗസ്ഥന്റെ കള്ളം കയ്യോടെ പിടിച്ചു
വിചാരണ വേളയിൽ ഫോറൻസിക് ലാബ് ഉദ്യോഗസ്ഥനായ സുനിലിന്റെ (PW 192) മൊഴിയും കോടതിയിൽ പൊളിഞ്ഞു. കേസുമായി ബന്ധപ്പെട്ട് താൻ മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയിട്ടില്ലെന്നായിരുന്നു ഇദ്ദേഹം കോടതിയിൽ പറഞ്ഞത്. എന്നാൽ, പ്രതിഭാഗം ഇദ്ദേഹം റിപ്പോർട്ടർ ചാനലിലെ നികേഷ് കുമാറിന് നൽകിയ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചതോടെ ഉദ്യോഗസ്ഥന് മറുപടിയില്ലാതായി.
രഹസ്യരേഖ വിവാദവും പൊളിയുന്നു
ദിലീപിന്റെ ഫോണിൽ കോടതിയിലെ അതീവ രഹസ്യരേഖകൾ കണ്ടെത്തി എന്ന ആരോപണവും അടിസ്ഥാനരഹിതമാണെന്ന് വിധിയിൽ പറയുന്നു. ദിലീപിന്റെ ആവശ്യപ്രകാരം മെമ്മറി കാർഡ് പരിശോധനയ്ക്കായി ചണ്ഡീഗഡ് ലാബിലേക്ക് അയച്ചതിന്റെ ചെലവ് സംബന്ധിച്ച രസീതുകളും മറ്റ് പൊതുരേഖകളുമാണ് ഫോണിൽ ഉണ്ടായിരുന്നത്. ‘കാറ്റഗറി എ’ (Category A) വിഭാഗത്തിൽപ്പെടുന്ന ഇത്തരം പബ്ലിക് ഡോക്യുമെന്റുകൾ കേസുമായി ബന്ധപ്പെട്ട ആർക്കും ലഭിക്കാവുന്നതാണെന്നും ഇതിൽ ദുരൂഹതയില്ലെന്നും കോടതി വ്യക്തമാക്കി.
ദിലീപിനെതിരെ ഉദ്യോഗസ്ഥർ നടത്തിയ ഗൂഢാലോചനയാണ് ഈ വിധിയിലൂടെ പുറത്തുവരുന്നതെന്ന് ശ്രീജിത്ത് പണിക്കർ അഭിപ്രായപ്പെട്ടു. നീതിപൂർവ്വമായ അന്വേഷണത്തിന് പകരം തെറ്റായ വിവരങ്ങൾ നൽകി കോടതിയെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചതെന്ന് ഈ വിധിന്യായം തെളിയിക്കുന്നു.








