
ഫരീദാബാദ്: സാങ്കേതികവിദ്യയുടെ ദുരുപയോഗം ഒരു ജീവൻ കൂടി കവർന്നു. സ്വന്തം മൂന്ന് സഹോദരിമാരുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച് പണം തട്ടാൻ ശ്രമിച്ച സംഘത്തിന്റെ ഭീഷണിയിൽ മനംനൊന്ത് 19-കാരനായ കോളേജ് വിദ്യാർത്ഥി ജീവനൊടുക്കി. ഹരിയാനയിലെ ഫരീദാബാദിലുള്ള ഡിഎവി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിയായ രാഹുൽ ഭാരതിയാണ് ശനിയാഴ്ച വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ രാഹുലിന്റെ കുടുംബത്തിന്റെ പരാതിയിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു.
രാഹുലിന്റെ അച്ഛൻ മനോജ് ഭാരതി പോലീസിന് നൽകിയ മൊഴി പ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയായി രാഹുൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഭക്ഷണം കഴിക്കാതെ മുറിയിൽ ഒതുങ്ങിക്കൂടുകയായിരുന്നു പതിവ്. രാഹുലിന്റെ ഫോൺ ഹാക്ക് ചെയ്താണ് ഇയാളുടെയും സഹോദരിമാരുടെയും ചിത്രങ്ങൾ കൈക്കലാക്കിയത്. പിന്നീട്, ‘സാഹിൽ’ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ, എഐ ഉപയോഗിച്ച് നിർമ്മിച്ച അശ്ലീല ദൃശ്യങ്ങൾ രാഹുലിന്റെ വാട്ട്സ്ആപ്പിലേക്ക് അയച്ചു.
20,000 രൂപ ഉടൻ നൽകിയില്ലെങ്കിൽ ഈ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. രാഹുലും ‘സാഹിലും’ തമ്മിൽ നിരവധി ഓഡിയോ, വീഡിയോ കോളുകൾ നടന്നതായും വാട്ട്സ്ആപ്പ് ചാറ്റ് സ്ക്രീൻഷോട്ടുകൾ വ്യക്തമാക്കുന്നു. ‘ആജാ മേരെ പാസ്’ (നീ എന്റെ അടുത്തേക്ക് വാ) എന്ന് പറഞ്ഞ് ഇയാൾ രാഹുലിന് ഒരു ലൊക്കേഷൻ അയച്ചുകൊടുത്തതായും തെളിവുകൾ ഉണ്ട്.

പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുക മാത്രമല്ല, ആത്മഹത്യ ചെയ്യാൻ ‘സാഹിൽ’ രാഹുലിനെ പ്രേരിപ്പിച്ചതായും പിതാവ് ആരോപിക്കുന്നു. മരിക്കാൻ ഉപയോഗിക്കേണ്ട ചില മരുന്നുകളെക്കുറിച്ച് ഇയാൾ രാഹുലിനോട് വിവരിച്ചതായും പരാതിയിലുണ്ട്. ഈ മാനസിക പീഡനം താങ്ങാനാവാതെ ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ രാഹുൽ ചില ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. “എന്റെ പെൺമക്കളുടെ അശ്ലീല വീഡിയോ അയച്ച് അവർ രാഹുലിനെ നിരന്തരം ഭീഷണിപ്പെടുത്തി. ആ മാനസിക പീഡനമാണ് എന്റെ മകൻ വിഷം കഴിക്കാൻ കാരണം,” പിതാവ് മനോജ് ഭാരതി മാധ്യമങ്ങളോട് പറഞ്ഞു.
കേസിൽ ‘സാഹിൽ’ എന്നയാൾക്ക് പുറമെ തങ്ങളുടെ അടുത്ത ബന്ധുവായ നീരജ് ഭാരതിക്കും പങ്കുണ്ടെന്ന് രാഹുലിന്റെ കുടുംബം സംശയിക്കുന്നു. ആറ് മാസം മുൻപ് താനുമായി വഴക്കുണ്ടാക്കിയ ഇയാൾ, ഒരു പെൺകുട്ടിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് അമ്മ മീനാ ദേവിയുടെ ആരോപണം. രാഹുൽ ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപ് നീരജ് ഭാരതിയുമായി സംസാരിച്ചിരുന്നതായും കുടുംബം പോലീസിനെ അറിയിച്ചിട്ടുണ്ട്.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ‘സാഹിൽ’, ‘നീരജ് ഭാരതി’ എന്നിവർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. രാഹുൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സുനിൽ കുമാർ പറഞ്ഞു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“സൈബർ കുറ്റകൃത്യങ്ങളുടെയും എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിന്റെയും ഏറ്റവും ഗൗരവമേറിയ ഉദാഹരണമാണിത്,” എന്നാണ് ഓൾഡ് പോലീസ് സ്റ്റേഷൻ ഇൻചാർജ് വിഷ്ണു കുമാർ സംഭവത്തോട് പ്രതികരിച്ചത്. എഐ ഡീപ്‌ഫേക്കുകൾ ഉപയോഗിച്ചുള്ള ബ്ലാക്ക്‌മെയിലിംഗ് കേസുകൾ രാജ്യത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ സംഭവം വലിയ ആശങ്കയാണ് ഉയർത്തുന്നത്.








