
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ, അദ്ദേഹത്തെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കങ്ങളിൽ പ്രതിഷേധിച്ച് മുതിർന്ന ഡബ്ബിംഗ് ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മി ഫെഫ്കയിൽ (FEFKA) നിന്ന് രാജി വെച്ചു. വേട്ടക്കാരനൊപ്പം നിൽക്കുന്ന സംഘടനകളിൽ തുടരാൻ താനില്ലെന്ന് പ്രഖ്യാപിച്ച ഭാഗ്യലക്ഷ്മി, അതിജീവിതയോട് ഈ സംഘടനകൾ കാണിക്കുന്ന അവഗണനയ്ക്കെതിരെയും രൂക്ഷമായി പ്രതികരിച്ചു. വിധി വന്ന് മണിക്കൂറുകൾക്കകം ദിലീപിനെ തിരിച്ചെടുക്കാൻ സംഘടനകൾ കാണിച്ച തിടുക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും അവർ പറഞ്ഞു.
“ഇന്നലെ വരെ ‘അവളോടൊപ്പം’ എന്ന് പറഞ്ഞു നടന്നവർ തന്നെയാണ് ദിലീപിനെ വെച്ച് സിനിമ പിടിക്കാനും അവർക്കൊപ്പം നിൽക്കാനും മത്സരിക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്.ഫെഫ്ക കണാരൻ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണനെതിരെ കടുത്ത വിമർശനങ്ങൾ ആണ് അവർ നടത്തിയത്. ദിലീപിനൊപ്പം അദ്ദേഹം കോടതി സമക്ഷം ബാലൻ വക്കീൽ സിനിമ എടുക്കാൻ തുടങ്ങിയ സമയത്തു താൻ അത് വിലക്കിയതാണ് എന്നും അത് ആ പെൺകുട്ടിയോട് കാണിക്കുന്ന അനീതി ആണെന്നും പറഞ്ഞിരുന്നു അതിനായി ഒരു ജനറൽ ബോഡി വിളിച്ചു അദ്ദേഹം എല്ലാവരെയും തന്റെ വാക്ചാതുര്യം കൊണ്ട് വലയിലാക്കി എന്നും തനിക്കൊന്നും അതിന്റെ പകുതി പോലും വാക് ചാതുര്യം എല്ലാ എന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. അന്ന് ആ സംഭവത്തോടെ താൻ അതിൽ നിന്ന് രാജി വച്ചിരുന്നു എങ്കിലും പിന്നീട് തന്റെ രാജി സ്വീകരിച്ചില്ല എന്നറിഞ്ഞത് എന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.

സെഷൻസ് കോടതി വിധി അന്തിമമല്ലെന്ന് സാമാന്യബോധമുള്ള എല്ലാവർക്കും അറിയാം. മേൽക്കോടതികളിൽ അപ്പീൽ പോകാനുള്ള സാധ്യത നിലനിൽക്കെ, ദിലീപിനെ തിരിച്ചെടുക്കാൻ ഇത്രയധികം ഉത്സാഹം കാണിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല,” ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.
ഫെഫ്ക നേതൃത്വത്തിനെതിരെയും അമ്മ (AMMA) സംഘടനയ്ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ഭാഗ്യലക്ഷ്മി ഉന്നയിച്ചത്. “അതിജീവിത അനുഭവിച്ച വേദനയോ മാനസിക സംഘർഷമോ മനസ്സിലാക്കാൻ ഈ സംഘടനകൾക്ക് സാധിച്ചിട്ടില്ല. അവർക്ക് ദിലീപിനെ തിരിച്ചെടുക്കാനുള്ള സാങ്കേതിക തടസ്സങ്ങൾ മാത്രമേ വലിയ വിഷയമായിട്ടുള്ളൂ. ഒൻപത് ദിവസം കോടതിക്കുള്ളിൽ അവൾ അനുഭവിച്ച പീഡനം തെരുവിൽ അനുഭവിച്ചതിനേക്കാൾ വലുതായിരുന്നു. എന്നിട്ടും ആരും അവളെ ഒന്ന് വിളിക്കാനോ ആശ്വസിപ്പിക്കാനോ തയ്യാറായില്ല. അതേസമയം, ദിലീപിന് സ്വാഗതം ഓതാൻ കത്ത് തയ്യാറാക്കി ഇരിക്കുകയാണ് പലരും,” അവർ കുറ്റപ്പെടുത്തി.
കേസിലെ വിധിയിൽ അത്ഭുതമില്ലെന്നും അരിയാഹാരം കഴിക്കുന്ന ആർക്കും കാര്യങ്ങൾ വ്യക്തമാണെന്നും ഭാഗ്യലക്ഷ്മി പരിഹസിച്ചു. സാക്ഷികൾ കൂറുമാറിയതും തെളിവുകൾ അവഗണിക്കപ്പെട്ടതും സ്വാധീനങ്ങളുടെ ഫലമാണെന്ന് അവർ സൂചിപ്പിച്ചു. “ഇതൊരു അവസാനം ആണെന്ന് ഞാൻ കരുതുന്നില്ല. നീതി ലഭിക്കുന്നത് വരെ അവളോടൊപ്പം തന്നെ നിൽക്കും. എന്നാൽ വേട്ടക്കാരനെ സംരക്ഷിക്കുന്ന, അതിജീവിതയെ തഴയുന്ന ഇത്തരം സംഘടനകളുടെ ഭാഗമായി തുടരാൻ എന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ല,” അവർ വ്യക്തമാക്കി.
ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ സാങ്കേതിക തടസ്സങ്ങളില്ലെന്നും, അപേക്ഷ നൽകിയാൽ പരിഗണിക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി ഭാഗ്യലക്ഷ്മി പടിയിറങ്ങുന്നത്. സർക്കാരും അതിജീവിതയും വിധിയിൽ അപ്പീൽ നൽകുമെന്ന് അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ, സിനിമാ സംഘടനകളുടെ ഈ നിലപാട് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും.








