“അച്ഛൻ മരിച്ചിട്ട് ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞില്ല; എനിക്ക് സ്നേഹം കിട്ടിയിട്ടില്ല, സ്നേഹിക്കാനും അറിയില്ല”: ഹൃദയം തുറന്ന് ബിഗ് ബോസ് താരം നെവിൻ

1

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നെവിൻ, തന്റെ പരുക്കൻ സ്വഭാവത്തിന് പിന്നിലെയും വൈകാരികമായ പിൻവാങ്ങലുകൾക്ക് പിന്നിലെയും കാരണം ആദ്യമായി തുറന്നുപറയുന്നു. അച്ഛൻ മരിച്ചിട്ട് രണ്ടു വർഷമായിട്ടും തനിക്കിതുവരെ കരയാൻ കഴിഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തിയ താരം, അതിന് കാരണം തനിക്ക് ഇന്നുവരെ യഥാർത്ഥ സ്നേഹം എന്തെന്ന് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടാണെന്നും കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ നെവിന്റെ ഹൃദയംതൊടുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

തന്റെ പെരുമാറ്റ രീതികളെക്കുറിച്ച് വിശദീകരിക്കവെയാണ് നെവിൻ അപ്രതീക്ഷിതമായി തന്റെ സ്വകാര്യ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഒരനുഭവം പങ്കുവെച്ചത്. “രണ്ട് വർഷമായി എന്റെ ഫാദർ മരിച്ചിട്ട്. ഞാൻ ഒരു തുള്ളി കണ്ണുനീര് പോലും എനിക്ക് വന്നിട്ടില്ല. പ്രഹസനം കാണിക്കാൻ വേണമെങ്കിൽ എനിക്ക് പറ്റും, പക്ഷെ എനിക്കൊന്നും തോന്നിയില്ല (I didn’t feel anything),” നെവിൻ പറയുന്നു.

ADVERTISEMENTS
   

ജീവിതത്തിൽ കടന്നുപോയ കഠിനമായ ചില സാഹചര്യങ്ങളാകാം തന്നെ ഇത്രയധികം പരുക്കനാക്കിയതെന്നാണ് നെവിൻ വിശ്വസിക്കുന്നത്. “ആ ഒരു സ്റ്റേജിൽ കൂടിക്കെ കടന്നു വന്നതുകൊണ്ടായിരിക്കാം ഞാൻ ഇങ്ങനെയായത്. ഞാൻ കുറച്ച് ബോസി ആണെന്ന് വെച്ചാൽ ബോസിയാണ്, എന്നാൽ തമാശയാണെന്ന് വെച്ചാൽ തമാശയാണ്,” താരം തന്റെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശൂന്യത സ്നേഹം ലഭിക്കാത്തതാണെന്ന് നെവിൻ തുറന്നു സമ്മതിക്കുന്നു. ഇതാണ് താരത്തിന്റെ വാക്കുകളിലെ ഏറ്റവും ഞെട്ടിക്കുന്ന ഭാഗം. “സത്യമായിട്ടും എനിക്ക് സ്നേഹം എന്നുള്ള ഒരു സംഭവം എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ എനിക്ക് അതിന്റെ മൂല്യം എന്താണെന്നും, സത്യം പറഞ്ഞാൽ, എനിക്കറിയാൻ പാടില്ല,” നെവിൻ പറയുന്നു.

ഈ സ്നേഹക്കുറവ് തന്റെ സഹോദരിയുമായുള്ള ബന്ധത്തെപ്പോലും ബാധിച്ചിട്ടുണ്ടെന്ന് താരം സമ്മതിക്കുന്നു. അനിയത്തിക്കുട്ടിയുടെ കാര്യങ്ങൾ നോക്കുന്ന, അച്ഛന്റെ സ്നേഹം കൂടി നൽകുന്ന ഒരു ആങ്ങളയാണോ എന്ന ചോദ്യത്തിന്, “ഞാൻ എന്റെ അനിയത്തിയുടെ അടുത്ത് മര്യാദയ്ക്ക് ഒന്നും സംസാരിച്ചിട്ടില്ല, അവളെ ഭയങ്കരമായിട്ട് സപ്പോർട്ട് ചെയ്തിട്ടില്ല,” എന്നായിരുന്നു നെവിന്റെ മറുപടി. എങ്കിലും, അനിയത്തിക്ക് തന്നോട് വലിയ സ്നേഹമുണ്ടെന്നും, തനിക്കായി ഒരു ഷൂസ് ഒക്കെ വാങ്ങി വെച്ചിട്ടുണ്ടെന്നും നെവിൻ കൂട്ടിച്ചേർത്തു.

തന്റെയും സഹോദരിയുടെയും ബന്ധം പുറമെനിന്ന് കാണുന്നതുപോലെയല്ലെന്നും നെവിൻ വിശദീകരിച്ചു. “ആ ഒരു കെയർ കിട്ടിയില്ല എന്നേയുള്ളൂ. സത്യം പറഞ്ഞാൽ, കെട്ടിപ്പിടിക്കുക, ഉമ്മ വെക്കുക എന്നുള്ളതിലല്ല ഞങ്ങളുടെ സ്നേഹം. ഞങ്ങൾ തമ്മിൽ ഭയങ്കര സ്നേഹമാണ്. എന്നാൽ മുഖത്തോട് മുഖം നോക്കിയിട്ടുണ്ടെങ്കിൽ ‘അടിച്ച് നിന്റെ കരണം പൊട്ടിക്കും’ എന്നൊരു ഭാവമാണ്. അങ്ങനത്തെ ഒരു സാധനമാണ്,” നെവിൻ പറഞ്ഞു. തനിക്ക് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലെന്നും, അത് സഹോദരിക്കും അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു.

ബിഗ് ബോസ് ഹൗസിനുള്ളിൽ പലപ്പോഴും ബോസിയും ദേഷ്യക്കാരനുമായി കാണപ്പെട്ട നെവിന്റെ ഈ തുറന്നുപറച്ചിൽ ആരാധകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു റിയാലിറ്റി ഷോ താരത്തിന്റെ തിളക്കമുള്ള ജീവിതത്തിന് പിന്നിൽ, സ്നേഹം കിട്ടാതെ പോയ ഒരു സാധാരണ മനുഷ്യന്റെ ആത്മസംഘർഷങ്ങൾ കൂടിയുണ്ടെന്ന തിരിച്ചറിവാണ് നെവിന്റെ വാക്കുകൾ പ്രേക്ഷകർക്ക് നൽകുന്നത്.

ADVERTISEMENTS