
1996 ലാണ് ദേവരാഗം എന്ന ചിത്രം ഭരതൻ പുറത്തിറക്കിയത്. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീദേവി നായിക കഥാപാത്രമായി എത്തുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ശ്രീദേവിയുടെ രൂപസൗന്ദര്യത്തോടെ കിടപിടിക്കുന്ന നായിക കഥാപാത്രമായി അരവിന്ദ് സ്വാമിയെയാണ് ഭരതൻ നിശ്ചയിച്ചിരുന്നത്. ചിത്രത്തിൽ അഞ്ചു പാട്ടുകൾ വേണമെന്ന് ഭരതൻ പറഞ്ഞിരുന്നു. ഈ പാട്ടുകൾക്കായി എം എം കീരവാണിയെയും എം.ഡി രാജേന്ദ്രനെയും ആണ് നിയോഗിച്ചിരുന്നത്.
അത് പ്രകാരം അവർ അഞ്ച് ഗാനങ്ങൾ മദ്രാസിൽ വച്ച് തന്നെ ചിട്ടപ്പെടുത്തുകയും അത് തീരുമാനമാക്കുകയും ചെയ്തു. അത് പ്രകാരം ചിത്രത്തിന് ഷൂട്ടിംഗ് പാലക്കാട് വെച്ച് ആരംഭിക്കുകയും ചെയ്തു. ഒരു ദിവസം, രാജേന്ദ്രൻ ജോലി ചെയ്യുന്ന തൃശ്ശൂർ ആകാശവാണി നിലയത്തിലേക്ക് ഭരതന്റെ ഒരു കോൾ വന്നു. ചിത്രത്തിലേക്ക് ഒരു പാട്ടും കൂടി അത്യാവശ്യമായി വേണം എത്രയും പെട്ടെന്ന് പാലക്കാട് എത്തണമെന്ന ഭരതൻ ആവശ്യപ്രകാരം പാലക്കാട് എത്തിയ രാജേന്ദ്രൻ ഭരതൻ പറഞ്ഞത് കേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു.

അദ്ദേഹത്തിന്റെ ആവശ്യമിതായിരുന്നു. നഗ്നയായ ഒരു പെണ്ണിനെ വർണ്ണിച്ചുകൊണ്ട് എനിക്കൊരു പാട്ട് എഴുതി തരണം. താൻ അങ്ങനെ ഒരു പാട്ട് എഴുതിയാൽ അത് സെൻസർ ബോർഡ് കട്ട് ചെയ്യില്ലേ എന്ന രാജേന്ദ്രന്റെ സംശയത്തിന് “നീ അങ്ങ് എഴുതിക്കോളൂ, ഞാൻ എടുത്തോളാം “എന്ന് തൃശൂർ സ്റ്റൈലിലാണ് ഭരതൻ മറുപടി പറഞ്ഞത്.
അപ്പോൾ ഞാൻ ശ്രീദേവിയെ മനസ്സിൽ കണ്ട് ആ പാട്ട് എഴുതണമെന്ന് ആണോ പറയുന്നത് എന്ന് രാജേന്ദ്രന്റെ കുസൃതി നിറഞ്ഞ ചോദ്യത്തിന് അങ്ങനെ വേണ്ട നീ നിന്റെ ഭാര്യയെ മനസ്സിൽ കണ്ട് എഴുതിയാൽ മതിയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. രാജേന്ദ്രൻ കുറുനിരകളിൽ തുടങ്ങി നെറ്റിത്തടം കൺവീലി തുടങ്ങിയ താഴോട്ടുള്ള വർണ്ണനയാണ് നടത്തിയത്.
അങ്ങനെ പിറന്ന പാട്ടാണ് കരിവരിവണ്ടുകൾ കുറുനിരകൾ കുളിർനെറ്റി മുകരും ചാരുതകൾ. രാജേന്ദ്രന്റെ പകരംവെക്കാനില്ലാത്ത ആ വരികളോടൊപ്പം ഭരതന്റെ ഫ്രെയിം കൂടി ആയപ്പോൾ ശ്രീദേവിയെ ആണോ അതോ സാക്ഷാൽ ടിവി ആണോ വർണ്ണിച്ചതെന്ന് കാണികൾക്ക് പോലും മനസ്സിലാകാത്ത രീതിയിൽ അതിനെ സമന്വയിപ്പിച്ചിട്ടുണ്ട്.
പാട്ടിന്റെ ചില ഭാഗങ്ങൾ സെൻസർ ബോർഡ് കത്രിക വെച്ചെങ്കിലും ആ പാട്ടിനെ നശിപ്പിക്കാൻ ഭരതൻ തയ്യാറല്ലാത്തതുകൊണ്ട് ആ വരികൾ മറക്കുമാറ് മ്യൂസിക് ആഡ് ചെയ്യുകയാണ് ചെയ്തത്. ചിത്രത്തിലെ മറ്റു പാട്ടുകളെപ്പോലെ അത്ര ജനകീയമായില്ലെങ്കിലും ഈ പാട്ടും ചിത്രത്തിലെ പ്രധാനപ്പെട്ടതാണ്








