
പ്രേക്ഷകമനസ്സിൽ ഇന്നും ചിരിയുടെ മാലപ്പടക്കം തീർക്കുന്ന പ്രിയദർശൻ-ദിലീപ് ചിത്രം ‘വെട്ടം’ ബോക്സ് ഓഫീസിൽ പരാജയപ്പെടാൻ കാരണം നിർമ്മാതാവും തീയറ്റർ ഉടമകളുമായി ഉണ്ടായിരുന്ന തർക്കങ്ങളെന്ന് വെളിപ്പെടുത്തി നടൻ ദിലീപ്. സിനിമയുടെ ഗുണനിലവാരത്തിലോ പ്രേക്ഷക സ്വീകാര്യതയിലോ അല്ല, മറിച്ച് നിർമ്മാതാവും തീയേറ്റർ ഉടമകളും തമ്മിലുള്ള നിയമപരമായ പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ വിജയകരമായ പ്രദർശനത്തിന് തടസ്സമായതെന്ന് ദിലീപ് വ്യക്തമാക്കി. സത്യത്തിൽ ഇത് ചിത്രത്തെ തകർക്കുകയായിരുന്നു എന്ന് ദിലീപ് പറയുന്നു.
പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഈ കാര്യം പറഞ്ഞത്. “വെട്ടം എന്ന സിനിമ എനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ടമുള്ളതാണ്. ഇന്നും ഞാൻ ടിവിയിൽ വരുമ്പോൾ അത് കണ്ടിരിക്കാറുണ്ട്. കൊച്ചിൻ ഹനീഫയും ജഗതി ചേട്ടനും അടക്കമുള്ള എത്രയെത്ര മഹാന്മാരായ കലാകാരന്മാരാണ് ആ സിനിമയിൽ ഉണ്ടായിരുന്നത്. ഞങ്ങളെല്ലാം എത്രമാത്രം ചിരിച്ചാണ് ആ സിനിമ കണ്ടതെന്ന് അറിയാമോ?” – ദിലീപ് പറയുന്നു.
എന്നാൽ, സിനിമ തീയേറ്ററിൽ എത്തിയപ്പോൾ സംഭവിച്ച ദുരിതങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. “ചിത്രം റിലീസ് ചെയ്ത് രണ്ടാമത്തെ ആഴ്ച ആയപ്പോൾ തന്നെ ഒരു കേസിന്റെ വിഷയത്തിൽ പടം പെട്ടെന്ന് തീയേറ്ററുകളിൽ നിന്ന് എടുത്തുപോയി. അതോടെ ആ സിനിമ തീയേറ്ററിൽ ഓടിയതേയില്ല എന്നൊരു അവസ്ഥയായി,” ദിലീപ് ഓർത്തെടുത്തു.
ദിലീപിന്റെ ഈ വെളിപ്പെടുത്തലുകൾക്ക് പുറമെ, ലഭ്യമായ വിവരങ്ങൾ പ്രകാരം ‘വെട്ടം’ എന്ന സിനിമയുടെ നിർമ്മാതാവായ സുരേഷ് കുമാറിനെതിരെ എറണാകുളത്തെ ഷെനോയ്സ് സിനിമാക്സ് ഉൾപ്പെടെയുള്ള തീയേറ്റർ ഉടമകൾ കോടതിയെ സമീപിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിതെളിയിച്ചത്. മുൻ സിനിമകളുടെ പേരിൽ സുരേഷ് കുമാർ 60 ലക്ഷം രൂപയോളം തങ്ങൾക്ക് നൽകാനുണ്ടെന്ന് ആരോപിച്ചായിരുന്നു തീയേറ്റർ ഉടമകളുടെ പരാതി. ഈ സാമ്പത്തിക തർക്കങ്ങൾ കാരണം കോടതി ചിത്രത്തിന്റെ പ്രദർശനം താൽക്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്തു.
റിലീസിന് ഒരു മാസം മുൻപ് തന്നെ കോടതിയുടെ ഭാഗത്ത് നിന്ന് സ്റ്റേ ഉത്തരവ് വന്നുവെങ്കിലും, ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തി. എന്നാൽ, തർക്കങ്ങൾ പരിഹരിക്കപ്പെടാത്തതിനെ തുടർന്ന് ചില തീയേറ്ററുകൾ ചിത്രം ഒരാഴ്ച കൊണ്ട് തന്നെ പിൻവലിച്ചു. ഇത് സിനിമയുടെ കളക്ഷനെ സാരമായി ബാധിച്ചു. ഏകദേശം 2.25 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിന് 35 ദിവസത്തിനുള്ളിൽ 92 ലക്ഷം രൂപ മാത്രമാണ് ഷെയർ ഇനത്തിൽ നേടാനായത്. നിർമ്മാതാവ് സുരേഷ് കുമാർ അദ്ദേഹത്തിന്റെ ഭാര്യ മേനകയുടെയും മകൾ കീർത്തി സുരേഷിന്റെയും പേരിൽ ആയിരുന്നു വെട്ടം നിർമ്മിച്ചത്. പെട്ടന്ന് തീയറ്ററിൽ നിന്ന് പിൻവലിച്ചതോടെ നിർമ്മാതാവിന് 2 കോടിയോളം രൂപ സാമ്പത്തിക നഷ്ടമുണ്ടായി. ദിലീപിനും മറ്റു അണിയറ പ്രവർത്തകർക്കും പ്രതിഫലം പോലും നൽകിയിരുന്നില്ല.
വിമർശനങ്ങളെയും സാമ്പത്തിക പ്രശ്‌നങ്ങളെയും അതിജീവിച്ച് ‘വെട്ടം’ പിന്നീട് ടെലിവിഷൻ പ്രീമിയറുകളിലൂടെയും ഡിവിഡി റിലീസുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടചിത്രമായി മാറുകയായിരുന്നു. ചിരിപ്പിക്കുന്ന രംഗങ്ങളും ഹൃദ്യമായ പാട്ടുകളും കാരണം ചിത്രം ഒരു ‘കൾട്ട് ക്ലാസിക്’ പദവിയിലേക്ക് ഉയർന്നു.
വെട്ടത്തിൽ ആദ്യം നായികയായി കണ്ടിരുന്നത് തമിഴ് നടി ജ്യോതികയെ ആയിരുന്നു എന്നാൽ ഡേറ്റ് സംബന്ധിച്ച വിഷയങ്ങൾ കാരണം ജ്യോതികയ്ക്ക് സിനിയിൽ പങ്കാളിയാകാൻ കഴിഞ്ഞില്ല പിന്നീട് ബോളിവുഡ് താരം ഭാവന പനിയെ നായികയായി തിരഞ്ഞെടുക്കുകയായിരുന്നു. ചിത്രത്തിന്റെ വലിയൊരു ഭാഗം പ്രമുഖ ഹോട്ടൽ ബ്രാൻഡായ ഹൊവാഡ് ജോൺസൺസിന്റെ ഊട്ടിയിലെ മൊണാർച് ഹോട്ടലിൽ വച്ചായിരുന്നു ചിത്രീകരിച്ചത്.
ഇന്നും ടിവിയിൽ വരുമ്പോൾ ആളുകൾ ചിത്രം ആസ്വദിച്ച് കാണുന്നതും സമൂഹമാധ്യമങ്ങളിൽ സിനിമയിലെ രംഗങ്ങൾ ചർച്ചയാവുന്നതും ഈ സിനിമയുടെ നിലയ്ക്കാത്ത സ്വീകാര്യതയുടെ തെളിവാണ്. യഥാർത്ഥത്തിൽ ഒരു ദുരന്തമായി മാറിയത് ‘വെട്ടം’ സിനിമയുടെ തിയേറ്റർ റൺ മാത്രമായിരുന്നു, അല്ലാതെ അതിന്റെ കലാമൂല്യമോ പ്രേക്ഷക സ്വീകാര്യതയോ അല്ലെന്ന് ദിലീപിന്റെ വാക്കുകൾ അടിവരയിടുന്നു.