
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ വിധി വരണമെങ്കിൽ “കാക്ക മലർന്ന് പറക്കണം” എന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ദിലീപ് പൂർണ്ണമായും നിരപരാധിയാണെന്നും, അദ്ദേഹത്തെ കുടുക്കാൻ സിനിമാ മേഖലയ്ക്കുള്ളിൽ നിന്നും പുറത്തുനിന്നും വൻ ഗൂഢാലോചനയാണ് നടന്നതെന്നും ന്യൂസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു. കേസിൽ ദിലീപ് ശിക്ഷിക്കപ്പെടുമെന്ന തരത്തിൽ മാധ്യമങ്ങൾ നടത്തുന്ന ചർച്ചകളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ദിലീപ് ഒരു ‘നൊട്ടോറിയസ് ക്രിമിനൽ’ ഒന്നുമല്ലെന്നും, താൻ തത്വദീക്ഷയോടെ ജീവിക്കുന്ന ആളായതുകൊണ്ട് കുറ്റവാളിയാണെന്ന് ബോധ്യമുണ്ടെങ്കിൽ പിന്തുണയ്ക്കില്ലായിരുന്നുവെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. “കഴിഞ്ഞ ഏഴ് വർഷമായി ദിലീപിനെ മാധ്യമങ്ങൾ വിചാരണ ചെയ്യുകയാണ്. ചില മാധ്യമപ്രവർത്തകർക്ക് ദിലീപിനെ തൂക്കിക്കൊല്ലണമെന്ന വാശിയാണ്. പൾസർ സുനി ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടാലും ദിലീപിനെ തകർക്കണമെന്നാണ് ഇവരുടെ ലക്ഷ്യം,” അദ്ദേഹം ആരോപിച്ചു.
റിപ്പോർട്ടറിലെ അരുൺകുമാറിനെ പേരെടുത്തു പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. അദ്ദേഹം ആക്രമിക്കപ്പെട്ട നടിയുടെ ബന്ധു ആണ്. ദിലീപും മഞ്ജു വാര്യരും ഒന്നിച്ചു ജീവിച്ചപ്പോൾ അവരുടെ ബെഡ്റൂമിലെ ദാമ്പത്യം പരാജയമായിരുന്നു എന്നും ദിലീപ് ബെഡ്‌റൂമിൽ ഒരു പരാജയമായിരുന്നു എന്നുപറഞ്ഞ പത്രപ്രവർത്തകൻ ഉണ്ട്. അങ്ങനെ ദിലീപിനെ കഴിഞ്ഞ എട്ടു വർഷമായി ശിക്ഷിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. ചാനലുകൾ എന്തെല്ലാം വിധിക്കുന്നു.

കേസ് അന്വേഷിച്ച ഉദ്യോഗസ്ഥയ്ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ശാന്തിവിള ദിനേശ് ഉന്നയിച്ചത്. “ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ കയ്യിൽ പെട്ടുപോയതാണ് ദിലീപിന് പറ്റിയ ഏറ്റവും വലിയ ദൗർഭാഗ്യം. അവർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. എല്ലാ തെളിവുകളും ഉണ്ടെന്ന് വിശ്വസിപ്പിച്ച് ദിലീപിനെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നു. എല്ലാ തെളിവുകളും ഉണ്ട് എന്ന് പറഞ്ഞാൽ ഒരു മുഖ്യമന്ത്രിക്ക് അറസ്റ് ചെയ്യാൻ പറയാതിരിക്കാൻ പറ്റില്ല. യൂണിഫോമിട്ടു കൊണ്ട് കാണിക്കാതിരിക്കാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്ത കൊണ്ടാണ് ആ അന്വോഷണ ഉദ്യോഗസ്ഥ ഒടുവിൽ വെള്ളം നിറക്കുന്ന ട്കനാറിന്റെ എണ്ണം എടുത്തു പെൻഷൻ പാട്ടേണ്ടി വന്നത്.
കേസിൽ ഗൂഢാലോചന നടത്തിയത് ദിലീപ് അല്ലെന്നും, മറിച്ച് മലയാള സിനിമയിലെ രണ്ട് പ്രമുഖ നടിമാരാണെന്നും അദ്ദേഹം ആരോപിച്ചു. “ഈ കേസ് തുടങ്ങിയ ശേഷം രണ്ട് നടിമാർ ഒരാൾ ബാംഗ്ലൂർ നിന്നും ഒരാൾ എറണാകുളത്തു നിന്നും എത്ര തവണ ദുബായിലേക്ക് പോയി എന്ന് അന്വേഷിച്ചാൽ സത്യം പുറത്തുവരും. അവരുടെ പാസ്സ്‌പോർട്ട് പരിശോദിച്ചാൽ മനസിലാകും . സിബിഐയെപ്പോലൊരു ഏജൻസി വന്നാൽ തത്ത പറയുന്നത് പോലെ കാര്യങ്ങൾ പുറത്തുവരും.അവർ ദുബായ് പോയി എന്താണ് ചെയ്തത് എന്നും അന്വോഷിച്ചാൽ ഇതിന്റെ സത്യം വരും.
ഈ അന്വോഷണ ഉദ്യോഗസ്ഥ അടക്കം പത്തു പേരുടെ ലിസ്റ്റ് ഞാൻ കൊടുക്കാം അവരുടെ പേരിൽ മാനനഷ്ടത്തിന് കേസ് കൊടുക്കണം എന്ന് താൻ ദിലീപിന്റെ വക്കീലിനോട് പറഞ്ഞു എന്നും ശാന്തിവിള ദിനേശ് പറയുന്നു. ദിലീപ് വെറുതെ വന്നാൽ ഈ ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും എതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകണം എന്നാണ് ഞാൻ അദ്ദേഹത്തിന്റെ വക്കീലിനോട് പറഞ്ഞത്,” ശാന്തിവിള ദിനേശ് പറഞ്ഞു.
എട്ടു വർഷത്തോളം വിചാരണ നീണ്ടുപോയതിനെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന്, ദിലീപ് നിരപരാധിയാണെന്നും സ്വന്തം നിരപരാധിത്വം തെളിയിക്കാനാണ് അദ്ദേഹം നിയമപോരാട്ടം നടത്തിയതെന്നും ശാന്തിവിള ദിനേശ് മറുപടി നൽകി. “ദിലീപ് ഒരു പെണ്ണുപിടിയനല്ല. ഇതിന് മുൻപ് അയാൾ ഒരു പെറ്റിക്കേസിൽ പോലും പ്രതിയായിട്ടില്ല. മറിച്ചൊരു വിധിയുണ്ടാകുമോ എന്ന അവതാരികയുടെ ചോദ്യത്തിന് കാക്ക മലർന്ന് പറന്നാൽ മാത്രമേ ദിലീപിനെതിരെ വിധി വരൂ,” അദ്ദേഹം ആത്മവിശ്വാസത്തോടെ ആവർത്തിച്ചു. ഏതു വിധി വന്നാലും ദിലീപ് വേട്ടയാടപ്പെട്ടവനാണെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








