
നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന ദിലീപിന്റെ വാദങ്ങളെ പൊളിച്ചടുക്കുന്ന നിർണ്ണായക വിവരങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് മാധ്യമ പ്രവർത്തകനും മീഡിയ വൺ വാണത് എഡിറ്ററുമായ പ്രമോദ് രാമൻ . ദിലീപിനെ കുടുക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും മഞ്ജു വാര്യരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് സ്ഥാപിക്കാൻ ദിലീപ് പക്ഷം ഉയർത്തിക്കാട്ടിയ ‘ദിലീപിനെ പൂട്ടണം’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വ്യാജമായി നിർമ്മിച്ചതാണെന്ന പോലീസ് കണ്ടെത്തലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. മീഡിയവൺ എഡിറ്റർ പ്രമോദ് രാമനാണ് ‘എഡിറ്റേഴ്സ് ടേക്ക്’ എന്ന പരിപാടിയിലൂടെ ഈ വ്യാജ തെളിവിന്റെ ഉള്ളു കളികൾ പുറത്തുവിട്ടത്.
തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും അതിന് തെളിവുണ്ടെന്നും ദിലീപ് അവകാശപ്പെട്ടിരുന്നു. മഞ്ജു വാര്യരിൽ നിന്ന് തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥയായ ബി. സന്ധ്യയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ തന്നെ വേട്ടയാടാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. ഇതിന് തെളിവായി പ്രചരിപ്പിക്കപ്പെട്ടത് ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലുള്ള ഒരു വാട്സ്ആപ്പ് ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ടുകളായിരുന്നു. ആലപ്പി അഷ്റഫ്, ആഷിഖ് അബു, എം.വി. നികേഷ് കുമാർ, സ്മൃതി പരുത്തിക്കാട്, ടി.ബി. മിനി, പ്രമോദ് രാമൻ, ബി. സന്ധ്യ തുടങ്ങിയവർ ഈ ഗ്രൂപ്പിൽ അംഗങ്ങളാണെന്നാണ് സ്ക്രീൻഷോട്ടിൽ കാണിച്ചിരുന്നത്. നാദിർഷായുടെ മൊഴിയുടെ പകർപ്പ് കൈമാറുന്നതും ചാനൽ ചർച്ചകൾക്ക് തയ്യാറെടുക്കുന്നതും സംബന്ധിച്ച സന്ദേശങ്ങളും ഇതിലുണ്ടായിരുന്നു.

എന്നാൽ, ഈ വാട്സ്ആപ്പ് ഗ്രൂപ്പ് ദിലീപിനും കൂട്ടാളികൾക്കും എതിരെ പോലീസ് കുറ്റപത്രത്തിൽ പരാമർശിക്കുന്ന വ്യാജ തെളിവാണ് എന്നതാണ് ശ്രദ്ധേയം എന്നും പ്രമോദ് രാമൻ പറയുന്നു. “എട്ടാം പ്രതിയായ ദിലീപും കൂട്ടാളികളും ചേർന്ന് ‘ദിലീപിനെ പൂട്ടണം’ എന്ന പേരിൽ ഒരു വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥയായ എ.ഡി.ജി.പി ബി. സന്ധ്യയുടെ ഫോട്ടോ ഉപയോഗിച്ച് അവർ ഗ്രൂപ്പ് അംഗമാണെന്ന് വരുത്തിത്തീർത്തു. തന്നെ കേസിൽ കുടുക്കിയതാണെന്ന വാദം ബലപ്പെടുത്താനാണ് ദിലീപ് ഇത്തരമൊരു വ്യാജ നിർമ്മിതി നടത്തിയത്,” എന്ന് പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നതായി പ്രമോദ് രാമൻ ചൂണ്ടിക്കാട്ടി.
ഷോൺ ജോർജ്, ദിലീപിന്റെ സഹോദരൻ അനൂപ് എന്നിവരിൽ നിന്ന് പിടിച്ചെടുത്ത പെൻഡ്രൈവിൽ നിന്നാണ് ഈ വ്യാജ സ്ക്രീൻഷോട്ടുകൾ പോലീസ് കണ്ടെടുത്തത്. ഈ സ്ക്രീൻഷോട്ടുകൾ പ്രചരിച്ച സമയത്ത് തന്നെ ക്രൈംബ്രാഞ്ച് തന്നെ വിളിച്ച് മൊഴിയെടുത്തിരുന്നെന്നും, താൻ അത്തരമൊരു ഗ്രൂപ്പിൽ അംഗമായിരുന്നില്ലെന്ന് തനിക്ക് ഉറപ്പാണ് പ്രമോദ് രാമൻ പറഞ്ഞു. “ഞാനും മഞ്ജു വാര്യരും ബി. സന്ധ്യയും ഒക്കെ ചേർന്ന് രാപകൽ ഇരുന്ന് ദിലീപിനെ പൂട്ടാൻ പണിയെടുക്കുകയായിരുന്നു എന്ന് വിശ്വസിക്കാൻ സാമാന്യബോധം അനുവദിക്കുമോ? തനിക്ക്ഇങ്ങനെ കുത്തിയിരുന്നു ദിലീപിനെ പൂട്ടാൻ ചർച്ച ചെയ്യാൻ സമയമില്ല എന്നും അദ്ദേഹം പറയുന്നു.
തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന ദിലീപിന്റെ വാദം പൊള്ളയാണെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു. കോടതി വിധിയിൽ ഗൂഢാലോചന എന്ന വാദം തള്ളിക്കളഞ്ഞ സാഹചര്യത്തിൽ, ദിലീപ് തന്നെ കെട്ടിച്ചമച്ചതാണ് ഈ ‘ഗൂഢാലോചന തെളിവുകൾ’ എന്ന പോലീസ് കണ്ടെത്തൽ കൂടുതൽ ഗൗരവമർഹിക്കുന്നു. വിധിയുടെ പൂർണ്ണ രൂപം പുറത്തുവരുന്നതോടെ ഇത്തരം വ്യാജ തെളിവുകളെ കോടതി എങ്ങനെയാണ് വിലയിരുത്തിയതെന്ന് കൂടുതൽ വ്യക്തമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.









