
ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ‘നാരായണീൻ്റെ മൂന്നാണ്മക്കൾ’ എന്ന ചിത്രത്തിലെ ചില ലൈംഗിക രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തിൻ്റെ ചിത്രീകരണം പലർക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ജ്യേഷ്ഠൻ്റെയും അനുജൻ്റെയും മക്കൾ തമ്മിലുള്ള ബന്ധമാണ് വിവാദങ്ങൾക്ക് അടിസ്ഥാനം. സഹോദരതുല്യരായ രണ്ടുപേർ തമ്മിലുള്ള ബന്ധം സിനിമയിൽ ഈ രീതിയിൽ ചിത്രീകരിക്കുന്നത് സമൂഹത്തെ എങ്ങനെ സ്വാധീനിക്കുമെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.
സിനിമയിലെ രംഗങ്ങൾക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നുവരുമ്പോൾ, വിഷയത്തിൽ ഡെന്നിസ് അറയ്ക്കൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാവുകയാണ്. ഫസ്റ്റ് കസിൻസ് തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സിനിമ പ്രതിപാദിക്കുന്നുണ്ടെന്നും പലർക്കും അതിൽ പ്രശ്നങ്ങളുണ്ടെന്നും തൻ്റെ അന്വേഷണത്തിൽ മനസ്സിലായതായി ഡെന്നിസ് അറയ്ക്കൽ പറയുന്നു. രക്തബന്ധമുള്ളവർ തമ്മിലുള്ള പ്രണയം എന്നും ഒരു വലിയ സാമൂഹിക വിഷയമാണ്. ഗബ്രിയേൽ ഗാർസിയ മാർക്വേസിൻ്റെ ‘ഏകാന്തതയുടെ നൂറ് വർഷങ്ങൾ’ എന്ന നോവലിൽ ‘അഗമ്യഗമനം’ കഥയുടെ ഒരു പ്രധാന ബിന്ദുവായി പറഞ്ഞുപോയിട്ടുണ്ട്. മുറപ്പെണ്ണും മുറച്ചെറുക്കനും തമ്മിൽ കല്യാണം കഴിക്കുന്നത് അംഗീകരിക്കാൻ സാധിക്കുന്ന സമൂഹത്തിന് അച്ഛൻ്റെ സൈഡിൽ നിന്നുള്ള ഫസ്റ്റ് കസിൻസ് റൊമാൻ്റിക് റിലേഷൻഷിപ്പിൽ ആകുന്നത് അംഗീകരിക്കാൻ സാധിക്കില്ല എന്ന് പറയുന്നത് ശുദ്ധ പോഴത്തരമാണെന്നും ഡെന്നിസ് പറയുന്നു.
മുറപ്പെണ്ണും മുറച്ചെറുക്കനും പോലെ തന്നെയല്ലേ ഇതെന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. അച്ഛന്റെ ചേട്ടനോ അനുജന്റെയോ മക്കളും അച്ഛന്റെ സഹോദരിയുടെ മക്കളും ഒരേ തരത്തിലുള്ള ബന്ധം തന്നെയാണ് എന്നുള്ളതാണ് വസ്തുത
ഈ രണ്ടു ബന്ധങ്ങളും ബയോളജിക്കലി ഒരുപോലെ തന്നെയാണ്. മുറപ്പെണ്ണും മുറച്ചെറുക്കനും തമ്മിൽ കല്യാണം കഴിക്കുന്ന നിരവധി മലയാള സിനിമകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു സിനിമയിലും സഹോദരി സഹോദര ലൈംഗികബന്ധം ഉണ്ടെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് ഇതിന് മാത്രം അങ്ങനെ ഒരു ബ്രാൻഡിംഗ് എന്നും അദ്ദേഹം ചോദിക്കുന്നു. താൻ മുറപ്പെണ്ണും മുറച്ചെറുക്കനും തമ്മിലുള്ള കല്യാണം അംഗീകരിക്കുന്നു എന്ന് ഇതിനർത്ഥമില്ലെന്നും, ഇങ്ങനെ ചെയ്ത് സ്വന്തം മക്കൾക്ക് മാനസികപരമായും ശാരീരികപരമായും വൈകല്യമുള്ള നാലു കൂട്ടുകാർ തനിക്കുണ്ട് എന്നും ഡെന്നിസ് കൂട്ടിച്ചേർത്തു. കഥകളെ കഥകളായി വിടുക എന്നതാണ് തൻ്റെ രീതി. അതിനുള്ള സ്വാതന്ത്ര്യം എഴുത്തുകാരന് നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുത്തുകാരൻ്റെ മോറാലിറ്റിയല്ല കഥാപാത്രങ്ങളുടെ മോറാലിറ്റി. സിനിമ കണ്ടതിനു ശേഷം അതിനെക്കുറിച്ച് അഭിപ്രായം പറയാമെന്നും ഡെന്നിസ് അറയ്ക്കൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഈ പോസ്റ്റിന് ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും പോലും പലർക്കും പേടിയായിരിക്കും. അത്ര കഠിനമായാണ് നമ്മൾ അങ്ങോട്ടുമിങ്ങോട്ടും ജഡ്ജ് ചെയ്യുന്നത്. ഈ പോസ്റ്റിന് ശ്രീ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഫോട്ടോ ഇട്ടേക്കാം. അതെന്തുകൊണ്ടാണെന്ന് ചോദിച്ചാൽ, അതിപ്പോൾ താനെന്താ പറയുക എന്നും പറഞ്ഞ് ഡെന്നിസ് പോസ്റ്റ് അവസാനിപ്പിക്കുന്നു.
ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ശരൺ വേണുഗോപാൽ ആണ്. കൂടാതെ ഈ ചിത്രത്തിന്റെ നിർമ്മാണം ജോബി ജോർജ് തടത്തിൽ ആണ്. ഗുഡ്‌വിൽ എന്റർടൈൻമെന്റ്സ് ആണ് ചിത്രം പുറത്തിറക്കുന്നത്. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.