തീക്ഷ്ണമായ കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ, കുടുംബത്തിന് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വച്ച വല്യേട്ടനായി മമ്മൂട്ടി എത്തിയ വാത്സല്യം എന്ന ചിത്രം എന്നും മലയാളികളുടെ പ്രീയപ്പെട്ട ചിത്രമാണ്. അതിലെ കേന്ദ്ര കഥാപാത്രമായ മേലേടത്തു രാഘവൻ നായർ എന്ന കർഷകനും കുടുംബ സ്നേഹിയുമായ കഥാപാത്രത്തെ ഇന്നും തെല്ലു നൊമ്പരത്തോടെ മാത്രമേ മലയാളികൾ ഓർക്കുകയുള്ളു. സത്യത്തിൽ ഈ ചിത്രം ലോഹിതദാസിന്റെ തിരക്കഥയിൽ സംവിധാനം ചെയ്തത് കൊച്ചിൻ ഹനീഫയാണ് എന്ന് അധികമാർക്കുമറിയില്ല. ചിത്രമിറങ്ങി വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ചിത്രത്തിന്റെ പ്രമേയം മറ്റൊരു രീതിയിലുള്ള നിരൂപണത്തിനു ഇരയാകുന്നത്.
കുടുംബ സ്നേഹിയായ, തന്റെ ജീവിതവും സമയവും കുടുംബത്തിന് വേണ്ടിയും കുടുംബാംഗങ്ങൾക്ക് വേണ്ടിയും ത്യജിക്കുന്ന അച്ഛന്റെ സ്ഥാനത്തു നിന്ന് കടമകൾ ചെയ്യുന്ന സ്നേഹ നിധിയായ വല്യേട്ടനായി ആണ് ചിത്രത്തിൽ മമ്മൂട്ടിയുടെ കേന്ദ്ര കഥാപാത്രമായ രാഘവൻ നായരെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ സഹോദരനായ സിദ്ധിഖ് ചെയ്യുന്ന കഥാപാത്രത്തിന്റെ ഭാര്യ റോളിൽ എത്തുന്നത് ഇളവരശി എന്ന നടിയാണ്. ആ കഥാപാത്രമാണ് ചിത്രത്തിൽ വില്ലത്തിയായി ആ കുടുംബത്തിന്റെ അച്ചടക്കവും സമാധാനവും തകർക്കുന്നതും കുടുംബാംഗങ്ങളെ തമ്മിൽ പിരിക്കുന്നതും. എന്നാൽ ആ കഥാപാത്രം ഇന്നത്തെ സാഹചര്യത്തിൽ ആണെങ്കിൽ നായിക സ്ഥാനത്തു എത്തുമെന്നാണ് പുതിയ കാലത്തേ നിരൂപണങ്ങൾ പറയുന്നത്. ശക്തമായ നിലപാടുള്ള കുടുംബത്തിലെ ഏകാധിപത്യത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന ധീരയായ വനിതയാണ് ശോഭ എന്ന കഥാപാത്രം എന്ന് ആണ് നിരൂപകർ പറയുന്നത്.
മമ്മൂട്ടിയുടെ കഥാപാത്രം പലപ്പോഴും ഒരു ഏകാധിപതിയുടെ രീതിയിൽ ആണ് പെരുമാറുന്നത് എന്നും തന്റെ ഇഷ്ടാനിഷ്ടങ്ങൾ അടിച്ചേൽപ്പിക്കാൻ ഉള്ള പാവകളായാണ് കുടുംബാംഗങ്ങളെ അദ്ദേഹം കാണുന്നത് എന്നും വളരെ വിദഗ്ദനായ ഒരു ഏകാധിപതിയായി എന്നാൽ അത് മറ്റുള്ളവർക്ക് മനസിലാകാതിരിക്കാൻ സ്നേഹവും ത്യാഗവും എപ്പോഴും എടുത്തു പറഞ്ഞു നടക്കുന്ന ഒരാളായി ആണ് പുതു തലമുറയിലെ നിരൂപങ്ങളിൽ രാഘവൻ നായർ എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. വൃത്തിയില്ലാത്ത ഭക്ഷണ മേശയിലേക്കെത്തുന്ന രാഘവൻ നായരുടെ വിയർപ്പിന്റെ രൂക്ഷ ഗന്ധം സഹിക്ക വയ്യാതെ ഓക്കാനം വരുകയും ഛർദ്ദിക്കുകയും ചെയ്യുന്ന ശോഭ അത് വെട്ടി തുറന്നു പറയുമ്പോൾ എല്ലാവരും ചേർന്ന് അവരെ ക്രൂശിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ നിരവധി മുഹൂർത്തങ്ങൾ വിമർശകർ ചൂണ്ടി കാണിക്കുന്നുണ്ട്.
https://www.facebook.com/RimaKallingalOfficial/posts/357481972402952
അതിനിടയ്ക്കാണ് ഇത്തരത്തിൽ ഉള്ള നിരൂപണങ്ങൾ ശെരിയാണ് എന്ന് സ്ഥാപിക്കുന്ന ഒരു ട്രോൾ പങ്ക് വച്ചുകൊണ്ടു മലയാള നടിയും പ്രശസ്ത ആക്ടിവിസ്റ്റുമായ റിമ കല്ലിങ്കലും എത്തുന്നത്. 1993 ൽ മമ്മൂട്ടി ആ ചിത്രത്തിലെ നായകൻ ആയിരുന്നു എങ്കിൽ ഇന്ന് അദ്ദേഹം വില്ലനാകുമായിരുന്നു എന്ന രീതിയിൽ പറയുന്ന ട്രോൾ ആണ് റിമ പങ്ക് വക്കുന്നത്. ‘കാലം മാറിക്കൊണ്ടിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് റിമ ട്രോൾ പങ്ക് വച്ചിരിക്കുന്നത്. താരത്തെ അനുകൂലിച്ചും എതിർത്തും കമെന്റുകൾ എംവരുന്നുണ്ട് എങ്കിലും രൂക്ഷമായ വിമർശനങ്ങൾ ഉള്ള ട്രോളുകൾ ആണ് കൂടുതലും. 2021 അല്ല ഇനി എത്ര വർഷങ്ങൾ കഴിഞ്ഞാലും വാത്സല്യത്തിലെ നായകൻ നമ്മുടെ മമൂക്ക തന്നെ എന്നാണ് ആരാധകരുടെ പക്ഷം. ആത്മാഭിമാനമുള്ള കർഷകൻ എന്നും ഫാസിസ്റ്റു വിരുദ്ധൻ ആകുമെന്നാണ് ഒരു വിഭാഗം പറയുന്നത്.