
നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ആണ് ലാൽ ജോസ് എന്നാൽ അദ്ദേഹം അവസാനം ചെയ്ത ചില ചിത്രങ്ങൾ വലിയ പരാജയങ്ങൾ ആയിരുന്നു. എന്നാൽ കരിയറിലെ സമീപകാല തിരിച്ചടികളിൽ നിന്ന് ശക്തമായൊരു മടങ്ങി വരവിനൊരുങ്ങുകയാണ് പ്രിയ സംവിധായകൻ . ഒരു ഇടവേളയ്ക്ക് ശേഷം “കോലാഹലം” എന്ന ചിത്രവുമായി പ്രേക്ഷകരിലേക്ക് വീണ്ടും എത്താൻ തയ്യാറെടുക്കുന്ന ലാൽ ജോസ്, തന്റെ സിനിമാ ജീവിതത്തിലെ നിർണായകമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഒരു ഓൺലൈൻ ചാനലുമായുള്ള അഭിമുഖത്തിൽ, അന്തരിച്ച നടൻ കലാഭവൻ മണിയെക്കുറിച്ചും ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകൾ സിനിമാലോകത്ത് ചർച്ചയാകുന്നു.
കലാഭവൻ മണിയുടെ വിമർശനവും ലാൽ ജോസിന്റെ നിലപാടും: ‘അയാളും ഞാനും തമ്മിൽ’ എന്ന ചിത്രത്തിലെ ഓർമ്മകൾ
‘അയാളും ഞാനും തമ്മിൽ’ എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ കലാഭവൻ മണിയുടെ ക്യാരക്ടർ പൃഥ്വിരാജ് ചെയ്ത നായക കഥാപാത്രത്തിന്റെ കാൽ പിടിക്കുന്ന രംഗം ഉണ്ട് ഈ രംഗത്തെ കുറിച്ച് മനസിലാക്കിയ കലാഭവൻ മണി ആ രംഗം “ഓവറായിരിക്കും” എന്ന് തന്നോട് പറഞ്ഞതായി ലാൽ ജോസ് ഓർക്കുന്നു. “ന്യൂ ജനറേഷൻ ആളുകൾക്ക് ഇത് അമിത നാടകീയതയായി തോന്നുമെന്നും ഓവറായിരിക്കുമെന്നും മണി അഭിപ്രായപ്പെട്ടു,” ലാൽ ജോസ് പറയുന്നു. എന്നാൽ താൻ അത് അംഗീകരിക്കാം തയ്യാറല്ലായിരുന്നു എന്നും അത് മാണിയെ കൊണ്ട് ചെയ്യിച്ചു എന്നും ലാൽ ജോസ് പറയുന്നു. . താൻ പഴയ ശൈലി പിന്തുടരുന്ന സംവിധായകനാണോ എന്ന സംശയം മണിക്ക് ഉണ്ടായിരുന്നിരിക്കാമെന്നും, അത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം, അഭിനേതാക്കൾക്ക് തങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ശരിയാണോ എന്ന് എപ്പോഴും ഉറപ്പുവരുത്തുമെന്നും അതിൽ എന്തെങ്കിലും പോരായ്മ ഉണ്ടോ എന്ന് അവർ ഇപ്പോഴും ചിന്തിച്ചു നോക്കിക്കൊണ്ടിരിക്കും , കാരണം അന്തിമമായി അതിന്റെ ഭവിഷ്യത്ത് അവരെയാണ് ബാധിക്കുന്നതെന്നും ലാൽ ജോസ് നിരീക്ഷിക്കുന്നു.
എങ്കിലും, ആ സീൻ അങ്ങനെ തന്നെ വേണമെന്ന് താൻ ഉറച്ചുനിന്നതായി ലാൽ ജോസ് വെളിപ്പെടുത്തി. “ഇത് എന്റെ സിനിമയാണ്. പുതിയ തലമുറയ്ക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിലും എനിക്ക് കുഴപ്പമില്ല, കാരണം എനിക്കിഷ്ടമാകും. ആദ്യം എന്നെ തൃപ്തിപ്പെടുത്തൂ, ജനങ്ങളുടെ കാര്യം പിന്നെ നോക്കാം എന്നാണ് ഞാൻ അന്ന് മണിയോട് പറഞ്ഞത്.” ജീവിതത്തിലെ വൈകാരിക നിമിഷങ്ങൾക്ക് പുതിയ തലമുറയെന്നും പഴയ തലമുറയെന്നുമില്ലെന്നും ലാൽ ജോസ് തറപ്പിച്ചു പറയുന്നു.
കലാഭവൻ മണിക്ക് മാത്രമല്ല, മലയാളത്തിലെ പല പ്രമുഖ നടന്മാരും ചില രംഗങ്ങൾ ചെയ്യുന്നതിൽ മടി കാണിച്ചിട്ടുണ്ടെന്ന് ലാൽ ജോസ് ഓർക്കുന്നു. അത്തരം സന്ദർഭങ്ങളിൽ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്നത് സംവിധായകന്റെ ചുമതലയാണെന്ന് അദ്ദേഹം അടിവരയിട്ടു. “മമ്മൂട്ടി ചിലപ്പോൾ, ‘ഞാൻ ചെയ്താൽ ഇത് ഓവറാകും, ഞാൻ ചെയ്യില്ല’ എന്ന് പറഞ്ഞിട്ടുണ്ട്,” മുൻപ് തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂർ കനവിൽ മുടി പട്ടയടിക്കുന്ന കാര്യത്തിൽ താനും മമ്മൂട്ടിയും തമ്മിൽ ഇതേ പോലെ വലിയ തർക്കമുണ്ടായിരുന്നു എന്ന് അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട് അതെ പോലെ ‘പട്ടാളം’ എന്ന സിനിമയിൽ ഒരു ഡാൻസ് മൂവ്മെന്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ, “ഞാൻ ഡാൻസ് ചെയ്താൽ ആളുകൾക്ക് അത് സ്വീകാര്യമാകില്ല” എന്ന് മമ്മൂട്ടി പറഞ്ഞതും ലാൽ ജോസ് അനുസ്മരിച്ചു. അപ്പോൾ അദ്ദേഹത്തെ കൊണ്ട് അത് ചെയ്യിക്കാൻ താൻ പറഞ്ഞത് അങ്ങനെയുള്ള ഒരാൾ(ഡാൻസ് ചെയ്യാൻ അറിയാത്ത ) എങ്ങനെയാണോ ചെയ്യുന്നത് , അങ്ങനെയാണ് ചെയ്യേണ്ടതെന്ന് താൻ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.
ദിലീപും ലാൽ ജോസും: സൗഹൃദത്തിലെ സർഗ്ഗാത്മക സംഘർഷങ്ങൾ
ദിലീപുമായി തനിക്കുണ്ടായിരുന്ന ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ചും അതിലെ “സർഗ്ഗാത്മക സംഘർഷങ്ങളെക്കുറിച്ചും” ലാൽ ജോസ് സംസാരിച്ചു. ‘ചാന്ത്‌പൊട്ട്’ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ദിലീപുമായി ചെറിയ പിണക്കങ്ങളുണ്ടായതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. “അഭിനേതാവും സംവിധായകനും തമ്മിൽ ചിലപ്പോൾ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ അഭിനേതാക്കൾ പലപ്പോഴും അസ്വസ്ഥരായിരിക്കും. അതുപോലെ സംവിധായകനും അസ്വസ്ഥനായിരിക്കും. അയാളുടെ ഉള്ളിൽ തിളച്ചുമറിയുന്ന കാര്യങ്ങൾ മറ്റൊരാളുമായി പങ്കുവെക്കാൻ പറ്റില്ല. സർഗ്ഗാത്മക സംഘർഷം ഉണ്ടാകുന്നത് നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്,” ലാൽ ജോസ് അഭിപ്രായപ്പെട്ടു.
അടുത്ത സുഹൃത്തുക്കളാണെങ്കിലും താനും ദിലീപും സ്വഭാവത്തിൽ തികച്ചും വ്യത്യസ്തരാണെന്ന് ലാൽ ജോസ് പറയുന്നു. “അതുകൊണ്ടാണ് ഞങ്ങൾ അടുത്ത സുഹൃത്തുക്കളായത്. ഞാൻ പെട്ടെന്ന് പ്രതികരിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നയാളാണ്. എന്നാൽ ദിലീപ് ദേഷ്യപ്പെടാത്ത ആളാണ്. ഒരിക്കലും പക മനസ്സിൽ സൂക്ഷിക്കാത്ത നടനാണ് ദിലീപ്. വളരെ പെട്ടെന്ന് ക്ഷമിക്കുന്നയാളാണവൻ. പുറമെ നിൽക്കുന്നവർക്ക് ഒരുപക്ഷേ ഇത് മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല. ഞങ്ങൾ ഏകദേശം 30 വർഷമായി അറിയുന്നവരാണ്. വർഷങ്ങളോളം ഒരേ മുറിയിൽ താമസിച്ച സുഹൃത്തുക്കളാണ്,” ലാൽ ജോസ് പറയുന്നു.