
ചില പ്രണയകഥകൾ കേൾക്കുമ്പോൾ നമ്മൾ അത്ഭുതപ്പെടാറുണ്ട്, ഇങ്ങനെയും സ്നേഹിക്കാൻ കഴിയുമോ എന്ന്. എന്നാൽ, അന്തരിച്ച നടൻ കലാഭവൻ നവാസിന്റെയും ഭാര്യ രഹ്നയുടെയും ജീവിതം അത്തരമൊരു പ്രണയകാവ്യമായിരുന്നു. 2024 ഓഗസ്റ്റ് ഒന്നിനാണ് പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തി നവാസ് ഈ ലോകത്തോട് വിടപറഞ്ഞത്. ഇപ്പോഴിതാ, നവാസില്ലാത്ത ആദ്യത്തെ വിവാഹ വാർഷിക ദിനത്തിന്റെ നൊമ്പരത്തിലാണ് ഭാര്യ രഹ്ന. തങ്ങളുടെ ഉമ്മച്ചിയുടെയും വാപ്പിച്ചിയുടെയും അവിശ്വസനീയമായ സ്നേഹബന്ധത്തെക്കുറിച്ച് മക്കൾ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ണ് നനയിക്കുന്നത്.
ഒക്ടോബർ 27 എന്ന നൊമ്പരം
ഒക്ടോബർ 27, നവാസിന്റെയും രഹ്നയുടെയും 23-ാം വിവാഹ വാർഷിക ദിനമായിരുന്നു. എല്ലാ വർഷവും ഈ ദിവസം അവർക്ക് ഒരു പ്രത്യേക ചടങ്ങുണ്ടായിരുന്നു. ഇരുവരും ചേർന്ന് വീട്ടുവളപ്പിൽ ഒരു ഫലവൃക്ഷത്തൈ നടും. “ഇന്ന് ഇവിടെ കായ്ച്ചു നിൽക്കുന്ന ഓരോ മരങ്ങളും അവർ അന്ന് നട്ട തൈകളാണ്,” മക്കൾ ഓർക്കുന്നു.
വാപ്പിച്ചിയുടെ വേർപാടിന് ശേഷം ആകെ തകർന്ന അവസ്ഥയിലായിരുന്നു ഉമ്മച്ചി. സ്വന്തം ചെടികളെപ്പോലും ശ്രദ്ധിക്കാൻ കഴിയാത്തത്ര മാനസികമായി തളർന്നിരുന്നു. എന്നിട്ടും, ഈ വിവാഹ വാർഷിക ദിനത്തിൽ, അവർ ആ പതിവ് തെറ്റിച്ചില്ല. “വാപ്പിച്ചിയെ ചേർത്തുപിടിച്ച് (ഓർമ്മകളെ) ഈ വാർഷികത്തിനും ഉമ്മച്ചി ഫ്രൂട്ട്സിന്റെ തൈകൾ നട്ടു,” മക്കൾ കുറിച്ചു.
ഈ കുറിപ്പിനൊപ്പം മക്കൾ പങ്കുവെച്ചത് മറ്റൊരു അമൂല്യ നിധിയാണ്. നവാസ് തന്നെ എഡിറ്റ് ചെയ്ത് സൂക്ഷിച്ചുവെച്ച ഒരു വീഡിയോ. രഹ്നയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനം നവാസ് തന്നെ പാടി റെക്കോർഡ് ചെയ്ത് എഡിറ്റ് ചെയ്തതായിരുന്നു അത്.
വാപ്പിച്ചിയില്ലാത്ത ലോകം
പ്രണയിച്ച് വിവാഹിതരായവരാണ് നവാസും രഹ്നയും. 2002-ൽ വിവാഹം കഴിഞ്ഞതോടെ രഹ്ന അഭിനയം വിട്ട് പൂർണ്ണമായും കുടുംബത്തിനായി ജീവിച്ചു. മക്കൾ പറയുന്നതനുസരിച്ച്, രഹ്നയുടെ ലോകം വാപ്പിച്ചിയും അടുക്കളയും അവരുമായിരുന്നു. ആ ലോകം എത്രത്തോളം വലുതായിരുന്നുവെന്ന് മക്കളുടെ വാക്കുകളിൽ വ്യക്തമാണ്.
“ലോകത്തിലാരും ഇത്രയേറെ പ്രണയിച്ചിട്ടുണ്ടാവില്ല. അവരുടെ പ്രണയം ഇപ്പോഴും ഞങ്ങൾ കൗതുകത്തോടെയാണ് നോക്കിനിൽക്കുന്നത്,” മക്കൾ പറയുന്നു. “വാപ്പിച്ചി വർക്കിന് പോയാൽ ഉമ്മച്ചി ചിരിക്കില്ല, ടിവി കാണില്ല. വാപ്പിച്ചിയില്ലാതെ ഒരു കല്യാണത്തിനുപോലും പോകാറില്ല. ഉമ്മച്ചിക്ക് ബെസ്റ്റ് ഫ്രണ്ട്‌സ് ഇല്ല, കാരണം വാപ്പിച്ചിയായിരുന്നു ഉമ്മച്ചിയുടെ ബെസ്റ്റ് ഫ്രണ്ട്.”
നവാസ് ഒരു ഷൂട്ടിനോ മറ്റോ പോയാൽ, അദ്ദേഹം തിരിച്ചെത്തും വരെ രഹ്ന പ്രാർത്ഥനയോടെ കാത്തിരിക്കും. വാപ്പിച്ചിയുടെ മുഖം കണ്ടാൽ മാത്രമേ ഉമ്മച്ചിയുടെ മുഖം തെളിയൂ. “വാപ്പിച്ചി വീട്ടിലുണ്ടെങ്കിൽ പുറത്ത് ഔട്ടിംഗിന് പോകാൻ പോലും ഉമ്മച്ചിക്ക് ഇഷ്ടമല്ല. വീട്ടിൽ തന്നെ വാപ്പിച്ചിയുമായി ചിലവഴിക്കാനാണ് ഇഷ്ടം. എത്ര നാൾ ഒരുമിച്ചിരുന്നാലും അവർക്ക് ബോറടിക്കില്ല.”
നവാസിനും ഈ സ്നേഹം അങ്ങനെ തന്നെയായിരുന്നു. രഹ്നയെ പിരിഞ്ഞിരിക്കാൻ കഴിയാത്തതുകൊണ്ട് മാത്രം താൻ ഒരുപാട് സിനിമകൾ വേണ്ടെന്നുവെച്ചിട്ടുണ്ടെന്ന് നവാസ് മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
മരണത്തിനും വേർപിരിക്കാനാകാതെ
ഇത്രയേറെ സ്നേഹിച്ചിരുന്ന ഒരാളുടെ പെട്ടെന്നുള്ള വിയോഗം രഹ്നയെ എങ്ങനെയാണ് ബാധിച്ചതെന്നും മക്കൾ വിവരിക്കുന്നു. “ഈ ഭൂമിയിൽ വേറെന്ത് നഷ്ടപ്പെട്ടാലും ഉമ്മച്ചി പിടിച്ചുനിൽക്കുമായിരുന്നു. പക്ഷെ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകർത്ത് കളഞ്ഞു. പടച്ചവൻ വാപ്പിച്ചിക്ക് അവിടെ എന്താണോ കൊടുക്കുന്നത്, അത് തന്നെ ഉമ്മച്ചിക്കും ഇവിടെ തന്നാൽ മതി എന്നാണ് ഉമ്മച്ചിയുടെ ഇപ്പോഴത്തെ പ്രാർത്ഥന.”
ഇത്രയും നേരത്തെ പിരിയേണ്ടവരായിരുന്നില്ല അവരെന്നും, ഒരുപാട് സ്നേഹിച്ചതുകൊണ്ടാകാം പടച്ചവൻ അവരെ രണ്ടിടത്താക്കിയതെന്നും മക്കൾ വേദനയോടെ കുറിക്കുന്നു. “മരണം കൊണ്ടും അവരെ വേർപിരിക്കാനാവില്ല. അവർ രണ്ടുപേരും ഇപ്പോഴും കാത്തിരിപ്പിലാണ്. സ്വർഗ്ഗത്തിൽ ഇവിടുത്തെ പോലെതന്നെ ഏറ്റവും നല്ല ഇണകളായി ജീവിക്കാൻ അവർക്ക് കഴിയട്ടെ,” എന്ന പ്രാർത്ഥനയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
ഈ സ്നേഹകഥയ്ക്ക് മുന്നിൽ ആശ്വാസ വാക്കുകളുമായി നിരവധി പേരാണ് എത്തുന്നത്.






