
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നിലെ നിർണ്ണായക കാരണങ്ങൾ ചർച്ചയാകുന്നു. ദിലീപിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയ പ്രോസിക്യൂഷൻ വാദങ്ങളെ പൊളിച്ചടുക്കാൻ പ്രതിഭാഗം കോടതിയിൽ ഉന്നയിച്ച ‘ആർഗ്യുമെന്റ് നോട്ടി’ലെ (Argument Note) വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നത് ആദ്യമല്ലെന്നും, ഇതൊരു ക്വട്ടേഷൻ ആക്രമണമല്ലെന്നും സ്ഥാപിക്കാൻ പ്രതിഭാഗം ഉപയോഗിച്ചത് മെമ്മറി കാർഡിലെ ഫോറൻസിക് ഫലങ്ങൾ തന്നെയാണ്.
മെമ്മറി കാർഡിലെ ‘ഡിയർ’ ഫോൾഡർ
കേസിലെ തൊണ്ടിമുതലായ മെമ്മറി കാർഡ് പൾസർ സുനി ഒരു പ്ലാസ്റ്റിക് കവറിലാക്കി പേഴ്സിൽ സൂക്ഷിക്കുകയും പിന്നീട് പ്രോസിക്യൂഷൻ സാക്ഷിയായ അഭിഭാഷകനെ (PW 20) ഏൽപ്പിക്കുകയുമായിരുന്നു. ഈ മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധനാ ഫലം പ്രതിഭാഗം തങ്ങൾക്ക് അനുകൂലമായി ഉപയോഗിച്ചു. പരിശോധനയിൽ അതിജീവിതയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ മാത്രമല്ല, പൾസർ സുനിയുമായി അടുപ്പമുള്ള മറ്റ് സ്ത്രീകളുടെ ദൃശ്യങ്ങളും ഈ കാർഡിൽ നിന്ന് കണ്ടെടുത്തിരുന്നുവെന്നാണ് വാദം.
‘ഡിയർ’ (Dear), ‘മൈ’ (My) എന്നിങ്ങനെ രണ്ട് ഫോൾഡറുകളിലായാണ് സുനി ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നത്. ഇതിൽ ‘ഡിയർ’ എന്ന ഫോൾഡറിൽ മറ്റ് സ്ത്രീകളുമായുള്ള ദൃശ്യങ്ങളും, ‘മൈ’ എന്ന ഫോൾഡറിൽ അതിജീവിതയുമായുള്ള ദൃശ്യങ്ങളുമാണ് ഉണ്ടായിരുന്നത്. പൾസർ സുനി ഒരു ‘ഹാബിച്വൽ ഒഫൻഡർ’ (Habitual Offender) അഥവാ സ്ഥിരം കുറ്റവാളിയാണെന്നും, ഇത്തരം കൃത്യങ്ങൾ ചെയ്യാൻ അയാൾക്ക് മറ്റാരുടെയും ക്വട്ടേഷന്റെ ആവശ്യമില്ലെന്നും സ്ഥാപിക്കാൻ ഈ തെളിവുകൾ പ്രതിഭാഗത്തെ സഹായിച്ചു.
‘മാഡം’ ആര്? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
കേസിൽ തുടക്കം മുതൽ കേട്ടുകേൾവിയുണ്ടായിരുന്ന ‘മാഡം’ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ദുരൂഹത നീക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നതും ദിലീപിന് തുണയായി. പൾസർ സുനി മെമ്മറി കാർഡിന്റെ പകർപ്പുകൾ മാഡത്തിനും അഭിഭാഷകനും നൽകിയെന്ന് മൊഴിയുണ്ടായിട്ടും, ആരാണ് ഈ മാഡം എന്ന് കണ്ടെത്താനോ അവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനോ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഇത് പ്രോസിക്യൂഷന്റെ പരാജയമായി കോടതി വിലയിരുത്തിയിരിക്കാം.
കൂടാതെ, അതിജീവിതയുടെ യാത്രയുമായി ബന്ധപ്പെട്ട മൊഴികളിലെ വൈരുദ്ധ്യങ്ങളും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഡബ്ബിങ്ങിനായി സ്റ്റുഡിയോയിലേക്ക് പോയതാണെന്ന് അതിജീവിത പറയുമ്പോൾ, രമ്യ നമ്പീശനെ കാണാൻ പോയതാണെന്നാണ് കാർ ഏർപ്പാടാക്കിയ നിർമ്മാതാവ് മൊഴി നൽകിയത്. ഇത്തരം അവ്യക്തതകളും പൾസർ സുനിയുടെ മുൻകാല ചരിത്രവും കോർത്തിണക്കി, ദിലീപിനെതിരെ കൃത്യമായ തെളിവുകളില്ലെന്ന് സ്ഥാപിക്കാൻ പ്രതിഭാഗത്തിന് സാധിച്ചു.
പൾസർ സുനിയുടെ ക്രിമിനൽ പശ്ചാത്തലം സിനിമാ മേഖലയിലുള്ളവർക്കും അറിയാമായിരുന്നുവെന്നും, എന്നിട്ടും അയാൾ എങ്ങനെ വിശ്വസ്തനായി തുടർന്നു എന്നതും സംശയകരമാണെന്ന് നിരീക്ഷിക്കപ്പെടുന്നു. എന്തായാലും, സാഹചര്യ തെളിവുകളും മൊഴികളിലെ വൈരുദ്ധ്യങ്ങളും ദിലീപിനെ കുറ്റവിമുക്തനാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു എന്ന് വ്യക്തമാണ്.









