
1992 ഡിസംബർ 6-ന് ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനമായ ഇന്ന്, പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ഒരു ‘ബാബറി മസ്ജിദ്’ മാതൃകയ്ക്ക് തറക്കല്ലിടാനുള്ള പ്രഖ്യാപനം സംസ്ഥാനത്തെ മുൾമുനയിലാക്കുന്നു. സസ്പെൻഷനിലായ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംഎൽഎ ഹുമയൂൺ കബീർ ആണ് ഈ വിവാദ നീക്കത്തിന് പിന്നിൽ. ഇതേത്തുടർന്ന് മുർഷിദാബാദ് ജില്ലയിലും പ്രത്യേകിച്ച് ബെൽഡംഗ മേഖലയിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
മുർഷിദാബാദിൽ ‘പുതിയ ബാബറി മസ്ജിദ്’ നിർമ്മിക്കുമെന്ന ഹുമയൂൺ കബീറിന്റെ പ്രഖ്യാപനം ‘വർഗീയ രാഷ്ട്രീയം’ കളിക്കുന്നുവെന്ന് ആരോപിച്ച് ടിഎംസി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, പാർട്ടി നടപടി വകവെക്കാതെ പരിപാടിയുമായി മുന്നോട്ട് പോകാനാണ് കബീറിന്റെ തീരുമാനം.
മുർഷിദാബാദ് ‘ഉന്നത സുരക്ഷാ മേഖല’
സംഘർഷ സാധ്യത കണക്കിലെടുത്ത്, മസ്ജിദ് നിർമ്മാണം പ്രഖ്യാപിച്ച ബെൽഡംഗ, റെജിനഗർ തുടങ്ങിയ പ്രദേശങ്ങളെ “ഹൈ സെക്യൂരിറ്റി സോൺ” ആയി പ്രഖ്യാപിച്ചു. ക്രമസമാധാനം ഉറപ്പാക്കാൻ പോലീസിന് പുറമെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (RAF), ബിഎസ്എഫ് തുടങ്ങിയ കേന്ദ്ര സേനകളെയും വിന്യസിച്ചിട്ടുണ്ട്. റൂട്ട് മാർച്ചുകളും പട്രോളിംഗും ശക്തമാക്കി.

ഗവർണറുടെ അടിയന്തര ഇടപെടൽ
സംസ്ഥാനത്ത് സമാധാനം തകരുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഗവർണർ സി.വി. ആനന്ദ ബോസ് മുന്നറിയിപ്പ് നൽകി. പ്രകോപനപരമായ പ്രസ്താവനകളിലും അഭ്യൂഹങ്ങളിലും വിശ്വസിക്കരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ക്രമസമാധാന പാലനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനോട് അദ്ദേഹം നിർദ്ദേശിച്ചു. രാജ്ഭവനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ‘ആക്സസ് പോയിന്റ് സെൽ’ ആരംഭിക്കാനും അദ്ദേഹം ഉത്തരവിട്ടു.
കോടതിയുടെ നിലപാട്
വിവാദമായ ശിലാസ്ഥാപന ചടങ്ങ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതി വെള്ളിയാഴ്ച ഇടപെടാൻ വിസമ്മതിച്ചു. ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് നിരീക്ഷിച്ച കോടതി, സർക്കാരിന് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് വ്യക്തമാക്കി.
ഹുമയൂൺ കബീർ പരിപാടിക്ക് അനുമതി തേടി അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും, ജില്ലാ ഭരണകൂടം ഇതുവരെ ഔദ്യോഗിക അനുമതി നൽകിയിട്ടില്ല. എന്നാൽ, തന്റെ വോളന്റിയർമാർ ഗ്രൗണ്ടിലുണ്ടെന്നും, സമാധാനപരമായി ചടങ്ങ് നടക്കുമെന്നുമാണ് കബീറിന്റെ അവകാശവാദം.
ഈ മാസാവസാനം എംഎൽഎ സ്ഥാനം രാജിവെച്ച് സ്വന്തമായി ഒരു പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഹുമയൂൺ കബീർ, ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് ഈ നീക്കം നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.












