
ചണ്ഡീഗഡ്: സ്വന്തം മകന്റെ മരണത്തിൽ തനിക്കെതിരെ ഉയർന്ന കൊലക്കുറ്റം രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചനയാണെന്ന് തുറന്നടിച്ച് മുൻ പഞ്ചാബ് ഡിജിപി മുഹമ്മദ് മുസ്തഫ. 35 വയസ്സുകാരനായ മകൻ അഖിൽ അക്തർ മരിച്ചത് 18 വർഷം നീണ്ട മയക്കുമരുന്ന് ഉപയോഗത്തിന്റെ ഫലമായാണെന്നും, ഒരു കുടുംബ ദുരന്തത്തെ ചിലർ തരംതാണ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണത്തെ പൂർണ്ണമായി സ്വാഗതം ചെയ്ത മുസ്തഫ, “ഞാൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ, എന്നെ തൂക്കിലേറ്റാൻ തയ്യാറാണ്” എന്നും വൈകാരികമായി പ്രതികരിച്ചു.
ഒക്ടോബർ 16-നാണ് മുഹമ്മദ് മുസ്തഫയുടെ മകൻ അഖിൽ അക്തറിനെ പഞ്ച്കുളയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഹരിയാന പോലീസ് കൊലപാതകത്തിനും ക്രിമിനൽ ഗൂഢാലോചനയ്ക്കും (ഐപിസി 302, 120 ബി) എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഹമ്മദ് മുസ്തഫ, ഭാര്യയും മുൻ പഞ്ചാബ് മന്ത്രിയുമായ റസിയ സുൽത്താന, മകൾ, മരുമകൾ എന്നിവരെ പ്രതിചേർത്താണ് കേസ്.
രാഷ്ട്രീയ ഗൂഢാലോചനയെന്ന് മുസ്തഫ
വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുമ്പോഴാണ് മുസ്തഫ തനിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളെ ശക്തമായ ഭാഷയിൽ പ്രതിരോധിച്ചത്. “ഒരേയൊരു മകനെ നഷ്ടപ്പെടുന്നതിനേക്കാൾ വലിയ വേദന ഒരു അച്ഛന് ഈ ലോകത്തില്ല. എന്നാൽ ഈ ദുരന്തം എന്റെ ഉള്ളിലെ പട്ടാളക്കാരനെ ഉണർത്തി,” വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഷംസുദ്ദീൻ ചൗധരി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്. മരണത്തിന് മുമ്പ് അഖിൽ കുടുംബത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഒരു വീഡിയോ റെക്കോർഡ് ചെയ്തിരുന്നുവെന്നും, കുടുംബം അഖിലിനെ ബന്ദിയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ, പരാതിക്കാരൻ ഒരു “രാഷ്ട്രീയക്കാരന്റെ കയ്യിലെ പാവ” മാത്രമാണെന്ന് മുസ്തഫ തിരിച്ചടിച്ചു.

അക്തരുടെ വീഡിയോയിലെ വിവരങ്ങള്‍.
അക്തറുടെ വീഡിയോ പ്രകാരം തന്റെ പിതാവും തന്റെ ഭാര്യയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നും താൻ അതിനെ ചോദ്യം ചെയ്തതിനു തനിക്കെതിരെ അവർ തിരിഞ്ഞെന്നും പിതാവും കുടുംബവും ചേർന്ന് തന്നെ ഏത് നിശവും കൊല്ലുമെന്നുമൊക്കെ ആരോപണങ്ങൾ ഉണ്ടായിരുന്നു. തൻ്റെ അമ്മയ്ക്കും സഹോദരിക്കും ഇതിൽ റോൾ ഉണ്ടെന്നും ഇയാൾ വിഡിയോയിൽ പറഞ്ഞു . എന്നാൽ പിന്ചെണ്ട് ഇയാൾ തന്നെ പുറത്തു വിട്ട മറ്റൊരു വിഡോയിൽ കുടുംബത്തിനെ പിന്തുണച്ചുകൊണ്ട് തനറെ മാനസിക പ്രശ്നങ്ങൾ കാരണമാണ് താൻ കുടുംബത്തിനെതിരെ പറഞ്ഞതെന്നും തനിക്ക് സ്കീസോഫ്രേനിയ ആണെന്നും ഒക്കെ പറയുന്നുണ്ട്. തനിക്ക് ഇത്രയും നല്ല ഒരു കുടുംബം ലഭിച്ചതിൽ ഭാഗ്യവാനാണ് താൻ എന്നും അയാൾ പറയുന്നുണ്ടായിരുന്നു
’18 വർഷമായി അവൻ മയക്കുമരുന്നിന് അടിമ’
തന്റെ മകൻ കഴിഞ്ഞ പതിനെട്ട് വർഷമായി മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും മുസ്തഫ നടത്തി. ആ ദുരന്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “എന്റെ മകൻ 18 വർഷമായി മയക്കുമരുന്നിന് അടിമയായിരുന്നു. അവനെ രക്ഷിക്കാൻ ഞാൻ പലയിടത്തും ചികിത്സിച്ചു. രണ്ടും മൂന്നും ദിവസം മുറിയിൽ പൂട്ടിയിടുക വരെ ചെയ്തിട്ടുണ്ട്. ഇതൊരു കൊലപാതകമല്ല, ഒരു ദുരന്തമാണ്. ആളുകൾ അതിനെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണ്.”
“ഒരു കുട്ടി എത്ര തെറ്റ് ചെയ്താലും, ഒരു അച്ഛൻ എപ്പോഴും അവരെ ലോകത്തിൽ നിന്ന് സംരക്ഷിക്കാൻ നോക്കും. എന്നിട്ടും ചിലർ ഈ സാഹചര്യത്തെ തരംതാണ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നു. ഒരു അച്ഛൻ സ്വന്തം മകനെ കൊല്ലുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?” അദ്ദേഹം ചോദിച്ചു.
കേസുമായി പോലീസ്; പ്രത്യേക അന്വേഷണ സംഘം
അതേസമയം, കേസ് അതീവ ഗൗരവമായാണ് കാണുന്നതെന്ന് പഞ്ച്കുള ഡിസിപി സൃഷി ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. “മുൻ ഡിജിപിയുടെ മകനെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞങ്ങൾക്ക് ഒരു പരാതി ലഭിച്ചു, അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കൊലപാതകത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്,” ഡിസിപി വ്യക്തമാക്കി. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും (SIT) രൂപീകരിച്ചിട്ടുണ്ട്.
മരണശേഷം പുറത്തുവന്നതായി പറയപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ, മെഡിക്കൽ-ഫോറൻസിക് റിപ്പോർട്ടുകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവയെല്ലാം എസ്‌ഐടി വിശദമായി പരിശോധിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
മകന്റെ മരണത്തിലെ ദുഃഖം ഉള്ളിലൊതുക്കി, തനിക്കെതിരായ ആരോപണങ്ങളെ ഒരു പട്ടാളക്കാരന്റെ വീര്യത്തോടെ നേരിടുമെന്നും മുസ്തഫ പ്രഖ്യാപിച്ചു. “മകന്റെ മരണശേഷം ഞങ്ങൾ ദുഃഖത്തിലായിരുന്നു. എന്നാൽ എനിക്കെതിരെ ആരോപണങ്ങൾ വന്നപ്പോൾ, ഇന്ന് ഞാൻ എന്റെ ഉള്ളിലെ അച്ഛനെ കുഴിച്ചുമൂടി. ഇനി ഒരു പട്ടാളക്കാരനെപ്പോലെ ഈ ആരോപണങ്ങളെ നേരിടും,” അദ്ദേഹം കൂട്ടിച്ചേർത്തു.








