മലയാളത്തിന്റെ മഹാനടൻ അഭിനയ കുലപതി മധു വിനു ഇന്നലെ 91 വയസ്സ് തികഞ്ഞു. മോഹൻലാലും മമ്മൂട്ടിയുമുൾപ്പടെ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അദ്ദേഹത്തിന് ആശംസയർപ്പിച്ചു എത്തിയിരുന്നു. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും സീനിയർ ആയ മലയാളം നടനാണ് മധു. മധുവിന്റെ ജന്മദിനത്തോടനുബന്ധിച്ചു അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ പലരും പല തരത്തിലുള്ള ആശംസ കുറിപ്പുകൾ പങ്ക് വച്ചിട്ടുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു പിറന്നാൾ ആശംസ കുറിപ്പുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ . തന്റെ വ്യക്ത ജീവിതത്തിൽ ഒരിക്കലൂം മറക്കാൻ ആവാത്ത വ്യക്തിയാണ് ശ്രീ മധുവെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നുണ്ട്.
സിനിമ സംഘടനകളിൽ നിന്നും ഉണ്ടായ അപ്രഖ്യാപിത വിലക്ക് കാരണം കരിയറിന്റെ വില്ലപ്പെട്ട പന്ത്രണ്ടു വര്ഷം സിനിമ ചെയ്യാനാകാതെ അല്ലെങ്കിൽ സിസിനിമ ചെയ്യാൻ സമ്മതിക്കാതെ തന്നെ ഒതുക്കി നിർത്തിയതിനെതിരെ വിനയൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ യിൽ പരാതി നൽകുകയും കേസ് സുപ്രീം കോടതി വരെ പോയി അനുകൂല് വിധി അദ്ദേഹം നേടിയെടുക്കുകയും വിനയനു വിലക്കേർപ്പെടുത്താൻ മുന്നിൽ നിന്ന പലർക്കും ഒടുവിൽ പിഴയടച്ചു തടിതപ്പേണ്ടി വന്നു എന്ന് മുൻപ് പലപ്പോഴും വിനയൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തന്റെ കുറിപ്പിൽ വിനയൻ പറയുന്ന പ്രസക്തമായ കാര്യം അന്ന് തനിക്ക് അനുകൂലമായി സുപ്രീം കോടതിയിൽ മധു നൽകിയ മൊഴിയാണ് തന്നെ നശിപ്പിക്കാൻ ആയി കച്ചകെട്ടിയ സിനിമാക്കാരെ തോൽപ്പിച്ചു എല്ലാവര്ക്കും മുന്നിൽ തലഉയർത്തിപ്പിടിക്കാൻ തനിക്ക് ശക്തി തന്നത് എന്ന് .
വിനയന്റെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ
മലയാളത്തിന്റെ മഹാനടന് പിറന്നാൾ ആശംസകൾ…
ഇദ്ദേഹം ഈ കാലഘട്ടത്തിന്റ ഇതിഹാസമായ മഹാനടൻ മാത്രമല്ല.. മനസ്സിൽ സത്യവും,നന്മയും നിലപാടുകളുമുള്ള അപൂർവ്വ വ്യക്തിത്വം കൂടിയാണ്..
എന്റെ ജീവിത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത മാനുഷിക ഭാവം…
മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെ കുറിച്ച് വലിയ ചർച്ചകൾ നടക്കുന്ന കാലമാണല്ലോ ഇത് പേര് എന്തായാലും കൊള്ളാം ഒരു ഡസനിലേറെ വരുന്ന ഒരു ഗ്രൂപ്പ് 2011 ൽ തന്നെ സമീപിച്ച് വിനയന്റെ സിനിമയിൽ അഭിനയിക്കരുതെന്ന് നിർബന്ധിച്ചെന്നും മേടിച്ച അഡ്വാൻസ് തിരിച്ചു കൊടുക്കണമെന്നും പറഞ്ഞതായി സുപ്രീം കോടതി വരെ പോയ ഒരു കേസിൽ പി മാധവൻ നായർ എന്ന മധു സാർ സാക്ഷി മൊഴി കൊടുത്തു. ഈ പവർഗ്രൂപ്പിനെ എല്ലാം തൃണവൽഗണിച്ചു കൊണ്ട് ബഹുമാന്യനായ മധുസാർ കോടതിയിൽ വന്ന് സത്യം സത്യമായി മൊഴികൊടുത്തതു കൊണ്ടു മാത്രമാണ് എന്റെ നേര് ജനത്തിനെ ബോദ്ധ്യപ്പെടുത്താനും എന്നെ ദ്രോഹിച്ചു കൊണ്ടിരുന്ന സിനിമയിലെ ചില കള്ളക്കൂട്ടങ്ങളെ തോൽപ്പിച്ച് തല ഉയർത്തിപ്പിടിച്ചു നടക്കാനും എനിക്കു കഴിഞ്ഞത്.
കേസിന്റെ വിധിയുടെ 61-ാം പേജിൽ 7.68 പാരഗ്രാഫിന്റെ സ്ക്രീൻ ഷോട്ട് ഞാൻ ഇതോടൊപ്പം ഇടുന്നുണ്ട് മധുസാറിനോടുള്ള ചോദ്യവും അതിനു സാർ പറഞ്ഞ ഉത്തരവും ആ വിധിന്യായത്തിൽ എടുത്തെഴുതിയിരിക്കുന്നു..ഈ വിധിന്യായത്തിന്റ മുഴുവൻ ഭാഗവും CCI യുടെ വെബ്സൈററിൽ പോയാൽ വായിക്കാം.. ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വളരെ പ്രാധാന്യത്തോടെ ഇന്ത്യൻ സിനിമയിലെ തന്നെ വിപ്ളവകരമായ ആ വിധിയെപ്പറ്റി പഞ്ഞതു കൊണ്ടു മാത്രമാണ് നാട്ടിൽ വിധിയും ശിക്ഷയുമൊക്കെ വീണ്ടും ചർച്ച ആയത്.
മധുസാറിന്റെ മൊഴിയിൽ തൊഴിൽ വിലക്കിനായി അദ്ദേഹത്തിന്റ അടുത്തു വന്നവരിൽ രണ്ടു പേരു മാത്രമേ അദ്ദേഹം ഓർത്തിരിക്കുന്നുള്ളു എന്നാണ് പറഞ്ഞത്.. ഒന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയും മറ്റൊന്ന് പ്രമുഖ നിർമ്മാതാവും.വർഷങ്ങൾക്കു ശേഷം വിസ്താരം നടന്നതു കൊണ്ടാണ് സാറതു മറന്നത്. പക്ഷേ 2011ൽ ആ ദിവസം ഇവരെ വെളിയിലിരുത്തിക്കൊണ്ട് അകത്തേ മുറിയിയിൽ വന്ന് എനിക്കു ഫോൺ ചെയ്തപ്പോൾ മധുസാർ പറഞ്ഞ മുഴുവൻ പേരും ഞാനോർക്കുന്നുണ്ട്.. ഈ പോസ്റ്റ് വായിക്കുന്ന പ്രമുഖരും ഇപ്പോളതു സ്വയം ഓർക്കുന്നുണ്ടാകുമല്ലോ?അല്ലേ? എന്തൊരു നെറികെട്ട ചതിയൻമാരാണന്നു നിങ്ങളെന്നു സ്വയം ചിന്തിച്ചു നോക്കു സുഹൃത്തുക്കളെ.. ഒരുത്തന്റെ പണി ഇല്ലാതാക്കാൻ കാണിച്ച ആവേശം.
മധു സാർ… സാറിനെ പോലുള്ള കുറച്ചു സിനിമാക്കാർ എന്നോടു കാണിച്ച സ്നേഹം എനിക്കു മറക്കാൻ കഴിയില്ല. സൂപ്പർ സ്ററാറുകളുടെ ഡേറ്റ് സംഘടിപ്പിച്ച് കുറേ സിനിമ ചെയ്യാനായിരുന്നെൻകിൽ ഈ പോരാട്ടം ഒന്നും വേണ്ടായിരുന്നു സാർ.. നട്ടെല്ലു തെല്ലൊന്നു വളച്ച് നല്ല പിള്ള ആയാൽ മതിയായിരുന്നു.
സാറിന് എന്നോടുള്ള സ്നേഹം കൊണ്ടു മാത്രമാണന്നു തോന്നുന്നില്ല ഇതുപോലെ മൊഴി കൊടുക്കാൻ കാരണം. എന്നെക്കാൾ സാറിനു വർഷങ്ങളായി ബന്ധമുള്ളവർ മറുഭാഗത്തുണ്ടായിരുന്നു. പക്ഷേ സാറു നിന്നത് സത്യത്തിന്റെ കൂടെയാണ് ചതിക്കെതിരെ ആണ്.. നന്മയുള്ള ആ നിലപാടിന്റ മുന്നിൽ പ്രണമിച്ചു കൊണ്ട് ഈ ജന്മ ദിനത്തിൽ പ്രാർത്ഥനയോടെ ആയിരമായിരം ആശംസകൾ.