
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിയിൽ നിർണ്ണായകമായത് പ്രോസിക്യൂഷൻ പ്രധാന സാക്ഷിയായി കണ്ട മഞ്ജു വാര്യരുടെ മൊഴികളിലെ പൊരുത്തക്കേടുകൾ. കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിൽ നിർണ്ണായകമാകുമെന്ന് കരുതിയ മഞ്ജു വാര്യരുടെ (PW 34) മൊഴികൾ, വിചാരണ വേളയിൽ പ്രോസിക്യൂഷന് തന്നെ തിരിച്ചടിയാകുന്ന കാഴ്ചയാണ് വിധിന്യായത്തിൽ വ്യക്തമാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയും കോടതിയിൽ നൽകിയ സത്യവാങ്മൂലവും തമ്മിലുള്ള വലിയ അന്തരം ദിലീപിന് അനുകൂല ഘടകമായി മാറുകയായിരുന്നു.
നടിയെ ആക്രമിക്കാൻ ദിലീപിനെ പ്രേരിപ്പിച്ചത് വ്യക്തിവൈരാഗ്യമാണെന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷൻ മഞ്ജു വാര്യരുടെ മൊഴിയെ പ്രധാനമായും ആശ്രയിച്ചത്. ദിലീപും കാവ്യ മാധവനും തമ്മിലുള്ള ബന്ധം അതിജീവിത മഞ്ജുവിനെ അറിയിച്ചതാണ് ദാമ്പത്യ തകർച്ചയ്ക്കും പകയ്ക്കും കാരണമായതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, ഈ വാദങ്ങളെ സാധൂകരിക്കുന്ന കൃത്യമായ വിവരങ്ങൾ ആദ്യഘട്ടത്തിൽ മഞ്ജു പോലീസിന് നൽകിയ മൊഴിയിൽ ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് കോടതിയിൽ വിസ്താരവേളയിൽ മഞ്ജു വാര്യർ നൽകിയ വിശദാംശങ്ങൾ “കൂട്ടിച്ചേർക്കലുകൾ” ആണെന്ന സംശയം ജനിപ്പിക്കുന്നതായിരുന്നുവെന്ന് 1800-ഓളം പേജുകളുള്ള വിധിന്യായം ചൂണ്ടിക്കാട്ടുന്നു.
വിധിന്യായത്തിലെ 276-ാം പേജ് മുതൽ മഞ്ജു വാര്യരുടെ മൊഴികളെക്കുറിച്ചും അതിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചും കോടതി വിശദമായി പരാമർശിക്കുന്നുണ്ട്. 2013 ഏപ്രിൽ 17-ന് ദിലീപിന്റെ വീട് വിട്ടിറങ്ങിയപ്പോൾ താൻ താലി ഊരിവെച്ചിരുന്നെന്നും, ദൂരയാത്ര പോകുന്നു എന്ന് ദിലീപിന്റെ അമ്മയോട് പറഞ്ഞിരുന്നെന്നും മഞ്ജു കോടതിയിൽ മൊഴി നൽകിയിരുന്നു. തുടർന്ന് സുഹൃത്തായ ഗീതു മോഹൻദാസിന്റെ മുംബൈയിലെ വസതിയിലാണ് താമസിച്ചതെന്നും അവർ വ്യക്തമാക്കി. എന്നാൽ, ഇത്രയും നിർണ്ണായകമായ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ ആദ്യ മൊഴിയിൽ എവിടെയും മഞ്ജു വാര്യർ പരാമർശിച്ചിരുന്നില്ല.

ദിലീപുമായുള്ള കാവ്യയുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞത് കാവ്യയുടെ ദിലീപും തമ്മിലുള്ള സ്വകാര്യ മെസേജുകളിൽ നിന്നായിരുന്നു എന്നും അറിഞ്ഞപ്പോൾ താൻ കാവ്യ മാധവനെയും ദിലീപിനെയും ഫോണിൽ വിളിച്ചിരുന്നുവെന്നും എന്നാൽ കാവ്യാ ഒരു പൊട്ടി പെണ്ണാണ് എന്നും അവൾ അയക്കുന്ന മെസേജുകൾ വലിയ കാര്യമാക്കേണ്ട എന്നും ദിലീപ് പറഞ്ഞു എന്നും കാവ്യയെ വിളിച്ചപ്പോൾ കാവ്യയും ഒഴിഞ്ഞു മാറുകയായിരുന്നു എന്നും , കാവ്യയുടെ അമ്മയോട് ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ അവർക്ക് ഈ ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും മഞ്ജു കോടതിയിൽ പറഞ്ഞു. കൂടാതെ, സംയുക്ത വർമ്മയ്ക്കും ഗീതു മോഹൻദാസിനും ഒപ്പമാണ് താൻ അതിജീവിതയുടെ വീട്ടിലെത്തി കാര്യങ്ങൾ സംസാരിച്ചതെന്നും അവർ മൊഴി നൽകി. എന്നാൽ, ഈ കാര്യങ്ങളൊന്നും തന്നെ പോലീസിന് നൽകിയ മൊഴിയിൽ ഉൾപ്പെടുത്തിയിരുന്നില്ല എന്നത് വിചാരണ വേളയിൽ വലിയ ചോദ്യചിഹ്നമായി മാറി.
പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ളയുടെ ക്രോസ് വിസ്താരത്തിലാണ് ഈ വൈരുദ്ധ്യങ്ങൾ പ്രധാനമായും വെളിച്ചത്തുവന്നത്. അതിജീവിതയുടെ പിതാവിന്റെ നിർബന്ധപ്രകാരമാണ് അവർ തന്നോട് ദിലീപിന്റെ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയതെന്ന് മഞ്ജു കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, ഇതും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നില്ല. കോടതിയിൽ പറഞ്ഞ പല നിർണ്ണായക കാര്യങ്ങളും അന്വേഷണ ഘട്ടത്തിൽ മറച്ചുവെച്ചത്, പിന്നീട് അഭിഭാഷകരുടെ നിർദ്ദേശപ്രകാരം മൊഴിയിൽ മാറ്റം വരുത്തിയതാണോ എന്ന സംശയം കോടതിക്ക് ഉണ്ടാക്കി.
ദിലീപുമായുള്ള വിവാഹമോചന ഹർജിയിൽ “മ്യൂച്വൽ പെറ്റീഷൻ” നൽകാൻ മുൻകൈ എടുത്തത് ആരാണെന്ന കോടതിയുടെ ചോദ്യത്തിന് “ഓർമ്മയില്ല” എന്ന മറുപടിയാണ് മഞ്ജു നൽകിയത്. ദിലീപാണ് ആദ്യം വിവാഹ മോചനത്തിന് തയായറെടുത്തു പെറ്റിഷൻ കൊടുത്തത് .വിവാഹമോചനത്തിന് കാരണമായ ശക്തമായ സാഹചര്യങ്ങളെക്കുറിച്ച് കോടതിയിൽ വിശദീകരിക്കുമ്പോഴും, അതിന് ആധാരമായ തെളിവുകൾ അന്വേഷണ ഘട്ടത്തിൽ ഹാജരാക്കാതിരുന്നത് പ്രോസിക്യൂഷൻ വാദങ്ങളെ ദുർബലപ്പെടുത്തി.
ഗൂഢാലോചന കുറ്റം തെളിയിക്കാൻ സാഹചര്യ തെളിവുകളെയും സാക്ഷിമൊഴികളെയും മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്, പ്രധാന സാക്ഷിയുടെ മൊഴികളിലെ ഈ പൊരുത്തക്കേടുകൾ വലിയ തിരിച്ചടിയായി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ പോലെ തന്നെ, മഞ്ജു വാര്യരുടെ മൊഴികളും കൃത്യമായി സാധൂകരിക്കാൻ കഴിയാതെ പോയതാണ് ദിലീപിനെ കുറ്റവിമുക്തനാക്കുന്നതിൽ നിർണ്ണായകമായത്. നീതിപൂർവ്വമായ വിചാരണയിൽ സംശയത്തിനതീതമായ തെളിവുകൾ അനിവാര്യമാണെന്നിരിക്കെ, മൊഴികളിലെ ഈ മാറ്റങ്ങൾ കോടതിക്ക് അവഗണിക്കാനായില്ല എന്ന് വിധിന്യായം വ്യക്തമാക്കുന്നു.









