
സിനിമയെന്നത് വെറുമൊരു വിനോദോപാധി മാത്രമല്ല, അത് സമൂഹത്തിന്റെ തന്നെ പ്രതിഫലനമാണ്. തങ്ങൾ തികഞ്ഞ ‘പ്രൊഫഷണലുകൾ’ ആണെന്നും കലയാണ് വലുതെന്നും പല താരങ്ങളും വേദികളിൽ പ്രസംഗിക്കാറുണ്ടെങ്കിലും, യഥാർത്ഥ ജീവിതത്തിൽ കാര്യങ്ങൾ അങ്ങനെയല്ല. പലപ്പോഴും സിനിമയിലെ സൗന്ദര്യ സങ്കൽപ്പങ്ങൾക്കും താരമൂല്യങ്ങൾക്കും മുന്നിൽ കഴിവിന് സ്ഥാനമില്ലാതെ പോകുന്നു. നായകന്റെ സൗന്ദര്യവും താരപദവിയും നോക്കി മാത്രം സിനിമകൾ തിരഞ്ഞെടുക്കുന്ന പ്രവണത നടിമാർക്കിടയിൽ ഇന്നും ശക്തമാണെന്ന് തെളിയിക്കുന്ന ചില സംഭവവികാസങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ചരിത്രം ആവർത്തിക്കപെടുകയായിരുന്നു.ഇതൊരു പുതിയ കഥയല്ല. മുൻപ് മലയാളത്തിന്റെ പ്രിയനടൻ കലാഭവൻ മണി നായകനായെത്തിയ കാലഘട്ടത്തിലും സമാനമായ സാഹചര്യങ്ങൾ ഉണ്ടായിരുന്നു. മണിയുടെ നായികയാകാൻ അന്നത്തെ പല മുൻനിര നടിമാരും മടിച്ചുനിന്നു. നിറത്തിന്റെയും ജാതിയുടെയും പേരിൽ സിനിമാലോകത്ത് നിലനിന്നിരുന്ന അയിത്തമായിരുന്നു അന്ന് ചർച്ചാവിഷയം. ഒടുവിൽ അന്യഭാഷാ താരം രംഭ ആ വേഷം ഏറ്റെടുത്തതും, അത് വലിയ വാർത്തയായതും മലയാളികൾ മറന്നിട്ടുണ്ടാകില്ല. കാലം മാറിയിട്ടും ആ പഴയ ചിന്താഗതികൾക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ഓർമ്മിപ്പിക്കുകയാണ് പുതിയൊരു വിവാദം.
ഇന്ദ്രൻസിനൊപ്പം അന്ന് അഭിനയിക്കാൻ നായികമാർ മടിച്ചു
ആർ. ശരത് സംവിധാനം ചെയ്ത ‘ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു’ (2016 )എന്ന ചിത്രത്തിൽ മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടന്മാരിൽ ഒരാളായ ഇന്ദ്രൻസായിരുന്നു നായകൻ.ജഗദീഷ് ,നെടുമുടി വേണു, നന്ദു പി ബാലചന്ദ്രൻ ,പ്രവീണ, സോനാ നായർ അടക്കം വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എന്നാൽ, ഇന്ദ്രൻസാണ് നായകൻ എന്ന ഒറ്റക്കാരണത്താൽ പ്രമുഖരായ രണ്ട് നടിമാരാണ് അന്ന് ആ പ്രോജക്റ്റിൽ നിന്ന് പിന്മാറിയത്.

സംവിധായകൻ ആദ്യം സമീപിച്ചത് പ്രശസ്ത നടി ആശാ ശരത്തിനെയായിരുന്നു. എന്നാൽ ഇന്ദ്രൻസിന്റെ നായികയായി അഭിനയിക്കുന്നത് തന്റെ ‘സ്റ്റാർ ഇമേജിനെ’ ബാധിക്കുമെന്ന് പറഞ്ഞ് അവർ ഈ വേഷം നിരസിച്ചു. തുടർന്നാണ് സംവിധായകൻ ലക്ഷ്മി ഗോപാലസ്വാമിയെ സമീപിക്കുന്നത്.
പേര് മാറിപ്പോയതോ, അതോ മാറ്റിയതോ?
ഏറെ കൗതുകകരവും എന്നാൽ ചിന്തിപ്പിക്കുന്നതുമായ സംഭവമാണ് പിന്നീട് നടന്നത്. സിനിമയിൽ തിരക്കുകൾ കുറഞ്ഞുനിൽക്കുന്ന സമയമായതുകൊണ്ടും, ആർ. ശരത്തിനെപ്പോലൊരു നല്ല സംവിധായകന്റെ ചിത്രമായതുകൊണ്ടും ലക്ഷ്മി ഗോപാലസ്വാമി ആദ്യം സമ്മതം മൂളി. പൂജയ്ക്കുള്ള തീയതിയും തീരുമാനിച്ചു. എന്നാൽ പൂജയുടെ തൊട്ടു തലേദിവസം ലക്ഷ്മി പിന്മാറുകയാണെന്ന് സംവിധായകനെ അറിയിച്ചു.
ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകൻ എന്ന് തെറ്റിദ്ധരിച്ചാണ് താൻ സമ്മതിച്ചതത്രേ! ഇന്ദ്രൻസാണ് നായകനെന്ന സത്യം വൈകിയാണ് താൻ തിരിച്ചറിഞ്ഞതെന്നും, അതിനാൽ ഈ വേഷം ചെയ്യാൻ സാധിക്കില്ലെന്നും ലക്ഷ്മി തുറന്നടിച്ചു. അവിടം കൊണ്ടും തീർന്നില്ല, ഇന്ദ്രൻസിന് പകരം ഇന്ദ്രജിത്തിനെ നായകനാക്കിയാൽ പ്രതിഫലം കുറച്ചു വേണമെങ്കിലും താൻ അഭിനയിക്കാമെന്നൊരു ‘വാഗ്ദാനവും’ അവർ സംവിധായകന് നൽകി.
നിലപാടിൽ ഉറച്ച് സംവിധായകൻ
നായകന്റെ പേരും പ്രശസ്തിയും നോക്കി നിലപാടുകൾ മാറ്റാൻ സംവിധായകൻ ആർ. ശരത് തയ്യാറായില്ല. തന്റെ സിനിമയ്ക്ക് ഇന്ദ്രൻസ് എന്ന നടനെയാണ് ആവശ്യം എന്ന തീരുമാനത്തിൽ അദ്ദേഹം ഉറച്ചുനിന്നു. നായികമാരുടെ നിബന്ധനകൾക്ക് വഴങ്ങി നായകനെ മാറ്റാൻ അദ്ദേഹം തയ്യാറായില്ല.
ചാർളി ചാപ്ലിനെ ആരാധിക്കുകയും, അദ്ദേഹത്തെപ്പോലെ ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു നടന്റെ വേഷമാണ് ചിത്രത്തിൽ ഇന്ദ്രൻസ് കൈകാര്യം ചെയ്യുന്നത്. ചാപ്ലിന്റെ ജീവിതത്തിലെന്നപോലെ, ഈ കഥാപാത്രത്തിനും മൂന്ന് ഭാര്യമാരുണ്ട്. അതിലൊരു വേഷം ചെയ്യാൻ നടി പ്രവീണ തയ്യാറായിട്ടുണ്ട്.
വാൽക്കഷ്ണം
സൗന്ദര്യത്തിനും താരപ്പകിട്ടിനും അപ്പുറം അഭിനയമാണ് വലുതെന്ന് വിശ്വസിക്കുന്ന ഒരു ചെറിയ വിഭാഗം ഇപ്പോഴും സിനിമയിലുണ്ട്. പിൽക്കാലത്ത് ‘ആളൊരുക്കം’, ‘ഹോം’ തുടങ്ങിയ സിനിമകളിലൂടെ താനൊരു മികച്ച നടനാണെന്ന് ഇന്ദ്രൻസ് തെളിയിച്ചപ്പോൾ, അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചവർക്ക് അത് വലിയൊരു നഷ്ടമായി തോന്നിയിട്ടുണ്ടാകാം. തൊലിപ്പുറത്തെ സൗന്ദര്യമല്ല, മറിച്ച് ഉള്ളിലെ പ്രതിഭയാണ് ഒരു കലാകാരനെ അളക്കേണ്ടത് എന്ന് ഈ സംഭവം വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു.









