
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അനുകൂലിച്ച് മുതിർന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ദിലീപ് നിരപരാധിയാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും, അങ്ങനെയൊരു ക്രൂരകൃത്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേസിന്റെ പേരിൽ ദിലീപിനെതിരെ നടന്നത് മാധ്യമവിചാരണയാണെന്നും, പോലീസ് പല കള്ളക്കഥകളും പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
“വ്യക്തിപരമായി എനിക്ക് അദ്ദേഹത്തെ അറിയാം. അദ്ദേഹവുമായി ഇടപെട്ടിട്ടുള്ള ഒരാളെന്ന നിലയിൽ പറയുകയാണ്, അങ്ങനെയൊരു കൃത്യം ചെയ്യാൻ ദിലീപിന് കഴിയില്ല. യാതൊരു തെളിവുമില്ലാതെ ജനങ്ങൾ ഒന്നടങ്കം ഒരാൾക്കെതിരെ തിരിയുന്നത് ശരിയാണെന്ന് എനിക്ക് അഭിപ്രായമില്ല,” അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.ഒരേ മൊബൈൽ ടവറിന് കീഴിലുണ്ടായിരുന്നു എന്നത് കൊണ്ടുമാത്രം ഒരാളെ കുറ്റവാളിയാക്കാൻ കഴിയില്ലെന്നും, ഒരു ടവറിന് കീഴിൽ എത്രയോ ആളുകൾ വരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസ് അന്വേഷണ ഘട്ടത്തിൽ പോലീസ് പച്ചക്കള്ളം പ്രചരിപ്പിച്ചുവെന്ന് അടൂർ ഗുരുതരമായ ആരോപണം ഉന്നയിച്ചു. തന്റെ സംവിധാനത്തിൽ ദിലീപ് നായകനായ ‘പിന്നെയും’ എന്ന സിനിമയുടെ സെറ്റിൽ മുഖ്യപ്രതിയായ പൾസർ സുനി വന്നിരുന്നുവെന്നും, അവിടെ എല്ലാവർക്കും സുനി പ്രിയപ്പെട്ടവനായിരുന്നുവെന്നും പോലീസ് കഥയുണ്ടാക്കി. “അന്ന് ആ വാർത്ത കണ്ടപ്പോൾ തന്നെ ഞാൻ എന്റെ പ്രൊഡക്ഷൻ മാനേജരെ വിളിച്ച് കാര്യം തിരക്കി. അയാളോട് പോയി കൃത്യമായി കാര്യങ്ങൾ അന്വോഷിക്കാൻ പറഞ്ഞു , അവിടെ അങ്ങനെ ഒരാൾ വന്നില്ല എന്നും അത് കള്ളമാണ് എന്നും മനസിലായി.

അന്ന് താൻ തന്റെ പ്രൊഡക്ഷൻ മാനേജരോട് അതിനെ സംബന്ധിച്ചുള്ള വസ്തുത തുറന്നു പറയാൻ പറഞ്ഞതാണ് ആദ്യം സമ്മതിച്ച അയാൾ പക്ഷേ അയാളെ പലരും വിലക്കി ,അത് പിന്നീട് അയാൾക്ക് ദോഷം ചെയ്യും എന്ന് പറഞ്ഞു താൻ പിന്നീട് നിർബന്ധിച്ചില്ല . . ഷൂട്ടിംഗ് നടക്കുന്ന വീടിനകത്തേക്ക് ഞാനറിയാതെ ആരെയും കയറ്റാറില്ല. പോലീസുകാർ ഉണ്ടാക്കിയ പച്ചക്കള്ളമായിരുന്നു അത്,” അടൂർ പറഞ്ഞു.
ദിലീപിനെതിരെ മാധ്യമങ്ങൾ നടത്തിയത് നീതീകരിക്കാനാവാത്ത ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. “തെളിവില്ലാതെ ഒരാളെ ക്രൂശിക്കുന്നത് ശരിയല്ല. ദിലീപ് നിരപരാധിയാണെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതിന് പിന്നിൽ നമുക്കറിയാത്ത പല കാര്യങ്ങളും ഗൂഢാലോചനകളും ഉണ്ട്,” അത് പലതും തനിക്ക് തുറന്നു പറയാൻ കഴിയില്ല എന്നും പിന്നീട് ഒരുപാടുപേർക്ക് മറുപടി കൊടുക്കേണ്ടി വരും എന്നും അദ്ദേഹം പറയുന്നു, അവർക്ക് ദിലീപിനെ ശിക്ഷിക്കാൻ കഴിയില്ല കാരണം ഒരു തെളിവുമില്ലാതെ കേസാണ് ഇത്, അദ്ദേഹം കൂട്ടിച്ചേർത്തു. കലയെയും കലാകാരനെയും രണ്ടായി കാണണമെന്നും,

വ്യക്തിജീവിതത്തിലെ കാര്യങ്ങൾ വെച്ച് ഒരാളുടെ കലാസൃഷ്ടിയെ വിലയിരുത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് ഉദാഹരണമായി കവി ചങ്ങമ്പുഴയുടെ ജീവിതത്തെയും അദ്ദേഹം പരാമർശിച്ചു. ചങ്ങമ്പുഴ വളരെ മോശമായ ജീവിതം നയിച്ച വ്യക്തിയാണ് പക്ഷേ അദ്ദേഹത്തിന്റെ കലാസൃഷ്ടിയെ നമുക്ക് അങ്ങനെ കാണാൻ പറ്റുമോ ? അദ്ദേഹത്തിന്റെ കവിതകളെ മലയാളികൾക്ക് മാറ്റി നിർത്താൻ ആകുമോ?
ദിലീപ് നായകനായ ‘പിന്നെയും’ എന്ന ചിത്രം ചെയ്യാൻ തീരുമാനിച്ചത് കേസ് കത്തിനിൽക്കുന്ന സമയത്താണോ എന്ന ചോദ്യത്തിന്, അതിനു മുന്നേ ആയിരുന്നു എന്നും തനിക്ക് ആ കഥാപാത്രത്തിന് അനുയോജ്യനായ നടനെയായിരുന്നു വേണ്ടതെന്നും, അതിനായി ദിലീപിനെ തിരഞ്ഞെടുത്തു എന്നുമാത്രമേയുള്ളൂ എന്നും അദ്ദേഹം മറുപടി നൽകി. വിവാദങ്ങൾ ഭയന്ന് സത്യം പറയാതിരിക്കാൻ താൻ തയ്യാറല്ലെന്നും, പോലീസ് വേട്ടയാടുമെന്ന് ഭയന്നാണ് പലപ്പോഴും പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വരുന്നതിന് മുൻപുള്ള സാഹചര്യത്തിലാണ് ഈ അഭിമുഖം എന്നതും ശ്രദ്ധേയമാണ്.









