“ശബ്ദം പൂർണ്ണമായും നിലച്ചു, കൈ തളർന്നുപോയി”; കാൻസർ ദിനങ്ങളിൽ താൻ ‘മേക്കപ്പ്’ ഇട്ടത് എന്തിനെന്ന് വെളിപ്പെടുത്തി ജൂവൽ മേരി

1

സ്റ്റേജിൽ ചിരിച്ചും കളിച്ചും തന്റെ മുഴുവൻ ഊർജ്ജവും പ്രേക്ഷകരിലേക്ക് പകർന്നുനൽകുന്ന ജൂവൽ മേരിയെയാണ് മലയാളികൾക്ക് പരിചയം. എന്നാൽ, ആ ചിരിക്കുന്ന മുഖത്തിന് പിന്നിൽ, ആരും കാണാതെ പോയ ഒരു യുദ്ധത്തിന്റെ കഥയുണ്ടായിരുന്നു. 2023-ൽ, തന്റെ ജീവിതത്തിന്റെ ഏറ്റവും തിരക്കേറിയ സമയത്താണ് അപ്രതീക്ഷിതമായി തൈറോയ്ഡ് കാൻസർ ജൂവലിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. സർജറിക്ക് ശേഷം ശബ്ദം പൂർണ്ണമായും നഷ്ടപ്പെട്ട, ഇടതുകൈ തളർന്നുപോയ ആ ഭയാനകമായ ദിവസങ്ങളെക്കുറിച്ചും, അതിജീവനത്തിന്റെ അസാധാരണമായ വഴികളെക്കുറിച്ചും ജൂവൽ മേരി ആദ്യമായി മനസ്സു തുറക്കുന്നു.

ഒരു മുന്നറിയിപ്പുമില്ലാതെ ആ ദിനം

ഏഴ് വർഷത്തിലേറെയായി ഹൈപ്പോതൈറോയ്ഡിസത്തിന് മരുന്ന് കഴിക്കുന്ന ആളാണ് ജൂവൽ. 2023-ൽ, മരുന്ന് ക്രമീകരിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ നടത്തിയ ഒരു പതിവ് പരിശോധനയാണ് എല്ലാറ്റിനും തുടക്കമിട്ടത്. “ഒരു റുട്ടീൻ സ്കാനിംഗിൽ തൈറോയ്ഡിന് ചുറ്റും ചില മുഴകൾ (Nodules) പോലെ കണ്ടെത്തി. ബിഎസ്‌സി നഴ്‌സിംഗ് പഠിച്ചതുകൊണ്ട് ‘നോഡ്യൂൾ’ എന്ന് കേട്ടപ്പോഴേ എന്റെ മനസ്സിൽ ഒരു അപായമണി മുഴങ്ങി,” ജൂവൽ പറയുന്നു.

ADVERTISEMENTS
   

ഉടൻ ബയോപ്സി എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. “ബയോപ്സി എന്ന് കേട്ടപ്പോൾ തന്നെ എന്റെ കാൽ നിലത്ത് ഉറയ്ക്കാത്ത പോലെയായി. കടുത്ത ഉത്കണ്ഠയുള്ള ആളാണ് ഞാൻ. ബയോപ്സി വേണ്ടെന്ന് പറഞ്ഞ് രക്ഷപ്പെടാൻ നോക്കിയെങ്കിലും എല്ലാവരും ചേർന്ന് സമാധാനിപ്പിച്ച് സമ്മതിപ്പിച്ചു.”

ആദ്യത്തെ ബയോപ്സി റിസൾട്ട് വന്നപ്പോൾ, ഒരു തവണ കൂടി ചെയ്യണമെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചു. അതോടെ ജൂവലിന് കാര്യം ഉറപ്പായി—സംഗതി കാൻസർ തന്നെ. രണ്ടാമത്തെ പരിശോധനയിൽ ഫലം സ്ഥിരീകരിച്ചു: തൈറോയ്ഡ് കാൻസർ.

ശബ്ദം നിലച്ച യുദ്ധക്കളം

ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ചികിത്സ. ഉടൻ തന്നെ സർജറി നിശ്ചയിച്ചു. തൈറോയ്ഡ് ഗ്രന്ഥിയും ചുറ്റുമുള്ള മുഴകളും പൂർണ്ണമായും നീക്കം ചെയ്തു. എന്നാൽ, സർജറിക്ക് ശേഷമുള്ള ദിവസങ്ങൾ ഒരു യുദ്ധക്കളം പോലെയായിരുന്നുവെന്ന് ജൂവൽ ഓർക്കുന്നു.

“ശസ്ത്രക്രിയ കഴിഞ്ഞ് എന്റെ ഇടതുകൈയ്ക്ക് ബലക്ഷയം വന്നു. കൈ ഉയർത്താൻ പോലും കഴിയാത്ത അവസ്ഥ. ഫിസിയോതെറാപ്പിയിലൂടെയാണ് അത് ഭേദമായത്. പക്ഷെ, എന്നെ ഏറ്റവും തകർത്തത് എന്റെ ശബ്ദം പൂർണ്ണമായും നിലച്ചുപോയതാണ്. എന്റെ എല്ലാ സങ്കടങ്ങളും ഞാൻ തീർക്കുന്നത് പാട്ടുപാടിയാണ്, അതും നിന്നുപോയി.”

മരിക്കുമ്പോൾ മരിച്ചാൽ മതി

“ആ സമയത്ത് കടുത്ത മാനസിക പ്രയാസങ്ങളുണ്ടായിരുന്നു. പക്ഷെ ‘നമുക്ക് നമ്മളേയുള്ളൂ, സ്വയം കൈവിട്ടാൽ എല്ലാം പോയി’ എന്നൊരു ബോധം ഉള്ളിലുണ്ടായിരുന്നു,” ജൂവൽ പറയുന്നു. കാൻസറാണെന്ന് അറിഞ്ഞപ്പോൾ ആദ്യത്തെ രണ്ട് ദിവസം താനും തകർന്നുപോയിരുന്നു. എന്നാൽ മൂന്നാം ദിവസം മനസ്സിനെ പാകപ്പെടുത്തി.

“ഒരു ദിവസം എല്ലാവരും മരിക്കും. പക്ഷേ, മരിക്കുമ്പോൾ മരിച്ചാൽ മതിയല്ലോ. അതുവരെ കിട്ടുന്ന ഓരോ ദിവസവും, ഓരോ മണിക്കൂറും സന്തോഷത്തോടെ ജീവിക്കാമെന്ന് ഞാൻ ഉറപ്പിച്ചു.” സർജറിക്ക് പോകുന്നതുവരെ തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് സന്തോഷത്തോടെ നടന്നു. അനസ്തേഷ്യ നൽകുന്നതിന് തൊട്ടുമുൻപ് “താങ്ക്യൂ ഫോർ എവരിതിങ്…” എന്ന് മനസ്സ് നിറഞ്ഞ് പറഞ്ഞാണ് കണ്ണടച്ചതെന്ന് ജൂവൽ ഓർക്കുന്നു.

രോഗിയായിരിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു

സർജറിക്ക് ശേഷമുള്ള ദിവസങ്ങളിലാണ് ജൂവൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. “കഴുത്തിൽ വലിയ മുറിവും പ്ലാസ്റ്ററും ഡ്രെയിനും എല്ലാമുണ്ട്. ആ ദിവസങ്ങളിലും ഞാൻ രാവിലെ ഉണർന്നയുടൻ മുഖം കഴുകി, കണ്ണെഴുതി, ലിപ്സ്റ്റിക് ഇട്ട് സുന്ദരിയായിരിക്കും. ആര് കണ്ടാലും എന്റെ രോഗത്തെ കാണരുത്, എന്നെ കണ്ടാൽ മതി എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.”

ശബ്ദം പൂർണ്ണമായും പോയ ഒന്നര മാസക്കാലം സ്പീച്ച് തെറപ്പിയും കഠിനമായ വോക്കൽ വ്യായാമങ്ങളും ചെയ്തു. ആ സമയത്ത് എഴുത്തായിരുന്നു ഏറ്റവും വലിയ ആശ്വാസം. വൈകാതെ കഥക് നൃത്തപഠനവും പുനരാരംഭിച്ചു. ഇതെല്ലാം ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിച്ചു.

എന്തിനാണ് രോഗവിവരം മറച്ചുവെച്ചത്?

കാൻസറാണെന്ന വിവരം അടുത്ത സുഹൃത്തുക്കളോടും കുടുംബത്തോടും അല്ലാതെ മറ്റാരോടും ജൂവൽ പറഞ്ഞിരുന്നില്ല. “അതൊരു ബോധപൂർവമായ തീരുമാനമായിരുന്നു. ഈ രോഗത്തെക്കുറിച്ച് ആളുകൾക്ക് വലിയ പേടിയാണ്. അവർ ആ പേടിയും ആകുലതകളും നമ്മുടെ മേൽ കുടഞ്ഞിടും. ചികിത്സയെക്കുറിച്ച് നൂറുകൂട്ടം ഉപദേശങ്ങളും തരും. എനിക്കതിന്റെ ആവശ്യമില്ലായിരുന്നു. വിശ്വാസമുള്ള ഒരു ഡോക്ടറെ കണ്ടെത്തുക, അദ്ദേഹം പറയുന്നത് മാത്രം കേൾക്കുക. ആശ്വസിപ്പിക്കുമെന്ന് ഉറപ്പുള്ളവരോട് മാത്രം പറയുക.”

താൻ അനുഭവിച്ച കടുത്ത മാനസിക സമ്മർദ്ദങ്ങളാകാം (വർഷങ്ങൾ നീണ്ട വിവാഹമോചന നടപടികൾ) ഈ രോഗത്തിന് കാരണമെന്ന് ജൂവൽ സംശയിക്കുന്നു. “ഒരു ഫിസിഷ്യനെ കാണുന്നതുപോലെയാണ് ഞാനൊരു സൈക്കോളജിസ്റ്റിനെയും കാണുന്നത്. മനസ്സിനെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്,” ജൂവൽ പറയുന്നു.

ഇപ്പോൾ താൻ വളരെ സന്തോഷവതിയാണെന്നും, ഒറ്റയ്ക്ക് ജീവിക്കാനുള്ള പേടിയെല്ലാം മാറിയെന്നും ജൂവൽ കൂട്ടിച്ചേർത്തു. വാടക ഫ്ലാറ്റിൽ ‘ഹൈക്കു’ എന്ന നായക്കുട്ടിക്കും വീട്ടുചെടികൾക്കുമൊപ്പം പുതിയ ജീവിതം ആസ്വദിക്കുകയാണ് ഈ പോരാളി.

ADVERTISEMENTS