
മമ്മൂട്ടിയുടെ ഭ്രമയുഗത്തിലെ കഥാപാത്രം അദ്ദേഹത്തിന് ദോഷകരമാകുമെന്നു താൻ നേരത്തെ തന്നെ പറഞ്ഞിരുന്നു എന്ന കാര്യം പങ്കുവെച്ച് പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ സുനിൽ പരമേശ്വരൻ. ‘അനന്തഭദ്രം’ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയതിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം കാന്തല്ലൂർ സ്വാമി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ഭ്രമയുഗം കണ്ട ഉടൻ താൻ മമ്മൂട്ടിയുടെ സഹോദരന്റെ സുഹൃത്തിന് മെസ്സേജ് അയച്ചതിനെക്കുറിച്ച് സുനിൽ മനസ്സ് തുറന്നത്.
‘ചില സിനിമകൾ ചെയ്യുമ്പോൾ നാം വളരെയധികം ശ്രദ്ധിക്കണം. ഭ്രമയുഗം കണ്ടയുടൻ ഞാൻ മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയുടെ സുഹൃത്തിന് മെസ്സേജ് അയച്ച് ഈ സിനിമയിലെ കഥാപാത്രം മമ്മൂട്ടിക്ക് രോഗാവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്, ഇത് വളരെ അപകടകരമാണ്,’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഇപ്പോൾ വഴിവെച്ചിരിക്കുന്നത്. അടുത്തിടെയായി മമ്മൂട്ടിക്ക് എന്തോ അസുഖം ബാധിച്ചിട്ടുണ്ട് എന്ന വാർത്ത വന്നിരുന്നു. സോഷ്യൽ മീഡിയയിൽ അത്തരത്തിൽ ഒരു അഭ്യൂഹം നിലനിൽക്കുമ്പോൾ ആണ് അതിനെ ശരി വെക്കുന്ന തരത്തിൽ സുനിൽ പരമേശ്വരന്റെ ഈ വെളിപ്പെടുത്തൽ.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിന്റെ രചനയും അദ്ദേഹം തന്നെയാണ് നിർവഹിച്ചത്. ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത്. മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ പുറത്തിറങ്ങിയ ചിത്രം വലിയ രീതിയിലുള്ള പ്രേക്ഷക പ്രശംസ നേടിയിരുന്നു. ചിത്രം ഒരു മാന്ത്രികന്റെ കഥ പറയുന്ന ഒന്നാണ്. അത്തരത്തിലുളള നിരവധി സ്ക്രിപ്റ്റുകളും നോവലുകളും രചിച്ചിട്ടുളള വ്യക്തിയാണ് സുനിൽ പരമേശ്വരൻ. തന്റെ പല സിനിമകളും അതിന്റെ പ്രമേയത്തിന്റെ അമാനുഷിക ശക്തി കൊണ്ട് തന്നെ സിനിമയാക്കാൻ കഴിയാതെ പോയതും അത് സിനിമയാക്കാൻ പോയ പലരും തകർന്ന് പോയ കാര്യവും ഇതിനോട് ചേർത്ത് അദ്ദേഹം പറയുന്നുണ്ട്.
സത്യത്തിൽ അത്തരത്തിലൊരു കഥ പറഞ്ഞു വരുമ്പോഴാണ് മമ്മൂട്ടിയുടെ ഭ്രമയുഗത്തെ പറ്റി ഒരു കാര്യം സുനിൽ പരമേശ്വരൻ പറയുന്നത്. അതിലെ അപകടകരമായ പ്രമേയം മൂലം അതിലെ ദോഷങ്ങൾ കൊണ്ട് മമ്മൂട്ടിക്ക് രോഗ ബാധയുണ്ടാകുമെന്നു താൻ അന്ന് പറഞ്ഞിരുന്നു എന്ന് അദ്ദേഹം പറയുന്നു. മഹാ മാന്ത്രികനായ കൊടുമൺ പോറ്റിയുടെ കഥാപാത്രമാണ് മമ്മൂട്ടി ചെയ്തിരുന്നത്. അത്തരത്തിൽ ഒരു വ്യക്തി ജീവിച്ചിരുന്നു എന്ന തരത്തിൽ ഇടക്ക് ഒരു വിവാദമുണ്ടായിരുന്നു എങ്കിലും ഈ കഥ തികച്ചും സങ്കല്പികമാണ് എന്ന രീതിയിലാണ് സംവിധായകൻ അവതരിപ്പിച്ചത്. ചില കഥകൾ അങ്ങനെയാണ്,അത് അപകടമാണ് അത് സിനിമയാക്കാൻ ശ്രമിക്കരുത് എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
‘അനന്തഭദ്രം’ സിനിമയും ദിഗംബരനും
സുനിൽ പരമേശ്വരന്റെ വാക്കുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്. താൻ അടുത്തതായി ദിഗംബരൻ എന്ന സിനിമയുടെ തിരക്കഥ എഴുതുകയാണെന്നും സുനിൽ വെളിപ്പെടുത്തി. അനന്തഭദ്രം സിനിമയിലെ മനോജ് കെ ജയൻ അവതരിപ്പിച്ച ദിഗംബരൻ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഈ കഥാപാത്രത്തിന്റെ പേരിൽ തന്നെ ഒരു സിനിമ വരുന്നുണ്ടോയെന്ന് ആകാംഷയിലാണ് സിനിമാ പ്രേമികൾ. ‘അനന്തഭദ്രം’ എന്ന നോവലിന്റെ പേരിൽ സുനിൽ അറിയപ്പെടുന്നുണ്ടെങ്കിലും അതിനു മുൻപേ കന്നഡ സിനിമകൾക്കായി അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. എതിരാണ് എന്ന ഫഹദ് ഫാസിൽ നായകനായ ചിത്രം സംവിധാനം ചെയ്ത വിവേക് ആണ് ദിഗംബരൻ സംവിധാനം ചെയ്യുന്നത് എന്നും കഴിഞ്ഞ അഞ്ചു വർഷങ്ങളായി തങ്ങൾ ആ കഥയ്ക്ക് പിന്നാലെ ആയിരുന്നു എന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ അതിന്റെ സ്ക്രിപ്റ്റ് പൂർണമായും എഴുതി കഴിഞ്ഞിരിക്കുന്നു. എന്നും ഉടൻ സിനിമയാകുമെന്നും അദ്ദേഹം പറയുന്നു.
മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള സുനിൽ പരമേശ്വരന്റെ ആശങ്കകൾ ഒരു വിശ്വാസത്തിന്റെ പുറത്തുള്ളതാണോ അതോ മറ്റൊരു കാരണമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മലയാള സിനിമയിലെ ഒരു പ്രമുഖ വ്യക്തി ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തുമ്പോൾ, അത് പ്രേക്ഷകർക്കിടയിൽ ചർച്ചകൾക്ക് വഴി വെക്കുന്നത് സ്വാഭാവികമാണ്. അത് കൂടാതെ മമ്മൂട്ടിയുടെ രോഗത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നതും അദ്ദേഹം പൊതു പരിപാടികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതും ഈ വെളിപ്പെടുത്തലിന്റെ ആക്കം കൂട്ടി.