
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും. മലയാളി പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒട്ടേറെ മുഹൂർത്തങ്ങൾ സമ്മാനിച്ച ഈ സൗഹൃദത്തിന്റെ തുടക്കകാലത്തെക്കുറിച്ചും, തന്നിലെ എഴുത്തുകാരനെ കണ്ടെത്തുന്നതിൽ സത്യൻ അന്തിക്കാട് വഹിച്ച പങ്കിനെക്കുറിച്ചും മനസുതുറന്നിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. താനൊരു എഴുത്തുകാരനാണോ എന്ന് സ്വയം തിരിച്ചറിയാതിരുന്ന കാലത്ത്, തന്നിലേക്ക് ആത്മവിശ്വാസം പകർന്നു നൽകിയത് സത്യൻ അന്തിക്കാടാണെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. ശ്രീനിവാസൻ എന്ന അതുല്യ പ്രതിഭ നമ്മെ വിട്ടു പിരിഞ്ഞ ഈ അവസരത്തിൽ അദ്ദേഹം തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് പറഞ്ഞത് ഏവരെയുടെയും കണ്ണുകളെ ഈറനണിയിക്കും. ശ്രീനിവാസനില്ലെങ്കിൽ താൻ പൂർണനാവുകയില്ല എന്നാണു സത്യൻ അന്തിക്കാട് പറയാറുള്ളത്. ഉറ്റ സുഹൃത്തിന്റെ മരണത്തിൽ വിങ്ങിപ്പൊട്ടുന്ന സത്യൻ അന്തിക്കാടിനെയും നമുക്ക് കഴിഞ്ഞ ദിവസം കാണാൻ കഴിഞ്ഞിരുന്നു. ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ ..
നാട്ടിലെ ഒരു വാടകവീട്ടിൽ കഴിയുന്ന കാലത്ത് സത്യൻ അന്തിക്കാടിൽ നിന്നും ലഭിച്ച ഒരു ടെലഗ്രാം സന്ദേശമാണ് തന്റെ ജീവിതത്തിൽ നിർണ്ണായകമായതെന്ന് ശ്രീനിവാസൻ പറയുന്നു. “റീച്ച് ഇമ്മീഡിയറ്റ്‌ലി” (ഉടൻ എത്തുക) എന്നായിരുന്നു ചെന്നൈയിൽ നിന്നും അയച്ച ആ സന്ദേശത്തിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ സാധിച്ചില്ലെങ്കിലും അധികം വൈകാതെ താൻ ചെന്നൈയിൽ എത്തിയെന്നും അവിടെ വെച്ചാണ് സത്യൻ അന്തിക്കാട് തന്റെ പുതിയ സിനിമാ മോഹം പങ്കുവെച്ചതെന്നും ശ്രീനിവാസൻ വ്യക്തമാക്കി.

ഇടത്തരക്കാരായ മനുഷ്യർ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും, അക്കാലഘട്ടത്തിൽ അവർ നേരിടുന്ന മറ്റ് പ്രശ്നങ്ങളും പ്രമേയമാക്കി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹമാണ് സത്യൻ അന്തിക്കാട് മുന്നോട്ടുവെച്ചത്. എന്നാൽ ഈ നിർദ്ദേശത്തോട് ആദ്യം ഒരല്പം ആശങ്കയോടെയാണ് താൻ പ്രതികരിച്ചതെന്ന് ശ്രീനിവാസൻ ഓർക്കുന്നു. “ഞാനൊരു പ്രൊഫഷണൽ എഴുത്തുകാരനല്ല. നിങ്ങൾ ആളുകളുടെ ഡേറ്റ് വാങ്ങിച്ചിട്ട് പറയുന്ന സമയത്ത് എനിക്ക് എഴുതിത്തീർക്കാൻ പറ്റുമോ എന്നൊന്നും അറിയില്ല. നമുക്ക് ശ്രമിച്ചു നോക്കാം എന്നേ പറയാൻ പറ്റൂ,” എന്നായിരുന്നു അന്ന് ശ്രീനിവാസൻ നൽകിയ മറുപടി. താനൊരു എഴുത്തുകാരനാണോ എന്ന് പോലും സ്വയം ഉറപ്പില്ലാതിരുന്ന സമയത്താണ് സത്യൻ അന്തിക്കാട് ഇത്തരമൊരു വലിയ ഉത്തരവാദിത്തം തന്നെ ഏൽപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് 1985-ൽ പുറത്തിറങ്ങിയ ‘ടി.പി. ബാലഗോപാലൻ എം.എ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിച്ചിരുന്ന് കഥയും തിരക്കഥയും രൂപപ്പെടുത്തിയത്. മോഹൻലാൽ നായകനായ ഈ ചിത്രം മലയാള സിനിമയിലെ തന്നെ വലിയ വിജയങ്ങളിൽ ഒന്നായി മാറി. ആ സിനിമയുടെ വിജയത്തെക്കാളുപരി, തന്നിലെ കലാകാരനെ രൂപപ്പെടുത്തിയെടുക്കുന്നതിൽ ആ കൂടിച്ചേരൽ വലിയ പങ്കുവഹിച്ചുവെന്ന് ശ്രീനിവാസൻ വികാരഭരിതനായി പറയുന്നു.

“ഞാൻ ഒരു നടനാവാൻ വേണ്ടി സിനിമയിലേക്ക് വന്നതല്ല, എഴുത്തുകാരൻ ആവാൻ വേണ്ടിയും വന്നതല്ല. അതെല്ലാം യാദൃച്ഛികമായി സംഭവിച്ചു പോവുകയായിരുന്നു. പക്ഷേ എനിക്ക് ഞാൻ ആരാണ് എന്ന് ബോധ്യപ്പെടുത്തി തന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച ആളാണ് ശ്രീ സത്യൻ അന്തിക്കാട്,” ശ്രീനിവാസൻ പറഞ്ഞു.
മലയാളികളുടെ നിത്യജീവിതത്തിലെ തമാശകളും സങ്കടങ്ങളും ഒപ്പിയെടുത്ത് വെള്ളിത്തിരയിൽ എത്തിച്ച സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ട് ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. നാടോടിക്കാറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നു. താൻ സിനിമയിൽ എത്തിയത് യാദൃച്ഛികമായാണെന്ന് ശ്രീനിവാസൻ പറയുമ്പോഴും, അദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത സത്യൻ അന്തിക്കാടിന്റെ ദീർഘവീക്ഷണമാണ് മലയാള സിനിമയ്ക്ക് ഈ അനശ്വര കൂട്ടുകെട്ടിനെ സമ്മാനിച്ചത്.










