
സ്കോട്ട്‌സ്‌ഡെയ്ൽ (അരിസോണ): പ്രണയിക്കാൻ എത്തുന്നവർക്കും ബാച്ചിലറേറ്റ് പാർട്ടികൾക്കും പേരുകേട്ട ഒരു റെസ്റ്റോറന്റിൽ അതിക്രമിച്ച് കയറിയ കമിതാക്കൾ, അവിടെവെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം പണവും മദ്യവും മോഷ്ടിച്ച് കടന്നുകളഞ്ഞു. അരിസോണയിലെ സ്കോട്ട്‌സ്‌ഡെയ്‌ലിലുള്ള ‘മോൺ ചെറി’ (Mon Cheri) എന്ന പ്രശസ്ത റെസ്റ്റോറന്റിലാണ് ശനിയാഴ്ച പുലർച്ചെ ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. പ്രണയവും മോഷണവും ഇടകലർന്ന ഈ സംഭവത്തിലെ പ്രതികളെ ‘ആധുനിക ബോണിയും ക്ലൈഡും’ എന്നാണ് റെസ്റ്റോറന്റ് ഉടമ വിശേഷിപ്പിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പിങ്ക് നിറത്തിലുള്ള അലങ്കാരങ്ങൾക്കും പൂക്കൾകൊണ്ടുള്ള ഇൻസ്റ്റലേഷനുകൾക്കും പേരുകേട്ട സ്ഥലമാണ് ‘മോൺ ചെറി’. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പകർത്താൻ നിരവധിപേർ എത്തുന്ന ഇവിടം, നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഡേറ്റ്-നൈറ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്. ശനിയാഴ്ച പുലർച്ചെ 3:50 ഓടെയാണ് സംഭവം. ഒരു പുരുഷനും സ്ത്രീയും ആദ്യം റെസ്റ്റോറന്റിന്റെ ഔട്ട്‌ഡോർ പാറ്റിയോ ഏരിയയിലേക്ക് അതിക്രമിച്ച് കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പൂക്കൾക്കിടയിൽ അല്പസമയം ചിലവഴിച്ച ഇരുവരും അവിടെവെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. അതിനുശേഷമാണ് ഇരുവരും റെസ്റ്റോറന്റിന്റെ വാതിൽ തകർത്ത് അകത്തുകയറി മോഷണം നടത്തിയത്.

ശനിയാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യം അറിയുന്നത്. “ഞാൻ ആദ്യം ശ്രദ്ധിച്ചത് ഹോസ്റ്റസ് സ്റ്റാൻഡ് ആകെ തകർന്നുകിടക്കുന്നതാണ്. സാധനങ്ങളെല്ലാം വാരിവലിച്ചിട്ടിരുന്നു,” റെസ്റ്റോറന്റ് ഉടമ ലെക്സി കാലിസ്കൻ അരിസോണയിലെ എബിസി15-നോട് പറഞ്ഞു. ഉടമയുടെ പരാതി പ്രകാരം, ഏകദേശം 450 ഡോളർ (ഏകദേശം 37,000 ഇന്ത്യൻ രൂപ), റിസപ്ഷനിൽ ഹോസ്റ്റസ് ഫോണായി ഉപയോഗിച്ചിരുന്ന ഒരു ഐഫോൺ 5, ഒരു കുപ്പി ബക്കാർഡി റം എന്നിവയാണ് മോഷണം പോയത്. മോഷണത്തിനിടെ രണ്ട് വാതിലുകളും തകർന്നിട്ടുണ്ട്.
View this post on Instagram
“ഒരുപക്ഷേ അവർക്ക് റൊമാന്റിക് ആയി തോന്നിയിരിക്കാം, എല്ലായിടത്തും റോസാപ്പൂക്കളാണല്ലോ. എന്നാൽ ഇവർ ആധുനിക കാലത്തെ ബോണിയും ക്ലൈഡുമാണ്,” ലെക്സി കാലിസ്കൻ കൂട്ടിച്ചേർത്തു. തുടക്കത്തിൽ മുഖംമൂടി ധരിച്ചാണ് ഇരുവരും എത്തിയതെങ്കിലും, പിന്നീട് ഇത് അഴിച്ചുമാറ്റിയത് പോലീസിന് സഹായകമായി. ഇവരുടെ മുഖം വ്യക്തമായി പതിഞ്ഞ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സ്കോട്ട്‌സ്‌ഡെയ്ൽ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

പണം നഷ്ടപ്പെട്ടതിനേക്കാൾ, റെസ്റ്റോറന്റിൽ വെച്ച് നടന്ന പ്രവൃത്തിയാണ് ജീവനക്കാരെ അസ്വസ്ഥരാക്കുന്നത്. “ഇതൊരു സന്തോഷത്തിന്റെയും പോസിറ്റിവിറ്റിയുടെയും സ്ഥലമാണ്. ഞങ്ങളുടെ സ്ഥാപനത്തിൽ വെച്ച് അവർ ഇങ്ങനെ ചെയ്തെന്നത് വളരെ അസ്വസ്ഥാജനകമാണ്,” റെസ്റ്റോറന്റിലെ പ്രധാന സെർവറായ കെയ്റ്റ്‌ലിൻ സോറൻസെൻ പറഞ്ഞു. “അതെ, ഇവിടം പ്രണയവും സന്തോഷവും നിറഞ്ഞതാണ്, പക്ഷെ ഇങ്ങനെയൊരു പ്രവൃത്തിയല്ല ഞങ്ങൾ ഇവിടെ ആഗ്രഹിക്കുന്നത്.”
എന്തായാലും, അപ്രതീക്ഷിത സംഭവത്തിന്റെ ഞെട്ടലിലും, റെസ്റ്റോറന്റ് അന്നുതന്നെ വൃത്തിയാക്കി വീണ്ടും തുറന്നുപ്രവർത്തിക്കുമെന്ന് ഉടമ അറിയിച്ചു.








