
നീതിദേവത കണ്ണുതുറക്കാൻ വൈകിയത് ഏഴ് പതിറ്റാണ്ടുകളാണ്. പക്ഷേ, ആ കാത്തിരിപ്പിനൊടുവിൽ സത്യം ജയിച്ചപ്പോൾ, കോടതി മുറിയിൽ കണ്ടുനിന്നവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞു. ചെയ്യാത്ത കുറ്റത്തിന് ഭരണകൂടം വധശിക്ഷ നൽകി കൊന്നുകളഞ്ഞ തന്റെ അച്ഛൻ നിരപരാധിയാണെന്ന കോടതി വിധി കേട്ടപ്പോൾ, എഡ്വേർഡ് സ്മിത്ത് എന്ന മകൻ പൊട്ടിക്കരയുകയായിരുന്നു.
അമേരിക്കയിലെ ഡാലസിൽ നടന്ന ഈ സംഭവം നിയമവ്യവസ്ഥയിലെ പിഴവുകളുടെയും വർണ്ണവിവേചനത്തിന്റെയും നേർസാക്ഷ്യമാണ്. 1953-ൽ ഒരു വെള്ളക്കാരിയായ സ്ത്രീയെ കൊലപ്പെടുത്തി എന്നാരോപിച്ചാണ് 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ടോമി ലീ വാക്കർ (Tommy Lee Walker) എന്ന കറുത്ത വർഗക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ആ ഇരുണ്ട രാത്രിയും, തകർന്നടിഞ്ഞ ജീവിതവും
1953 സെപ്റ്റംബർ 30-നായിരുന്നു വെനീസ് പാർക്കർ എന്ന 31-കാരി കൊല്ലപ്പെട്ടത്. ആ രാത്രി ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ച ശേഷം വാക്കർ നേരെ പോയത് തന്റെ കാമുകിയായ മേരി ലൂയിസ് സ്മിത്തിനെ കാണാനായിരുന്നു. മേരി അന്ന് ഒമ്പത് മാസം ഗർഭിണിയായിരുന്നു. പിറ്റേന്ന് രാവിലെയാണ് അവരുടെ മകൻ എഡ്വേർഡ് (ടെഡ്) സ്മിത്ത് ജനിക്കുന്നത്. എന്നാൽ, സ്വന്തം കുഞ്ഞിനെ ഒരുവട്ടം കാണാനോ, അവനെയോർത്ത് സന്തോഷിക്കാനോ ഉള്ള ഭാഗ്യം വാക്കറിന് ഉണ്ടായില്ല. കുഞ്ഞ് ജനിച്ചതിന് പിന്നാലെ, അടിസ്ഥാനരഹിതമായ ഒരു വിവരത്തിന്റെ (Unsubstantiated tip) പേരിൽ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.

നിറം നോക്കി വിധിച്ച കോടതി
കോടതിയിൽ നടന്നത് ഒരു വിചാരണയായിരുന്നില്ല, മറിച്ച് ഒരു പ്രഹസനമായിരുന്നു. താൻ കുറ്റകൃത്യം നടന്ന സമയത്ത് കാമുകിക്കൊപ്പമായിരുന്നു എന്നും, കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുകയായിരുന്നു എന്നും വാക്കർ ആവർത്തിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ വാദം ശരിയാണെന്ന് സാക്ഷ്യപ്പെടുത്താൻ പത്തോളം സാക്ഷികൾ കോടതിയിൽ ഉണ്ടായിരുന്നു. എന്നാൽ, അന്നത്തെ അമേരിക്കൻ വംശീയ വെറിയുടെ ഇരയായി വാക്കർ മാറി. ജൂറി അംഗങ്ങളെല്ലാം വെള്ളക്കാരായിരുന്നു (All-white jury). അവർക്ക് മുന്നിൽ കറുത്ത വർഗക്കാരനായ ആ 19-കാരന്റെയും സാക്ഷികളുടെയും വാക്കുകൾക്ക് വിലയുണ്ടായിരുന്നില്ല.
ഒടുവിൽ, ചെയ്യാത്ത കുറ്റത്തിന് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. 1956-ൽ, ഇലക്ട്രിക് ചെയറിൽ ഇരുത്തി ഭരണകൂടം ആ ജീവനെടുത്തു. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ താൻ നിരപരാധിയാണെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞിരുന്നു.
അന്ന് ആ വിധി കേട്ടപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു “എന്റെ ജീവിതം ആരോ തട്ടിയെടുത്തതുപോലെ എനിക്ക് തോന്നുന്നു.”, അതെ പോലെ ആ ഇലക്ട്രിക് കസേരയിൽ അദ്ദേഹത്തെ ഇരുത്തുമ്പോൾ എ യുവാവ് പറയുന്നുണ്ട് മറ്റൊരോ ഇരിക്കേണ്ട കസേരയിൽ ആണ് നിങ്ങൾ എന്നെ തിരുത്തുന്നത് എന്ന്
70 വർഷങ്ങൾക്ക് ശേഷം തെളിയുന്ന സത്യം
ഇന്നസെൻസ് പ്രോജക്റ്റ് (Innocence Project), ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ്, നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ സിവിൽ റൈറ്റ്സ് ആൻഡ് റീസ്റ്റോറേറ്റീവ് ജസ്റ്റിസ് പ്രോജക്റ്റ് എന്നിവർ വർഷങ്ങളായി നടത്തിയ നിയമപോരാട്ടമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്.
2026 ജനുവരി 21-ന്, ഡാലസ് കൗണ്ടി കമ്മീഷണേഴ്‌സ് കോടതി ചരിത്രപരമായ ആ വിധി പ്രഖ്യാപിച്ചു: “ടോമി ലീ വാക്കർ നിരപരാധിയാണ്”. അന്നത്തെ അന്വേഷണത്തിൽ വംശീയമായ മുൻവിധികൾ ഉണ്ടായിരുന്നുവെന്നും, പോലീസ് ഭീഷണിപ്പെടുത്തി കുറ്റസമ്മതം നടത്തിക്കുകയായിരുന്നുവെന്നും, തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും പുനരന്വേഷണത്തിൽ കണ്ടെത്തി.

“ഇനിയെങ്കിലും അദ്ദേഹത്തിന് ഉറങ്ങാം”
വിധി കേട്ട് വികാരഭരിതനായ മകൻ എഡ്വേർഡ് സ്മിത്തിനെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഉണ്ടായിരുന്നില്ല. “അച്ഛനില്ലാതെ വളരേണ്ടി വന്ന മകന്റെ വേദനയും, തലമുറകളായി ആ കുടുംബം അനുഭവിച്ച അപമാനവും നികത്താൻ ഈ വിധിക്ക് കഴിയില്ല. എങ്കിലും, വൈകിയാണെങ്കിലും ഭരണകൂടം തങ്ങളുടെ തെറ്റ് സമ്മതിച്ചത് നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് നിലനിർത്താൻ അനിവാര്യമാണ്,” ഇന്നസെൻസ് പ്രോജക്റ്റിന്റെ അഭിഭാഷകനായ ക്രിസ് ഫാബ്രിക്കന്റ് പറഞ്ഞു.
ഒരുപക്ഷേ വാക്കർ ഇന്ന് ജീവിച്ചിരിപ്പില്ലായിരിക്കാം. പക്ഷേ, ചരിത്രത്തിന്റെ ഏടുകളിൽ ഇനി അദ്ദേഹം ഒരു കൊലയാളിയല്ല, മറിച്ച് നീതി നിഷേധിക്കപ്പെട്ട ഒരു രക്തസാക്ഷിയായിരിക്കും. വർണ്ണവിവേചനത്തിന്റെ പേരിൽ പൊലിഞ്ഞുപോയ അനേകം മനുഷ്യരുടെ പ്രതിനിധി. ഈ വിധി അദ്ദേഹത്തിന്റെ ആത്മാവിനെങ്കിലും ശാന്തി നൽകുമെന്ന് നമുക്ക് പ്രത്യാശിക്കാം.











