ഒരുപക്ഷേ മലയാള സിനിമയിൽ മമ്മൂട്ടിയെ പോലെ തന്നെ കാർക്കശ്യ സ്വഭാവത്തിനും നിലപാടുകൾക്കും പേരുകേട്ട നടനായിരുന്നു അനശ്വര നടൻ തിലകൻ. മമ്മൂട്ടിയെ പോലെ തന്നെ ക്ഷിപ്ര കോപിയും എന്നാൽ ഹൃദയം കൊണ്ട് നിഷ്ക്കളങ്കനുമായിരുന്നു തിലകൻ. മലയാളത്തിന്റെ അഭിനയ പെരുന്തച്ചൻ അദ്ദേഹം മലയാളികളെ വിട്ടുപോയിട്ട് വർഷങ്ങളായി എങ്കിലും അദ്ദേഹം അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളിലൂടെ ഇന്നും അദ്ദേഹം ജീവിക്കുന്നു. മമ്മൂട്ടിയും തിലകനും തമ്മിൽ ഒരുകാലത്ത് വളരെ ആഴത്തിലുള്ള ഒരു സൗഹൃദം ഉണ്ടായിരുന്നു.
മമ്മൂട്ടിയുടെ കരിയറിൻറെ ഉയർച്ച താഴ്ചകൾ എല്ലാം നേരിട്ട് കണ്ട് അറിഞ്ഞ ഒരു സുഹൃത്ത് കൂടിയായിരുന്നു തിലകൻ. അത്തരത്തിൽ വളരെ മോശംകാലഘട്ടത്തിൽ തിലകൻ നടത്തിയ ചില ഇടപെടലുകൾ അദ്ദേഹത്തിൻറെ സിനിമ കരിയറിനെ ഇന്ന് കാണുന്ന ഈ നിലയിലേക്ക് ഉയർത്താൻ സഹായിച്ചുവെന്ന് തിലകന്റെ മകനും നടനും ഡബ്ബിങ് ഒക്കെയായ ഷോബി തിലകൻ പറയുന്നതാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്.
മമ്മൂട്ടിയുടെ കരിയർ തകർച്ചയിലേക്ക് പൊയ്ക്കൊണ്ടിരുന്ന സമയത്തു ഉണ്ടായ രണ്ടു ഹിറ്റ് ചിത്രങ്ങളാണ് തനിയാവർത്തനവും ന്യൂഡൽഹിയും. ന്യൂഡൽഹിയുടെ വിജയം മമ്മൂട്ടിയുടെ കരിയറിൽ വലിയ സഹായമായി മാറി. എന്നാൽ ഇപ്പോൾ ഷോബി തിലകൻ പറയുന്നത് അടുപ്പിച്ചുള്ള സിനിമകളുടെ തകർച്ച മമ്മൂട്ടിയെ ബാധിച്ചതും താൻ മലയാള സിനിമയിൽ നിന്ന് പുറത്താകുമോ എന്ന ആശങ്ക മമ്മൂട്ടിക്കുണ്ടായി അന്ന് മമ്മൂട്ടി തിലകനോട് ആ വിഷയത്തെ കുറിച്ച് സംസാരിച്ച കാര്യം തന്നോട് അച്ഛൻ മുൻപ് പറഞ്ഞതും ഒക്കെയാണ് തിലകന്റെ മകൻ ഷോബി തിലകൻ അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത്.
ഷോബി തിലകന്റെ വാക്കുകൾ ഇങ്ങനെ…
മമ്മൂട്ടിക്ക് മലയാള സിനിമകൾ കുറഞ്ഞു വരികയും മലയാള സിനിമയിൽ നിന്ന് അദ്ദേഹം ഔട്ട് ആകുന്ന ഒരു അവസ്ഥയിലേക്ക് അദ്ദേഹം പോയിരുന്നു. പുതിയ സിനിമകൾ ഇല്ലാത്ത അവസ്ഥ വന്നു. സാമ്പത്തികമായിട്ടൊക്കെ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു തുടങ്ങി. ഇത് തന്റെ അച്ഛനോട് വളരെ സ്വകാര്യമായി സംസാരിച്ച ഒരു സമയത്താണ് മമ്മൂക്ക പറഞ്ഞത്ചേട്ടാ ഇനിയുള്ള കാര്യങ്ങളൊക്കെ എങ്ങനെയെന്ന് എനിക്ക് അറിയില്ല. മക്കളുടെ പഠിത്തം കാര്യങ്ങളൊക്കെ ഉണ്ട്.. എന്ന രീതിയിൽ അദ്ദേഹം സംസാരിച്ചിരുന്നു. അങ്ങനെയാണ് അച്ഛൻ എന്നോട് പറഞ്ഞത് എന്ന് ഷോബി പറയുന്നു.
ആ സമയത്താണ് അച്ഛന് നാടകം ചെയ്യാൻ വേണ്ടി ലോഹിതദാസ് എന്ന എഴുത്തുകാരൻ തനിയാവർത്തനത്തിന്റെ സ്ക്രിപ്റ്റുമായി എത്തുന്നത്. ആ സ്ക്രിപ്റ്റ് വായിച്ച് തന്റെ അച്ഛൻ പറഞ്ഞത് നമുക്കിത് നാടകമാക്കണ്ട സിനിമയാക്കാം എന്നായിരുന്നു. അതുമാത്രമല്ല അത് സിനിമ ആക്കുന്നെങ്കിൽ അതിലെ ആ ബാലൻ മാഷിൻറെ കഥാപാത്രം അത് മമ്മൂട്ടി ആയിരിക്കണം അന്ന് അദ്ദേഹം അന്ന് ഉറപ്പിച്ചു പറഞ്ഞു. അങ്ങനെയാണ് സിബി മലയലിന്റെ അടുത്തേക്ക് ലോഹിതദാസിനെ തൻറെ അച്ഛൻ തിലകൻ അയക്കുന്നത്. അതിനുശേഷം മമ്മൂക്കയെ അച്ഛൻ ഫോണിൽ വിളിച്ചുപറഞ്ഞു ഇതേപോലെ സിബി മലയിൽ ഡേറ്റ് ചോദിക്കും കൊടുക്കണം. ആ കഥാപാത്രം നിങ്ങൾ ചെയ്തു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് ഒരിക്കലും മലയാള സിനിമയിൽ തിരിഞ്ഞു നോക്കേണ്ട ഒരു അവസ്ഥ വരില്ല.
അങ്ങനെ താൻ മമ്മൂട്ടിയോട് പറഞ്ഞു എന്നാണ് അച്ഛൻ എന്നോട് പറഞ്ഞതെന്ന് ഷോബി തിലകൻ എടുത്തുപറയുന്നു. അന്ന് തിലകൻ പറഞ്ഞതുപോലെ തന്നെയാണ് പിന്നീട് മമ്മൂട്ടിയുടെ കരിയറിൽ സംഭവിച്ചത്. മലയാള സിനിമയിൽ പിന്നെ മമ്മൂട്ടിക്ക് തിരിഞ്ഞു നോക്കേണ്ട ഒരു അവസ്ഥ വന്നിട്ടില്ല. ഇന്നും മലയാളത്തിലെ ഏറ്റവും വിപണിമൂല്യമാണ് നടന്മാരിൽ മുൻനിരക്കാരനായി അദ്ദേഹം നിറഞ്ഞു നിൽക്കുകയാണ്.