
അച്ഛന്റെ അവസാന നിമിഷങ്ങളിൽ, ഒരു ആശ്വാസത്തിനായി അദ്ദേഹം നീട്ടിയ കൈകളിൽ പിടിക്കാൻ കഴിയാതെ പോയതിന്റെ കുറ്റബോധം വർഷങ്ങൾക്കിപ്പുറവും തന്നെ വേട്ടയാടുന്നുവെന്ന് തുറന്നുപറഞ്ഞ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ വർഷങ്ങൾക്ക് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു . കൈരളി ടിവിയിലെ ഒരു അഭിമുഖത്തിലാണ്, തന്റെ പിതാവിന്റെ വിയോഗത്തെക്കുറിച്ചുള്ള വികാരനിർഭരമായ ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചത്. കർക്കശക്കാരനായ അച്ഛനും താനും തമ്മിലുണ്ടായിരുന്ന അകലവും, അവസാന നിമിഷത്തിൽ അത് മായ്ക്കാൻ കഴിയാതെ പോയതിന്റെ വേദനയുമാണ് ശ്രീനിവാസൻ പ്രേക്ഷകർക്ക് മുന്നിൽ തുറന്നുവെച്ചത്.
ഏകദേശം 17 വർഷങ്ങൾക്ക് മുമ്പ് എറണാകുളത്ത് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അച്ഛന് ഹൃദയാഘാതമുണ്ടായെന്ന വിവരം ശ്രീനിവാസൻ അറിയുന്നത്. ഉടൻ തന്നെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അദ്ദേഹം തിരിച്ചു. എന്നാൽ ആശുപത്രിയിലെത്തിയപ്പോൾ കണ്ടത് വലിയൊരു അപകടം സംഭവിച്ചതിന്റെ ലക്ഷണങ്ങളായിരുന്നില്ലെന്ന് ശ്രീനിവാസൻ ഓർക്കുന്നു.
“അച്ഛനും ഞാനും തമ്മിൽ സാധാരണ അത്രയധികം വർത്തമാനങ്ങൾ ഒന്നുമില്ല. കണ്ടപ്പോൾ അച്ഛൻ എന്നോട് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു. എന്നാൽ ഡോക്ടർ എന്നോട് പറഞ്ഞത് കാര്യങ്ങൾ കുറച്ച് സീരിയസ് ആണെന്നാണ്,” ശ്രീനിവാസൻ പറഞ്ഞു. നേരത്തെ ഒരു ചെറിയ അറ്റാക്ക് വന്നപ്പോൾ ചികിത്സ പൂർത്തിയാക്കാതെ അച്ഛൻ ആശുപത്രി വിട്ടതും, അത് പിന്നീട് വലിയൊരു ഹൃദയാഘാതത്തിന് കാരണമായതും അദ്ദേഹം അനുസ്മരിച്ചു.
അച്ഛന്റെ വിയോഗത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളെക്കുറിച്ച് പറയുമ്പോൾ ശ്രീനിവാസന്റെ വാക്കിടറി. “അച്ഛൻ കട്ടിലിൽ കിടക്കുകയായിരുന്നു. ഞാൻ തൊട്ടടുത്തുള്ള മറ്റൊരു കട്ടിലിൽ ചാരി നിൽക്കുകയാണ്. പെട്ടെന്ന് അച്ഛൻ വലിയൊരു നിസ്സഹായതയോടെ എന്റെ നേരെ കൈനീട്ടി. ഒരുപക്ഷേ പഴയ കാര്യങ്ങളും ഞങ്ങളുടെ ജീവിതവും എല്ലാം ഓർത്തുകൊണ്ട്, ഒരു ആശ്വാസത്തിന് വേണ്ടി തൊടാൻ ആഗ്രഹിച്ചതാവാം. പക്ഷേ മറ്റുള്ളവർ കാണുന്നതു കൊണ്ട്, ആ സെന്റിമെന്റൽ സീനിൽ എനിക്ക് താല്പര്യം തോന്നിയില്ല. അതുകൊണ്ട് ആ കൈകളിൽ ഞാൻ പിടിച്ചില്ല. ആരും കാണാത്തപ്പോൾ പിടിക്കാം എന്ന് ഞാൻ വിചാരിച്ചു,” ശ്രീനിവാസൻ പറഞ്ഞു.
എന്നാൽ ആ ആഗ്രഹം ബാക്കിയാക്കി നിമിഷങ്ങൾക്കുള്ളിൽ അച്ഛൻ യാത്രയായി. “ഡോക്ടർ വന്ന് മരണം സ്ഥിരീകരിച്ചപ്പോൾ എന്റെ ഉള്ളിലൂടെ ഒരു തീ കടന്നുപോയതുപോലെയാണ് തോന്നിയത്. മക്കൾ നന്നാവാൻ വേണ്ടി അവരെ തല്ലിപ്പഴുപ്പിച്ച, എന്നാൽ സ്നേഹം പുറത്തു കാണിക്കാൻ അറിയാതിരുന്ന ആളായിരുന്നു എന്റെ അച്ഛൻ,” ശ്രീനിവാസൻ കൂട്ടിച്ചേർത്തു. അച്ഛന്റെ വിയോഗത്തിന്റെ വേദന ഉള്ളിലൊതുക്കി പിറ്റേദിവസം തന്നെ ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങേണ്ടി വന്നതും അദ്ദേഹം ഓർത്തെടുത്തു.
അച്ഛന്റെ സ്നേഹം തിരിച്ചറിയാൻ വൈകിപ്പോയ മകന്റെ പശ്ചാത്താപം നിറഞ്ഞ വാക്കുകൾ പ്രേക്ഷകരുടെ കണ്ണുകളെയും ഈറനണിയിക്കുകയാണ്.









