260 പേരുടെ ജീവനെടുത്ത ദുരന്തം; വിമാനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ട ഏക യാത്രികൻ നേരിടുന്നത് നരകയാതന; ‘മകനോട് സംസാരിക്കാൻ പോലുമാകുന്നില്ല’

1

ജൂൺ 12-ലെ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഏക യാത്രികൻ, താങ്ങാനാവാത്ത മാനസിക ആഘാതത്തിലും ജീവിത പ്രതിസന്ധിയിലും ഉഴലുന്നു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പറന്നുയർന്ന എഐ171 ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം തകർന്ന് സഹോദരൻ ഉൾപ്പെടെ 241 സഹയാത്രികരും നിലത്തുണ്ടായിരുന്ന 19 പേരും മരിച്ചപ്പോൾ, വിശ്വകുമാർ രമേഷ് (41) മാത്രമാണ് അതിജീവിച്ചത്. എന്നാൽ, ലോകം ‘അത്ഭുതം’ എന്ന് വാഴ്ത്തിയ ആ അതിജീവനം, ഇന്ന് ഒരു പേടിസ്വപ്നമായി തന്നെ വേട്ടയാടുകയാണെന്ന് വിശ്വകുമാർ വെളിപ്പെടുത്തുന്നു.

അപകടം നടന്ന് മാസങ്ങൾക്കിപ്പുറം ‘സ്കൈ ന്യൂസിന്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിശ്വകുമാർ തന്റെ തകർന്ന ജീവിതത്തെക്കുറിച്ച് മനസ്സുതുറന്നത്. അഭിമുഖത്തിലുടനീളം വാക്കുകൾ മുറിഞ്ഞും, പലപ്പോഴും നിശബ്ദതയിലേക്ക് വഴുതിവീണും അദ്ദേഹം പതറുന്നത് കാണാമായിരുന്നു. “ആ വിമാനത്തെക്കുറിച്ച് സംസാരിക്കുന്നത് പോലും അതിവേദനാജനകമാണ്. ഞാൻ ആകെ തകർന്നിരിക്കുകയാണ്,” വിശ്വകുമാർ പറഞ്ഞു.

ADVERTISEMENTS
   

‘അവൻ എനിക്ക് എല്ലാമായിരുന്നു’

വിമാനത്തിന്റെ എമർജൻസി എക്സിറ്റിനോട് ചേർന്ന 11A ആയിരുന്നു വിശ്വകുമാറിന്റെ സീറ്റ്. വിമാനം പറന്നുയർന്ന ഉടൻ തന്നെ തകർന്ന് ഒരു മെഡിക്കൽ ഹോസ്റ്റൽ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ അടിയന്തര വാതിലിലൂടെ പുറത്തേക്ക് ചാടിയാണ് വിശ്വകുമാർ രക്ഷപ്പെട്ടത്. എന്നാൽ, മറ്റൊരു സീറ്റിലായിരുന്ന സഹോദരൻ അജയ്കുമാറിനെ മരണം കവർന്നു.

അപകടത്തിന് തൊട്ടുപിന്നാലെ ആശുപത്രി കിടക്കയിൽ നിന്ന് ഡിഡി ഇന്ത്യയോട് സംസാരിക്കുമ്പോൾ, “ചുറ്റും മൃതദേഹങ്ങൾ” ആയിരുന്നുവെന്നും, തന്റെ സഹോദരനെ കണ്ടെത്താൻ സഹായിക്കണമെന്നും അദ്ദേഹം അലമുറയിട്ടിരുന്നു. മാസങ്ങൾക്കിപ്പുറവും ആ ആഘാതത്തിൽ നിന്ന് അദ്ദേഹം മുക്തനായിട്ടില്ല.

ലെസ്റ്ററിലെ വീട്ടിൽ, ഭാര്യയ്ക്കും നാല് വയസ്സുകാരനായ മകൻ ദിവാംഗിനും ഒപ്പമാണ് വിശ്വകുമാർ താമസിക്കുന്നത്. എന്നാൽ ഇപ്പോൾ വീടിന് പുറത്തിറങ്ങാതെ, സ്വന്തം കിടപ്പുമുറിയിൽ തനിച്ച് “ഒന്നും ചെയ്യാതെ” ഇരിക്കുകയാണ് അദ്ദേഹം. “ഞാൻ എന്റെ സഹോദരനെക്കുറിച്ച് മാത്രം ചിന്തിക്കുന്നു… എനിക്ക് അവനായിരുന്നു എല്ലാം.”

ഈ ദുരന്തം വിശ്വകുമാറിന്റെ കുടുംബത്തെയും തകർത്തു. മകൻ ദിവാംഗിന്റെ കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അവൻ “ഓകെയാണ്” എന്ന് പറഞ്ഞെങ്കിലും, “എനിക്ക് അവനോട് ശരിക്ക് സംസാരിക്കാൻ പോലും സാധിക്കുന്നില്ല” എന്ന് വിശ്വകുമാർ നിറകണ്ണുകളോടെ സമ്മതിച്ചു. “അവൻ നിങ്ങളുടെ മുറിയിലേക്ക് വരാറുണ്ടോ?” എന്ന ചോദ്യത്തിന് ‘ഇല്ല’ എന്ന് തലയാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തത്.

ശാരീരികമായും അദ്ദേഹം തളർന്ന നിലയിലാണ്. കാൽമുട്ട്, തോൾ, പുറം എന്നിവിടങ്ങളിലെ കഠിനമായ വേദനയും ഇടതുകൈയിലെ പൊള്ളലും ഇപ്പോഴും ഭേദമായിട്ടില്ല. “കുളിക്കാൻ പോലും ഇപ്പോൾ ഭാര്യയുടെ സഹായം വേണം,” വിശ്വകുമാർ വെളിപ്പെടുത്തി.

തകർന്ന ബിസിനസ്, അപര്യാപ്തമായ സഹായം

മാനസികവും ശാരീരികവുമായ തകർച്ചയ്‌ക്കൊപ്പം, വിശ്വകുമാറിനെ കാത്തിരുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. സഹോദരൻ അജയ്കുമാറിനൊപ്പം തങ്ങളുടെ സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് ഇന്ത്യയിൽ ഒരു ഫിഷിംഗ് ബിസിനസ്സ് ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇതിന്റെ ആവശ്യങ്ങൾക്കായാണ് ഇരുവരും യുകെയിൽ നിന്ന് സ്ഥിരമായി ഇന്ത്യയിലേക്ക് യാത്ര ചെയ്തിരുന്നത്. അജയ്കുമാറിന്റെ മരണത്തോടെ ആ ബിസിനസ് പൂർണ്ണമായും നിലച്ചു. ഇതോടെ ഇന്ത്യയിലും യുകെയിലുമുള്ള ഇവരുടെ കുടുംബങ്ങളുടെ ഏക വരുമാന മാർഗ്ഗമാണ് ഇല്ലാതായത്.

എയർ ഇന്ത്യയുടെ മാതൃകമ്പനിയായ ടാറ്റാ ഗ്രൂപ്പ്, വിശ്വകുമാറിന് 21,500 പൗണ്ട് (ഏകദേശം 21.91 ലക്ഷം രൂപ) ഇടക്കാല സഹായമായി വാഗ്ദാനം ചെയ്തു. വ്യക്തിഗത നഷ്ടപരിഹാര കേസുകൾ തീർപ്പാക്കുന്നതിന് മുമ്പ് നൽകുന്ന തുകയാണിത്. ഈ പണം കൈമാറിയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു.

എന്നാൽ ഈ തുക “ഒന്നിനും തികയില്ലെന്ന്” വിശ്വകുമാറിന്റെ ഉപദേശകനും വക്താവുമായ റാഡ് സീഗർ പറഞ്ഞു. “ജോലിക്ക് പോകാനോ വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ കഴിയാത്ത ഒരാളുടെ അടിയന്തര ആവശ്യങ്ങൾ പരിഗണിക്കുമ്പോൾ ഈ തുക തീർത്തും അപര്യാപ്തമാണ്. പണമല്ല ഇപ്പോൾ പ്രധാനം. മകനെ സ്‌കൂളിൽ കൊണ്ടുപോകാനുള്ള യാത്രാ സഹായം, ഭക്ഷണം, കൃത്യമായ മെഡിക്കൽ-സൈക്യാട്രിക് പിന്തുണ എന്നിവയാണ് അടിയന്തരമായി വേണ്ടത്,” സീഗർ വ്യക്തമാക്കി.

‘സിഇഒ നേരിട്ട് വന്ന് കാണണം’

എയർ ഇന്ത്യ സിഇഒ ക്യാംബെൽ വിൽസൺ നേരിട്ട് വന്ന് വിശ്വകുമാറിനെയും കുടുംബത്തെയും, ഒപ്പം ദുരന്തത്തിൽപ്പെട്ട മറ്റ് ഇരകളുടെ കുടുംബങ്ങളെയും കാണണമെന്നും, “മനുഷ്യരെന്ന നിലയിൽ സംസാരിക്കണമെന്നും” ലെസ്റ്ററിലെ കമ്മ്യൂണിറ്റി ലീഡറായ സഞ്ജീവ് പട്ടേലും ആവശ്യപ്പെട്ടു.

അതേസമയം, വിശ്വകുമാറിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാനുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് തങ്ങൾക്ക് പൂർണ്ണ ബോധ്യമുണ്ടെന്ന് എയർ ഇന്ത്യ വക്താവ് പ്രതികരിച്ചു. “വിശ്വകുമാറിനും ദുരന്തം ബാധിച്ച മറ്റെല്ലാ കുടുംബങ്ങൾക്കും പിന്തുണ നൽകുക എന്നത് ഞങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണ്. ടാറ്റാ ഗ്രൂപ്പിലെ മുതിർന്ന നേതാക്കൾ കുടുംബങ്ങളെ സന്ദർശിച്ച് അനുശോചനം അറിയിക്കുന്നുണ്ട്. ഇത്തരമൊരു കൂടിക്കാഴ്ചയ്ക്കായി വിശ്വകുമാറിന്റെ പ്രതിനിധികളോട് സംസാരിച്ചിട്ടുണ്ട്. അവരിൽ നിന്ന് അനുകൂലമായ മറുപടി പ്രതീക്ഷിക്കുന്നു,” വക്താവ് കൂട്ടിച്ചേർത്തു.

ADVERTISEMENTS