
തീർത്ഥാടനത്തിനായി അതിർത്തി കടന്ന് പാകിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതിയുടെ ജീവിതം ഇപ്പോൾ വലിയൊരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. സിഖ് മതവിശ്വാസികളുടെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ പോയ പഞ്ചാബ് സ്വദേശിയായ സരബ്‌ജിത് കൗർ (48) ആണ് പാകിസ്ഥാനിൽ നിന്ന് തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭർത്താവിനെ വിളിച്ച് കരയുന്നത്. പാകിസ്ഥാൻ യുവാവിനെ വിവാഹം കഴിച്ച ഇവർ അവിടെ നരകയാതന അനുഭവിക്കുകയാണെന്നും, തന്നെ എങ്ങനെയെങ്കിലും ഇന്ത്യയിലെ മക്കളുടെ അടുത്തേക്ക് എത്തിക്കണമെന്നും അപേക്ഷിക്കുന്ന ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വൈറലായ ശബ്ദരേഖയിലെ ഉള്ളടക്കം
“എനിക്കൊരു അബദ്ധം പറ്റിപ്പോയി. ഞാനിവിടെ ഒട്ടും സന്തുഷ്ടയല്ല. എനിക്ക് എന്റെ മക്കളുടെ അടുത്തേക്ക് മടങ്ങണം. കൈക്കുഞ്ഞുങ്ങളായിരുന്നപ്പോൾ മുതൽ അവരെ വളർത്തിയത് ഞാനാണ്. ഇവിടെ എനിക്ക് ഉടുക്കാൻ വസ്ത്രം പോലുമില്ല, ഓരോ ചില്ലിക്കാശിനും വേണ്ടി കഷ്ടപ്പെടുകയാണ്…” – സരബ്‌ജിത് കൗർ ഭർത്താവ് കർണൈൽ സിംഗിനോട് ഫോണിലൂടെ പറയുന്ന വാക്കുകളാണിത്. പലവട്ടം പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവർ തന്റെ ദയനീയാവസ്ഥ വിവരിക്കുന്നത്. തന്നെ നിർബന്ധിച്ച് തടവിൽ വെച്ചിരിക്കുകയാണെന്നും സ്വന്തം ഇഷ്ടപ്രകാരമല്ല അവിടെ കഴിയുന്നതെന്നും അവർ ശബ്ദരേഖയിൽ വ്യക്തമാക്കുന്നുണ്ട്.
സംഭവിച്ചത് എന്ത്?
കഴിഞ്ഞ വർഷം നവംബറിലാണ് കപൂർത്തല ജില്ലയിലെ അമാനിപൂർ സ്വദേശിയായ സരബ്‌ജിത് കൗർ ഗുരുനാനാക്ക് ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാനായി 2,000-ത്തോളം വരുന്ന തീർത്ഥാടക സംഘത്തോടൊപ്പം വാഗാ അതിർത്തി വഴി പാകിസ്ഥാനിലേക്ക് പോയത്. ആഘോഷങ്ങൾ കഴിഞ്ഞ് മറ്റുള്ളവരെല്ലാം മടങ്ങിയെങ്കിലും സരബ്‌ജിത് തിരിച്ചെത്തിയില്ല.

പിന്നീട് കേൾക്കുന്നത് ലാഹോറിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഷെയ്‌ഖുപുര സ്വദേശിയായ നാസിർ ഹുസൈൻ എന്ന പാകിസ്ഥാൻ യുവാവിനെ അവർ വിവാഹം കഴിച്ചു എന്ന വാർത്തയാണ്. നവംബർ 4-ന് പാകിസ്ഥാനിലെത്തിയതിന് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ വിവാഹം നടന്നതായാണ് വിവരം. വിവാഹത്തിന് മുന്നോടിയായി ഇവർ മതം മാറുകയും ‘നൂർ’ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു.
തോക്കിൻമുനയിൽ നടന്ന വിവാഹം?
എന്നാൽ ഈ വിവാഹം സരബ്‌ജിതിന്റെ സമ്മതത്തോടെയല്ല നടന്നതെന്നാണ് ഭർത്താവ് കർണൈൽ സിംഗ് ആരോപിക്കുന്നത്. തന്റെ ഭാര്യയെ തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയാണ് മതം മാറ്റിയതെന്നും നിർബന്ധിതമായി നിക്കാഹ് കഴിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ഇന്ത്യൻ മാധ്യമങ്ങളോട് പറഞ്ഞു. “എല്ലാം തോക്കിൻമുനയിലാണ് നടന്നത്. അവൾ എന്നോട് കരഞ്ഞ് സഹായം ചോദിക്കുന്നതിന്റെ എല്ലാ തെളിവുകളും എന്റെ കൈവശമുണ്ട്. തടങ്കലിൽ കഴിയുന്നതുപോലെയാണ് അവളുടെ അവസ്ഥ. ആരോഗ്യം വളരെ മോശമായിട്ടുണ്ട്,” – കർണൈൽ സിംഗ് പറയുന്നു.
അനിശ്ചിതത്വത്തിൽ മടക്കയാത്ര
വിഷയം അന്താരാഷ്ട്ര ശ്രദ്ധ നേടിയതോടെ, കഴിഞ്ഞ ആഴ്ച പാകിസ്ഥാൻ അധികൃതർ സരബ്‌ജിതിനെ വാഗാ അതിർത്തി വഴി ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ (Deportation) തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നിമിഷം യാതൊരു കാരണവും വ്യക്തമാക്കാതെ ഈ നീക്കം അധികൃതർ തടഞ്ഞു. ഇതോടെ സരബ്‌ജിതിന്റെ മോചനം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
അഞ്ജു, സീമ ഹൈദർ തുടങ്ങിയവരുടെ അതിർത്തി കടന്നുള്ള പ്രണയകഥകൾ അടുത്തിടെ വലിയ ചർച്ചയായിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി, തീർത്ഥാടനത്തിന് പോയ ഒരു വീട്ടമ്മ കെണിയിൽ അകപ്പെട്ട്, പട്ടിണിയും പരിവട്ടവുമായി അന്യരാജ്യത്ത് കഴിയേണ്ടി വരുന്ന അവസ്ഥ അതീവ ഗൗരവകരമാണ്. നയതന്ത്ര തലത്തിലുള്ള ഇടപെടലിലൂടെ മാത്രമേ സരബ്‌ജിതിനെ ഇനി തിരികെ കൊണ്ടുവരാൻ സാധിക്കൂ എന്ന പ്രതീക്ഷയിലാണ് കുടുംബം.












