
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 17 വയസ്സുകാരിയെ മാതാപിതാക്കൾ തന്നെ അതിക്രൂരമായി കൊലപ്പെടുത്തി. “മകളുടെ സ്വഭാവദൂഷ്യം” അഥവാ ‘ദുരഭിമാനം’ സംരക്ഷിക്കാനാണ് ഈ കൊടുംക്രൂരത നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഘൂർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാന്തി ഗ്രാമത്തിൽ നവംബർ 5-ന് നടന്ന സംഭവത്തിൽ, മകളെ കാണാനില്ലെന്ന് നാടകം കളിച്ച മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
വെറും 24 മണിക്കൂറിനുള്ളിൽ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ നീക്കമാണ് ഈ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും, മണം പിടിച്ചെത്തിയ പോലീസ് നായയുമാണ് മാതാപിതാക്കളുടെ കള്ളക്കഥ പൂർണ്ണമായും പൊളിച്ചടുക്കിയത്.
നാടകത്തിന്റെ തുടക്കം
നവംബർ 5-ന് പുലർച്ചെയാണ് ഗ്രാമത്തെയാകെ ഞെട്ടിച്ച സംഭവം പുറംലോകമറിയുന്നത്. സരിത (17) എന്ന പെൺകുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ ഒരു വയലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തി. വിവരമറിഞ്ഞ് പോലീസും ഫോറൻസിക് സംഘവും, മണം പിടിക്കാൻ പോലീസ് നായയും (കനൈൻ സ്ക്വാഡ്) സ്ഥലത്തെത്തി.
പ്രാഥമിക ചോദ്യം ചെയ്യലിൽ, സരിതയുടെ അച്ഛൻ രമേശ് പറഞ്ഞത് ഇങ്ങനെയായിരുന്നു: “അവൾ നവംബർ 5-ന് പുലർച്ചെ 5:30 മണിക്ക് വീട്ടിൽ നിന്ന് എങ്ങോട്ടോ പോയി, പിന്നെ തിരിച്ചുവന്നിട്ടില്ല.” മകൾ ആരോടെങ്കിലും ഒപ്പം ഒളിച്ചോടിപ്പോയെന്നോ, കാണാതായെന്നോ വരുത്തിത്തീർക്കാനായിരുന്നു കുടുംബത്തിന്റെ ആദ്യ ശ്രമം.
സംശയം ബലപ്പെടുത്തി ‘പോലീസ് നായ’
എന്നാൽ, പോലീസിന്റെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഈ മൊഴിയിൽ പൊരുത്തക്കേടുകൾ തോന്നിയിരുന്നു. മൃതദേഹം കണ്ടെത്തിയ വയലിൽ നിന്ന് മണം പിടിച്ച പോലീസ് നായ, നേരെ ഓടിയെത്തിയത് സരിതയുടെ വീട്ടിലേക്കാണ്. വീട്ടിലെത്തിയ നായ അവിടെത്തന്നെ ചുറ്റിത്തിരിഞ്ഞുനിന്നു. ഇതോടെ, കൊലപാതകത്തിന് പിന്നിൽ വീട്ടുകാർക്ക് തന്നെ പങ്കുണ്ടെന്ന് പോലീസ് ഏതാണ്ട് ഉറപ്പിച്ചു.

കള്ളക്കഥ പൊളിച്ച ‘പോസ്റ്റ്‌മോർട്ടം’
മാതാപിതാക്കളുടെ കള്ളക്കഥയ്ക്ക് അവസാന ആണിയടിച്ചത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ്. രമേശിന്റെ മൊഴികളെ പൂർണ്ണമായും തള്ളിക്കളയുന്ന രണ്ട് നിർണ്ണായക കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ടായിരുന്നു:
1. മരണ സമയം: മകൾ പുലർച്ചെ 5:30-ന് വീട്ടിൽ നിന്നിറങ്ങി എന്നാണ് അച്ഛൻ പറഞ്ഞത്. എന്നാൽ, മൃതദേഹം കണ്ടെത്തുന്നതിന് ഏകദേശം 16 മണിക്കൂർ മുൻപ്, അതായത് നവംബർ 4-ന് രാത്രിയിൽ തന്നെ സരിത മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
2. ആമാശയത്തിലെ ഭക്ഷണം: പുലർച്ചെ വീട്ടിൽ നിന്നിറങ്ങിപ്പോയ ഒരു കുട്ടിയുടെ വയറ്റിൽ ഭക്ഷണം ഉണ്ടാകാൻ സാധ്യത കുറവാണ്. എന്നാൽ, സരിതയുടെ ആമാശയത്തിൽ ” ഭാഗികമായി ദഹിച്ച ചോറിന്റെ അംശം” കണ്ടെത്തി. അത്താഴം കഴിച്ചതിന് തൊട്ടുപിന്നാലെയാണ് കുട്ടി കൊല്ലപ്പെട്ടതെന്ന് ഇതിലൂടെ വ്യക്തമായി.
കുറ്റസമ്മതവും കൊടുംക്രൂരതയുടെ രൂപരേഖയും
ശാസ്ത്രീയ തെളിവുകൾ ഇത്രയും ശക്തമായതോടെ, പോലീസ് കുടുംബാംഗങ്ങളെ ഓരോരുത്തരെയായി മാറ്റി ചോദ്യം ചെയ്യാൻ തുടങ്ങി. പെൺകുട്ടിയുടെ സഹോദരനെ ചോദ്യം ചെയ്തപ്പോൾ നിർണ്ണായകമായ ഒരു വിവരം ലഭിച്ചു. “ഇങ്ങനെയുള്ള കടുംകൈകൾ ഒന്നും ചെയ്യരുത്” എന്ന് താൻ അച്ഛനോട് പറഞ്ഞിരുന്നെന്നും, എന്നാൽ അച്ഛൻ തന്നെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കുകയായിരുന്നുവെന്നും അവൻ പോലീസിനോട് പറഞ്ഞു.
നവംബർ 7-ന് പോലീസ് രമേശിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ രമേശ് കുറ്റം സമ്മതിച്ചു. “മകളുടെ സ്വഭാവദൂഷ്യം കാരണം കുടുംബത്തിന് അപമാനമുണ്ടാക്കി. അവളെ ഒരു പാഠം പഠിപ്പിക്കാൻ” ഭാര്യയുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് അയാൾ പറഞ്ഞു.
കുറ്റം ഏറ്റു പറഞ്ഞു കൊണ്ട് കുട്ടിയുടെ പിതാവ് പറഞ്ഞത് – “എൻ്റെ മകൾ പല ആൺകുട്ടികളുമായി സംസാരിക്കാറുണ്ടായിരുന്നു. രണ്ട് വർഷം മുൻപ് അവൾ ഗർഭിണിയാകുകയും, തുടർന്ന് അബോർഷൻ നടത്തുകയും ചെയ്തിരുന്നു. ഞാൻ പലതവണ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു, തല്ലുകപോലും ചെയ്തു, പക്ഷെ അവൾ കേട്ടില്ല. ഇതിന് ശേഷമാണ് ഞാൻ അവളെ കൊല്ലാൻ തീരുമാനിച്ചത്. ഈ കൃത്യത്തിൽ ഞാൻ എൻ്റെ ഭാര്യയെയും കൂട്ടി.”
പോലീസ് പറയുന്നതനുസരിച്ച്, കൊലപാതകം നടത്തിയത് ഇങ്ങനെയാണ്: നവംബർ 4-ന് രാത്രി, അമ്മ മകൾക്കുള്ള ഭക്ഷണത്തിൽ മാരകമായ അളവിൽ ഉറക്കഗുളികകൾ കലർത്തി നൽകി. ഭക്ഷണം കഴിച്ച് അബോധാവസ്ഥയിലായ സരിതയെ, മാതാപിതാക്കൾ ഇരുവരും ചേർന്ന് താങ്ങിയെടുത്ത് അടുത്തുള്ള വയലിൽ കൊണ്ടുപോയി. അവിടെ വെച്ച് അച്ഛൻ രമേശ് മകളെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു . ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി, പിറ്റേന്ന് രാവിലെ മകളെ കാണാനില്ലെന്ന നാടകം കളിച്ചു.
ഇതൊരു ‘ദുരഭിമാനക്കൊല’ (Honour Killing) ആണെന്ന് യമുനാനഗർ ഡിസിപി വിവേക്ചന്ദ്ര യാദവ് സ്ഥിരീകരിച്ചു. രമേശിനെയും ഇയാളുടെ ഭാര്യയെയും അറസ്റ്റ് ചെയ്തതായും, ഇവർക്കെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും കേസെടുത്തതായും അദ്ദേഹം അറിയിച്ചു. കുറ്റപത്രം സമർപ്പിക്കുന്നതിനായുള്ള കൂടുതൽ തെളിവുകൾ പോലീസ് ശേഖരിച്ചുവരികയാണ്.












