
കണ്ണൂർ: കേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ പാനൂർ പാലത്തായി പീഡന കേസിൽ നിർണ്ണായക വിധി. നാല് വർഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങൾക്കും, വൻ രാഷ്ട്രീയ വിവാദങ്ങൾക്കും, അന്വേഷണ അട്ടിമറികൾക്കും ഒടുവിൽ, കേസിലെ പ്രതിയും അധ്യാപകനുമായ മുൻ ബിജെപി നേതാവ് കെ. പത്മരാജൻ കുറ്റക്കാരനാണെന്ന് തലശ്ശേരി ഫാസ്റ്റ്-ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതി കണ്ടെത്തി. 10 വയസ്സുകാരിയായ സ്വന്തം വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന്, പ്രതിക്ക് മരണം വരെ ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു.
വിധിയുടെ വിശദാംശങ്ങൾ
നവംബർ 14-ന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, ശനിയാഴ്ചയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഐപിസി 376 എബി (12 വയസ്സിൽ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യൽ) പ്രകാരമാണ് പ്രതിക്ക് മരണം വരെ നീളുന്ന ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇതിനുപുറമെ, പോക്സോ നിയമത്തിലെ രണ്ട് വ്യത്യസ്ത വകുപ്പുകൾ പ്രകാരം 40 വർഷത്തെ അധിക കഠിനതടവും അനുഭവിക്കണം. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പ്രതിയായ പത്മരാജൻ 2 ലക്ഷം രൂപ പിഴയും അടയ്ക്കണം.
നാടിനെ നടുക്കിയ 2020-ലെ സംഭവം
2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും, ബിജെപി നേതാവും, സംഘപരിവാർ അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയന്റെ (എൻടിയു) ജില്ലാ നേതാവുമായിരുന്ന പത്മരാജൻ, പത്തുവയസ്സുകാരിയായ വിദ്യാർത്ഥിനിയെ സ്കൂൾ ശുചിമുറിയിൽ വെച്ചും മറ്റൊരു വീട്ടിൽ കൊണ്ടുപോയും പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു പരാതി. 2020 മാർച്ച് 17-ന് ചൈൽഡ് ലൈൻ വഴിയാണ് കുട്ടിയുടെ അമ്മ പാനൂർ പോലീസിൽ പരാതി നൽകുന്നത്.
അട്ടിമറിക്കപ്പെട്ട അന്വേഷണം ??
തുടക്കം മുതലേ ഈ കേസ് വൻ രാഷ്ട്രീയ വിവാദങ്ങൾക്കും അട്ടിമറി ആരോപണങ്ങൾക്കും സാക്ഷ്യം വഹിച്ചു. . പരാതി “കെട്ടിച്ചമച്ചതാണെന്ന്” തോന്നുന്നു എന്ന നിലപാടാണ് ലോക്കൽ പോലീസ് ആദ്യം സ്വീകരിച്ചത്. പ്രതിഷേധങ്ങൾ ശക്തമായതോടെ ഒളിവിൽ പോയ പത്മരാജനെ 2020 ഏപ്രിൽ 15-നാണ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു അതോടെ വീണ്ടും ട്വിസ്റ്റുകൾ ഉണ്ടായി . കേസ് അന്വേഷണ സംഘം അഞ്ച് തവണ മാറിമറിഞ്ഞു. സമയപരിധി തീരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് പോക്സോ വകുപ്പുകൾ ഒഴിവാക്കിയതും പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമായി.
വിധി അംഗീകരിക്കില്ല; മറുവാദവുമായി ഹൈന്ദവ സംഘടനകൾ
പാലത്തായി പീഡന കേസിൽ ബിജെപി നേതാവ് കെ. പത്മരാജന് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ച കോടതിവിധി കേരളത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇരയ്ക്ക് നീതി ലഭിച്ചുവെന്ന് ഒരു വിഭാഗം ആശ്വസിക്കുമ്പോൾ, വിധിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ബിജെപിയും ഹൈന്ദവ സംഘടനകളും രംഗത്തെത്തി. ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണെന്നും, നിരപരാധിയായ ഒരധ്യാപകനെ ജിഹാദി-കമ്മ്യൂണിസ്റ്റ് അച്ചുതണ്ട് കുടുക്കിയതാണെന്നും അവർ ആരോപിക്കുന്നു.
“ഇത് അവസാന വിധിയല്ല, മേൽക്കോടതിയുണ്ട്”
വിധി വന്നതിന് പിന്നാലെ, കേസിലെ ദുരൂഹതകളും അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻകാല കണ്ടെത്തലുകളും ചൂണ്ടിക്കാട്ടി ബിജെപി അനുകൂലികൾ സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തമാക്കി. ഒരു ബിജെപി നേതാവ് പങ്കുവെച്ച വിശദമായ കുറിപ്പിൽ കേസിനെക്കുറിച്ചുള്ള തങ്ങളുടെ ഭാഗം ഇങ്ങനെ വിശദീകരിക്കുന്നു:
1. കേസിന്റെ തുടക്കം ഒരു ഫേസ്ബുക്ക് പോസ്റ്റ്: പൗരത്വ നിയമ ഭേദഗതിക്ക് (CAA) അനുകൂലമായി പത്മരാജൻ മാഷ് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ഇവർ ആരോപിക്കുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ സ്കൂളിലെ അധ്യാപകനായ ഇദ്ദേഹത്തെ അവിടെനിന്ന് ഒഴിവാക്കാൻ ചിലർ നടത്തിയ ഗൂഢാലോചനയാണിതെന്ന് ഇവർ വാദിക്കുന്നു.
2. ശുചിമുറിയുടെ ഘടന: 400-ലധികം കുട്ടികൾ ഉപയോഗിക്കുന്ന, മേൽക്കൂരയില്ലാത്തതും കുറ്റിയോ കൊളുത്തോ ഇല്ലാത്തതുമായ ഒരു ശുചിമുറിയിൽ വെച്ച്, അതും പകൽ സമയത്ത് ഒന്നര മണിക്കൂർ പീഡിപ്പിച്ചു എന്ന് പറയുന്നത് അവിശ്വസനീയമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. തൊട്ടപ്പുറത്തെ ക്ലാസ്സിൽ കുട്ടികൾ ഇരിക്കുമ്പോഴാണ് ഇത് നടന്നതെന്നും, കുട്ടി നിലവിളിച്ചില്ലെന്നും പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നാണ് വാദം.
3. മൊഴികളിലെ വൈരുദ്ധ്യങ്ങൾ: അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി ശ്രീജിത്ത്, ഡിവൈഎസ്പി അബ്ദുൽ റഹീം എന്നിവരുടെ കേസ് ഡയറികളിൽ കുട്ടിയുടെ മൊഴിയിലെ 155-ഓളം വൈരുദ്ധ്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇവർ അവകാശപ്പെടുന്നു. “കമ്മ്യൂണിസ്റ്റ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ ആൾക്കാർ ചേർന്ന് കുട്ടിയുടെ മൊഴിയെ പലതവണ മാറ്റിമറിച്ചു” എന്ന് ഡിവൈഎസ്പി എഴുതിയിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു.
4. കള്ളങ്ങൾ തെളിഞ്ഞോ?: പീഡനം നടന്നുവെന്ന് പറയുന്ന ദിവസങ്ങളിൽ പത്മരാജൻ സ്ഥലത്തില്ലായിരുന്നുവെന്ന് മൊബൈൽ ലൊക്കേഷൻ ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ടായിരുന്നുവെന്നും, കുട്ടി പറഞ്ഞ ‘ഒലിവ് ഹോട്ടലോ’ ‘അമ്പലമോ’ പോലീസ് അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നും ഇവർ വാദിക്കുന്നു.
5. മെഡിക്കൽ റിപ്പോർട്ടുകൾ: കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ ബലാത്സംഗം നടന്നില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നതായും, കുട്ടിയുടെ മാനസികനില പരിശോധിച്ചപ്പോൾ ‘സ്ഥിരമായി കള്ളം പറയുന്ന സ്വഭാവം’ (Hallucination) കണ്ടെത്തിയതായും ഇവർ അവകാശപ്പെടുന്നു.
6. രാഷ്ട്രീയ ഇടപെടൽ: ഐജി ശ്രീജിത്തിന്റെ ലീക്കായ ഓഡിയോ ക്ലിപ്പിൽ പത്മരാജൻ നിരപരാധിയാണെന്ന് പറയുന്ന ഭാഗം ഇവർ ഉയർത്തിക്കാട്ടുന്നു. പിന്നീട് രാഷ്ട്രീയ സമ്മർദ്ദത്താൽ പ്രത്യേക അന്വേഷണ സംഘത്തെ വെച്ച് കേസ് അട്ടിമറിക്കുകയായിരുന്നുവെന്നും, അന്വേഷണ ഉദ്യോഗസ്ഥർക്ക് സിപിഎം ബന്ധമുണ്ടെന്നും ഇവർ ആരോപിക്കുന്നു. “ഹിന്ദു ആയിപ്പോയില്ലേ, അതും കേരളത്തിൽ…” എന്ന വൈകാരികമായ കുറിപ്പോടെയാണ് ബിജെപി അനുകൂലികൾ വിധിയോട് പ്രതികരിക്കുന്നത്.
കോടതിവിധി അന്തിമമല്ലെന്നും, മേൽക്കോടതികളിൽ പത്മരാജന് നീതി ലഭിക്കുമെന്നും ഇവർ ഉറച്ചുവിശ്വസിക്കുന്നു. കേവലം ഒരു ക്രിമിനൽ കേസ് എന്നതിലുപരി, കേരളത്തിലെ സങ്കീർണ്ണമായ രാഷ്ട്രീയ-മത സാഹചര്യങ്ങളുടെ പ്രതിഫലനം കൂടിയാകുകയാണ് പാലത്തായി കേസ്
നീതിയുടെ വിജയം ??
എല്ലാ എതിർവാദങ്ങളെയും അട്ടിമറി ശ്രമങ്ങളെയും അതിജീവിച്ച്, ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു എന്ന് പ്രൊസിക്ക്യൂഷന്‍ പറയുന്നു . അതിജീവിതയുടെ മൊഴി ഉൾപ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. നാല് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ഇരയ്ക്ക് ലഭിച്ച നീതിയായാണ് ഈ വിധിയെ പ്രോസിക്ക്യൂഷനും കുട്ടിയുടെ കുടുംബവും വിലയിരുത്തുന്നത്. എന്നാൽ മേൽക്കോടതിയിൽ അപ്പീൽ പോകുമെന്ന സൂചനയാണ് പ്രതിഭാഗം നൽകുന്നത്.











