
തലമുറകളായി കൈമാറി വരുന്ന പേരുകൾ കുട്ടികൾക്ക് നൽകുന്നത് പല കുടുംബങ്ങളിലും ഒരു പതിവാണ്. മുത്തശ്ശിയുടെയോ മുത്തശ്ശൻ്റെയോ പേരുകൾ മക്കൾക്ക് നൽകി ആ കുടുംബ മഹിമ നിലനിർത്താൻ പലരും ആഗ്രഹിക്കാറുണ്ട്. എന്നാൽ, സ്വന്തം മക്കൾക്കെല്ലാം ഒരേ പേര് തന്നെ നൽകുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കേൾക്കുമ്പോൾ കൗതുകം തോന്നാമെങ്കിലും കാലിഫോർണിയയിലെ ഒരു അമ്മ തന്റെ നാല് പെൺമക്കൾക്കും നൽകിയിരിക്കുന്നത് ഒരേ പേരാണ് – ‘മേരി’ (Mary).
സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ച ഈ പേരിടൽ വിശേഷത്തിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് നാല് പെൺമക്കളുടെ അമ്മയായ മേരി ഹെഫെർനാൻ (Mary Heffernan). കാലിഫോർണിയയിലെ വടക്കൻ പർവതനിരകളിൽ സിലിക്കൺ വാലിയുടെ തിരക്കുകളിൽ നിന്നും മാറി ‘ഫൈവ് മേരീസ് ഫാംസ്’ (Five Marys Farms) എന്ന പേരിൽ ഒരു വലിയ ഫാം നടത്തുകയാണ് മേരിയും ഭർത്താവ് ബ്രയാനും (Brian). പശു, ആട്, പന്നി തുടങ്ങിയവയെ സ്വാഭാവികമായ രീതിയിൽ വളർത്തി, മാംസം വിൽക്കുന്ന ഒരു വലിയ ഓൺലൈൻ സംരംഭമാണ് ഇവർ നടത്തുന്നത്. ഈ ഫാമിൻ്റെ പേരിൽ തന്നെയുണ്ട് ഈ കുടുംബത്തിന്റെ പ്രത്യേകത – അഞ്ച് മേരിമാർ!
എന്തുകൊണ്ട് എല്ലാവർക്കും ഒരേ പേര്?
എന്തുകൊണ്ടാണ് എല്ലാ കുട്ടികൾക്കും സ്വന്തം പേര് തന്നെ നൽകിയത് എന്നതിന് മേരിക്ക് വ്യക്തമായ മറുപടിയുണ്ട്. “മേരി എന്നത് വളരെ ശക്തമായ ഒരു പേരാണ്. അത് വിനയത്തെയും, സ്ഥിരതയെയും, കരുത്തിനെയും പ്രതിനിധീകരിക്കുന്നു,” മേരി പറയുന്നു. പാരമ്പര്യമായി കാത്തലിക് വിശ്വാസികളായ ഇവരുടെ കുടുംബത്തിൽ അമ്മ വഴിക്കും അച്ഛൻ വഴിക്കുമുള്ള പഴയ തലമുറകളിൽ കരുത്തുറ്റ നിരവധി സ്ത്രീകളുടെ പേര് മേരി എന്നായിരുന്നു. അവരോടുള്ള ആദരസൂചകമായാണ് ആദ്യത്തെ മകൾക്ക് ഈ പേര് നൽകിയത്. എന്നാൽ പിന്നീട് ജനിച്ച മൂന്ന് പെൺകുട്ടികൾക്കും ആ പാരമ്പര്യം തെറ്റിക്കാതെ അതേ പേര് തന്നെ നൽകാൻ ഇവർ തീരുമാനിക്കുകയായിരുന്നു.
“എല്ലാ കുട്ടികളും പെൺകുട്ടികളായിരിക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല, പക്ഷേ ഒരിക്കൽ ഈ പേരിടൽ രീതി തുടങ്ങിയപ്പോൾ പിന്നെ അതിൽ നിന്ന് പിന്നോട്ട് പോകാൻ ഞങ്ങൾ ആഗ്രഹിച്ചില്ല,” മേരി തങ്ങളുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

പേര് ഒന്നാണെങ്കിൽ എങ്ങനെ തിരിച്ചറിയും?
എല്ലാവർക്കും ഒരേ പേരാണെങ്കിൽ വിളിക്കുമ്പോൾ എങ്ങനെ തിരിച്ചറിയും എന്ന സംശയം സ്വാഭാവികമാണ്. ഇതിനും ഈ മാതാപിതാക്കൾ ഒരു സൂത്രം കണ്ടുപിടിച്ചിട്ടുണ്ട്. എല്ലാവർക്കും ‘മേരി’ എന്ന പേരിനൊപ്പം കുടുംബത്തിലെ മറ്റ് മുതിർന്ന വ്യക്തികളെ ഓർമ്മിപ്പിക്കുന്ന വ്യത്യസ്തമായ രണ്ടാമത്തെ പേരുകളും (Middle name) നൽകി. അതുകൊണ്ട് തന്നെ വീട്ടിൽ ഓരോരുത്തർക്കും വ്യത്യസ്തമായ ചെല്ലപ്പേരുകളാണുള്ളത്.
മൂത്ത മകൾ മേരി ഫ്രാൻസെസിനെ (Mary Frances Borchard) അവർ സ്നേഹത്തോടെ ‘ഫ്രാൻസി’ (Francie) എന്ന് വിളിക്കും. അച്ഛനായ ബ്രയാൻ്റെ മുത്തശ്ശിയുടെ ഓർമ്മയ്ക്കായാണ് ഈ പേര് നൽകിയത്. രണ്ടാമത്തെ മകളായ മേരി മർജോറിയെ (Mary Marjorie) ‘മെയ്‌സി’ (Maisie) എന്നാണ് വിളിക്കുന്നത്. മൂന്നാമത്തെ മകൾ മേരി ജെയ്നെ (Mary Jane) ‘ജാനി’ (Janie) എന്നും വിളിക്കുന്നു. ഏറ്റവും ഇളയവളായ മേരി തെരേസ കാതറിനെ (Mary Teresa Katherine) ‘ടെസ്’ (Tess) എന്നുമാണ് ഇവർ വിളിക്കുന്നത്. ഈ പേരുകളെല്ലാം തന്നെ അവരുടെ കുടുംബത്തിലെ മുൻതലമുറകളിലെ മുത്തശ്ശിമാരുടെ പേരുകളിൽ നിന്നും ഉരുത്തിരിഞ്ഞതാണ്.
വിമർശകർക്കുള്ള ചുട്ട മറുപടി
ഈ വേറിട്ട പേരിടൽ രീതി സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയത്. കുട്ടികളോട് ചെയ്യുന്ന അനീതിയാണിതെന്നും, അവർക്ക് സ്വന്തമായി ഒരു ഐഡൻ്റിറ്റി ഇല്ലാതാക്കുകയാണെന്നും പലരും വാദിച്ചു. എന്നാൽ ഇത്തരം വിമർശനങ്ങളെ താൻ തീരെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് മേരി ദി ഡെയ്‌ലി മെയിലിനോട് പ്രതികരിച്ചു.
“ഓൺലൈനിൽ ആളുകൾക്ക് എപ്പോഴും പല അഭിപ്രായങ്ങളുമുണ്ടാകും. അതോർത്ത് വിഷമിക്കാൻ എനിക്ക് ഒട്ടും സമയമില്ല. ഞങ്ങളുടെ കുടുംബത്തിന് പുറത്തുനിന്നുള്ളവരിൽ നിന്നുള്ള ഒരു സർട്ടിഫിക്കറ്റും ആവശ്യമില്ല. മാത്രമല്ല, എല്ലാവർക്കും ഒരേ പേരുള്ളതുകൊണ്ട് ആളുകൾ ഞങ്ങളെയും ഞങ്ങളുടെ മാംസ വിൽപ്പന ബിസിനസിനെയും വളരെ വേഗം ഓർത്തിരിക്കുന്നു. ഇത് ഞങ്ങളുടെ ബ്രാൻഡിന് വലിയ ഗുണമാണ് നൽകുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, എന്റെ പെൺകുട്ടികൾക്ക് അവരുടെ പേരുകൾ അതിയായി ഇഷ്ടമാണ് എന്നത് മാത്രമാണ്,” അവർ വ്യക്തമാക്കി.
വ്യത്യസ്തമായ ഒരു പേരിടലിലൂടെ തങ്ങളുടെ സംരംഭത്തെയും കുടുംബത്തെയും ലോകത്തിന് മുന്നിൽ വേറിട്ട് നിർത്താൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് കാലിഫോർണിയയിലെ ഈ വലിയ കുടുംബം.










