
മുംബൈ: മുംബൈ നഗരത്തിന്റെ ജീവനാഡിയാണ് ലോക്കൽ ട്രെയിനുകൾ. ദിവസേന ലക്ഷക്കണക്കിന് സ്ത്രീകളാണ് ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഈ ട്രെയിനുകളെ ആശ്രയിക്കുന്നത്. തിരക്കിനിടയിലും സ്ത്രീകൾക്ക് അല്പമെങ്കിലും ആശ്വാസവും സുരക്ഷിതത്വവും നൽകുന്നത് ലേഡീസ് കമ്പാർട്ട്‌മെന്റുകളാണ്. എന്നാൽ, ആ സുരക്ഷിതത്വത്തിന് നേരെ ചോദ്യചിഹ്നമുയർത്തുന്ന, അങ്ങേയറ്റം ആശങ്കാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മുംബൈ ലോക്കലിലെ ലേഡീസ് കോച്ചിൽ പർദ്ദ ധരിച്ച് വേഷം മാറി യാത്ര ചെയ്ത യുവാവിനെ പിടികൂടിയ സംഭവമാണ് നഗരത്തെ ഞെട്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച സെൻട്രൽ റെയിൽവേയുടെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്കുള്ള (CSMT) ട്രെയിനിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ലേഡീസ് കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്യുകയായിരുന്ന സഹയാത്രികർക്ക് പർദ്ദ ധരിച്ചിരുന്ന ഒരു ‘യാത്രക്കാരി’യുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതാണ് വഴിത്തിരിവായത്.
സംശയം ബലപ്പെട്ട നിമിഷങ്ങൾ
യാത്രയ്ക്കിടെ പർദ്ദ ധരിച്ച വ്യക്തിയുടെ ഇരിപ്പിലും ശരീരഭാഷയിലും അസ്വാഭാവികത തോന്നിയ സ്ത്രീകൾ ശ്രദ്ധിക്കാൻ തുടങ്ങി.ആ വ്യക്തി അടുത്തിരിക്കുന്ന സ്ത്രീകളെ അനാവശ്യമായി തൊടുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു. സംശയം ബലപ്പെട്ടതോടെ ധൈര്യസമേതം സ്ത്രീകൾ ഇയാളെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. “എന്തിനാണ് നിങ്ങൾ ലേഡീസ് കമ്പാർട്ട്‌മെന്റിൽ കയറിയത്? എന്തിനാണ് പർദ്ദ ധരിച്ച് വേഷം മാറിയത്?” എന്നിങ്ങനെ സ്ത്രീകൾ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചിലർ മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്താനും തുടങ്ങിയതോടെ ഇയാൾ പരിഭ്രാന്തനായി. അടുത്ത സ്റ്റേഷനിൽ പോലീസിനെ ഏൽപ്പിക്കുമെന്ന് യാത്രക്കാർ മുന്നറിയിപ്പ് നൽകിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി.
സിനിമയെ വെല്ലുന്ന രക്ഷപ്പെടൽ
ട്രെയിൻ ഘാട്ട്‌കോപ്പർ സ്റ്റേഷനിലേക്ക് അടുക്കുന്നതിനിടെ, വേഗത കുറഞ്ഞ തക്കം നോക്കി ഇയാൾ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് താഴേക്ക് ചാടി. ലേഡീസ് കോച്ചിൽ നിന്ന് ട്രാക്കിലേക്ക് എടുത്തുചാടിയ ഇയാൾ, അവിടെ നിന്ന് ഓടി അടുത്ത പ്ലാറ്റ്‌ഫോമിലെത്തി. തുടർന്ന് കർജാത്തീലേക്ക് പോകുന്ന മറ്റൊരു ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ഘാട്ട്‌കോപ്പറിൽ ഇറങ്ങിയ സ്ത്രീകൾ ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. കർജാത്ത് ട്രെയിൻ മുളുണ്ട് സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും അപ്പോഴേക്കും ഇയാൾ അവിടെ നിന്നും കടന്നുകളഞ്ഞിരുന്നു.
Shocking case on Mumbai local: Man in burqa disguise entered ladies compartment near Ghatkopar, allegedly tried molesting women. Alert passengers challenged him; he escaped by leaping to another train. FIR lodged at Ghatkopar PS; GRP & RPF investigating.
pic.twitter.com/GgqccoX11M— Ghar Ke Kalesh (@gharkekalesh) February 8, 2026
സുരക്ഷാ വീഴ്ചയും പോലീസ് നടപടിയും
സംഭവം വിവാദമായതോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) കേസെടുത്തു. ഇന്ത്യൻ റെയിൽവേ ആക്ട് പ്രകാരം ലേഡീസ് കമ്പാർട്ട്‌മെന്റിൽ അനധികൃതമായി യാത്ര ചെയ്തതിന് ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെങ്കിലും, പട്ടാപ്പകൽ ഇത്തരമൊരു സംഭവം നടന്നത് റെയിൽവേ പോലീസിന്റെ ജാഗ്രതക്കുറവായാണ് വിലയിരുത്തപ്പെടുന്നത്.
സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സ്ത്രീകളുടെ സുരക്ഷയെക്കരുതി മാറ്റിവെച്ചിരിക്കുന്ന ഇടങ്ങളിലേക്ക് നുഴഞ്ഞുകയറാൻ വേഷം മാറുന്നത് അതീവ ഗൗരവകരമായ കുറ്റകൃത്യമാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു.
“ഇത് മതത്തിൻ്റെയോ വസ്ത്രത്തിൻ്റെയോ പ്രശ്നമല്ല. സ്ത്രീകൾക്ക് മാത്രമായി നീക്കിവെച്ചിരിക്കുന്ന ഇടങ്ങൾ എത്ര എളുപ്പത്തിലാണ് ലംഘിക്കപ്പെടുന്നത് എന്നതാണ് ഭയപ്പെടുത്തുന്നത്,” എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. “യാത്രക്കാരായ സ്ത്രീകളുടെ ജാഗ്രതയെ അഭിനന്ദിക്കുന്നു. എന്നാൽ ഇത്തരം വിടവുകൾ മുതലെടുക്കാൻ ആരെയും അനുവദിക്കരുത്. സ്ത്രീ സുരക്ഷ എന്നത് തമാശയല്ല,” എന്ന് മറ്റൊരാൾ പ്രതികരിച്ചു.
പൊതുഗതാഗത സംവിധാനങ്ങളിൽ, പ്രത്യേകിച്ച് തിരക്കേറിയ മുംബൈ ലോക്കലുകളിൽ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ലേഡീസ് കമ്പാർട്ട്‌മെന്റുകളിലെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്. വേഷം മാറി സ്ത്രീകളുടെ ഇടയിൽ നുഴഞ്ഞുകയറിയ ഇയാളുടെ ലക്ഷ്യം എന്തായിരുന്നു എന്നത് ഇപ്പോഴും അവ്യക്തമാണ്. പ്രതിയെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് മുംബൈ നിവാസികളുടെ ആവശ്യം.










