
മരണശേഷം എന്ത് സംഭവിക്കുന്നു? മനുഷ്യൻ എക്കാലത്തും ഉത്തരം തേടുന്ന, എന്നാൽ കൃത്യമായ ഉത്തരമില്ലാത്ത ഒരു ചോദ്യമാണിത്. മരണത്തിന്റെ വക്കോളമെത്തി തിരിച്ചുവന്നവർ (Near-Death Experiences – NDE) പലപ്പോഴും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്. ചിലർ നരകം കണ്ടുവെന്ന് അവകാശപ്പെടുമ്പോൾ, മറ്റു ചിലർ പ്രകാശവലയങ്ങളോ മരിച്ചുപോയ പ്രിയപ്പെട്ടവരെയോ കണ്ടതായി പറയുന്നു. ഓരോരുത്തരുടെയും അനുഭവങ്ങൾ വ്യത്യസ്തമാണ്.
ഇപ്പോഴിതാ, ആശുപത്രി കിടക്കയിൽ വെച്ച് ഏതാനും നിമിഷങ്ങൾ വൈദ്യശാസ്ത്രപരമായി ‘മരിക്കുകയും’ പിന്നീട് ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചുവരികയും ചെയ്ത ഒരു യുവാവ് തന്റെ അനുഭവം പങ്കുവെക്കുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലെ ‘ആസ്ക് മീ എനിതിങ്’ (AMA) എന്ന വിഭാഗത്തിലാണ് അദ്ദേഹം ഈ നിർണായക നിമിഷങ്ങളെക്കുറിച്ച് തുറന്നെഴുതിയത്. ഏറ്റവും ശ്രദ്ധേയമായ കാര്യം, ഇദ്ദേഹം ഒരു ആരോഗ്യപ്രവർത്തകൻ കൂടിയാണ് എന്നതാണ്. രോഗിയായും ചികിത്സകനായും ഉള്ള ഈ അനുഭവം ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയെന്ന് അദ്ദേഹം പറയുന്നു.
വേദനയില്ലാത്ത ‘മരണം’
“കുറച്ച് മിനിറ്റുകൾ മാത്രമേ ഞാൻ മരിച്ചിരുന്നുള്ളൂ,” അദ്ദേഹം കുറിച്ചു. പിന്നീട് ദിവസങ്ങളോളം ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ഈ അനുഭവം തന്നെ കൂടുതൽ വിനയാന്വിതനാക്കി.
ഏറ്റവും അതിശയകരമായ കാര്യം, ‘മരിച്ചു’ എന്ന് വിധിയെഴുതിയ ആ നിമിഷങ്ങളിൽ അദ്ദേഹത്തിന് യാതൊരു വിധത്തിലുള്ള വേദനയും അനുഭവപ്പെട്ടില്ല എന്നതാണ്. ശരീരം ജീവനുവേണ്ടി കഠിനമായി പൊരുതുകയായിരുന്നെങ്കിലും, മനസ്സ് തികച്ചും ശാന്തവും ‘കംഫർട്ടബിളു’മായിരുന്നത്രെ. വെന്റിലേറ്ററിൽ കിടക്കുമ്പോൾ ശർദ്ദിച്ചതും, അത് ശ്വാസകോശത്തിലേക്ക് പോയതുമെല്ലാം (aspirating) ഓർമ്മയുണ്ടെങ്കിലും വേദനയൊട്ടും അറിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ശരീരത്തിന് പുറത്തുനിന്ന് കണ്ട കാഴ്ചകൾ
ഐസിയുവിൽ തനിക്ക് ചുറ്റും കുടുംബാംഗങ്ങൾ ഉണ്ടായിരുന്നത് വലിയൊരു ആശ്വാസമായിരുന്നു. ഒരു ‘ഔട്ട് ഓഫ് ബോഡി’ (ശരീരത്തിന് പുറത്തുനിന്നുള്ള) അനുഭവമാണ് അപ്പോൾ ഉണ്ടായത്. “കുടുംബാംഗങ്ങൾ ഐസിയു മുറിയിൽ വെച്ച് സംസാരിച്ചതെല്ലാം എനിക്കിപ്പോഴും ഓർമ്മയുണ്ട്. അവരോട് സംസാരിക്കാനും പ്രതികരിക്കാനും ഞാൻ അതിയായി ആഗ്രഹിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. അതായിരുന്നു ഏറ്റവും വിചിത്രമായ കാര്യം,” അദ്ദേഹം എഴുതി.
മുത്തശ്ശിയുടെ സന്ദേശം
എന്നാൽ വെന്റിലേറ്റർ മാറ്റിയ നിമിഷമാണ് ഏറ്റവും നിർണായകമായ, ഇന്നും വിശ്വസിക്കാൻ പ്രയാസമുള്ള ഒരു അനുഭവം അദ്ദേഹത്തിനുണ്ടായത്. 2004-ൽ മരിച്ചുപോയ തന്റെ മുത്തശ്ശിയെ അദ്ദേഹം ‘കണ്ടു’. അവർ അദ്ദേഹത്തോട് പറഞ്ഞ വാക്കുകൾ ഇതായിരുന്നു: “തിരികെ പോകൂ… എന്റെ സമയം ഇവിടെ തുടങ്ങുന്നതേയുള്ളൂ”.
ഈ വാക്കുകൾ കേട്ടതിന് തൊട്ടുപിന്നാലെ, ശ്വാസകോശത്തിൽ നിന്ന് ട്യൂബുകൾ പുറത്തെടുക്കുന്നതും നഴ്സുമാർ തന്റെ പേര് ഉച്ചത്തിൽ വിളിക്കുന്നതും അദ്ദേഹം അറിഞ്ഞു. ജീവിതത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു അത്.
വിശ്വാസവും ശാസ്ത്രവും
ഇത് മരണസമയത്ത് നൽകിയ മരുന്നുകളുടെ ഫലമായി ഉണ്ടായ വെറും വിഭ്രാന്തിയാണോ അതോ സത്യമാണോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് വ്യക്തമായ മറുപടിയുണ്ട്.
“ഞാൻ എന്റെ മുത്തശ്ശിയെ കണ്ടു എന്ന് തന്നെ വിശ്വസിക്കുന്നു. ചിലപ്പോഴൊക്കെ മരുന്നുകളുടെ സ്വാധീനമാണോ ഇതെന്ന് ഞാനും യുക്തിപരമായി ചിന്തിക്കാറുണ്ട്. എന്നാൽ ഓരോ തവണ ആലോചിക്കുമ്പോഴും, അത് മുത്തശ്ശി തന്നെയായിരുന്നു എന്ന ഉറപ്പിലേക്കാണ് ഞാൻ എത്തുന്നത്.”
ഒരു ആരോഗ്യപ്രവർത്തകൻ എന്നതിലുപരി, ക്വാണ്ടം ഫിസിക്സിനെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരാൾ കൂടിയാണ് അദ്ദേഹം എന്നത് ഈ അനുഭവത്തിന് കൂടുതൽ ഗൗരവം നൽകുന്നു. മരണത്തെക്കുറിച്ചും അതിനപ്പുറമുള്ള കാര്യങ്ങളെക്കുറിച്ചും നമുക്കറിയാവുന്നത് വളരെ കുറച്ചുമാത്രമാണെന്ന് ഈ അനുഭവം അടിവരയിടുന്നു.











