
ഒരു അഭിനേതാവ് എന്നതിലുപരി നല്ലൊരു മനുഷ്യൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു കൊച്ചിൻ ഹനീഫ. വില്ലൻ വേഷങ്ങളിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് തൻ്റെ ഹാസ്യപരമായ കഴിവുകൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. കരൾ രോഗത്തെത്തുടർന്ന് 2010 ഫെബ്രുവരി 2-ന് അദ്ദേഹം വിടവാങ്ങിയപ്പോൾ, മലയാള സിനിമ ലോകം ഒരുപാട് സങ്കടപ്പെട്ടു. ഈ വേർപാട് സിനിമാലോകത്തെ മാത്രമല്ല, അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരെയും വേദനിപ്പിച്ചു. കൊച്ചിൻ ഹനീഫയും നടൻ മമ്മൂട്ടിയും തമ്മിലുള്ള ആഴമേറിയ സൗഹൃദത്തെക്കുറിച്ച് നടൻ മുകേഷ് തൻ്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഹൃദയസ്പർശിയായ ചില ഓർമ്മകളാണ് ഇവിടെ കുറിക്കുന്നത്.
കൊച്ചിൻ ഹനീഫയുടെ ചിരിയും സ്വഭാവവും
ഹനീഫിക്കയെക്കുറിച്ച് പറയുമ്പോൾ മുകേഷിന് നൂറു നാവാണ്. എല്ലാ മേഖലകളിലും തിളങ്ങിയ ഒരാളായിരുന്നു അദ്ദേഹം. സിനിമയിൽ അദ്ദേഹത്തിന് ശത്രുക്കളോ എതിർപ്പുകളോ ഉണ്ടായതായി തനിക്ക് അറിയില്ലെന്നും, എവിടെ ചെന്നാലും അവിടുത്തെ ആളുകളുമായി വേഗത്തിൽ സൗഹൃദം സ്ഥാപിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നെന്നും മുകേഷ് ഓർക്കുന്നു. അദ്ദേഹത്തിൻ്റെ ചിരി വളരെ പ്രസിദ്ധമായിരുന്നു. ഒരു ചെറിയ തമാശ കേട്ടാൽ പോലും അദ്ദേഹം ഉച്ചത്തിൽ പൊട്ടിച്ചിരിക്കുമായിരുന്നു. സീരിയസായ വിഷയങ്ങൾ സംസാരിക്കുന്ന സ്ഥലങ്ങളിൽ ഹനീഫിക്ക ഉണ്ടെങ്കിൽ, തമാശ പറഞ്ഞ് അത് ചിരിയിൽ അവസാനിപ്പിച്ചുകളയുമെന്നതിനാൽ പലരും ജാഗ്രതയോടെയാണ് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നത്.
സിനിമയിൽ ഹനീഫിക്ക വളരെ സജീവമായതിന് ശേഷമാണ് താൻ അദ്ദേഹത്തെ പരിചയപ്പെടുന്നതെങ്കിലും, വർഷങ്ങൾക്ക് മുൻപ് ഒരു മിമിക്രി കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തെ തനിക്കറിയാമായിരുന്നെന്നും മുകേഷ് പറയുന്നു.
മമ്മൂട്ടിയും ഹനീഫിക്കയും തമ്മിലുള്ള ആത്മബന്ധം
മുകേഷ് പറയുന്നതനുസരിച്ച്, കൊച്ചിൻ ഹനീഫയെക്കുറിച്ച് പറയുമ്പോൾ മമ്മൂട്ടിയെ ഒഴിവാക്കാൻ സാധിക്കില്ല. ഇവർ ഇരുവരും എന്തുകൊണ്ട് സഹോദരന്മാരായി ജനിച്ചില്ല എന്ന് പോലും തനിക്ക് തോന്നിയിട്ടുണ്ടെന്ന് മുകേഷ് പറയുന്നു. കാരണം, അത്രയേറെ സ്നേഹമായിരുന്നു മമ്മൂട്ടിക്ക് ഹനീഫിക്കയോട്. അതിൻ്റെ ഇരട്ടി സ്നേഹം ഹനീഫിക്കയും അദ്ദേഹത്തോട് പ്രകടിപ്പിച്ചിരുന്നു.
ഇവർ തമ്മിലുള്ള സൗഹൃദത്തിൻ്റെ ആഴം എത്രത്തോളമുണ്ടായിരുന്നു എന്നതിൻ്റെ തെളിവായിരുന്നു ഹനീഫിക്കയുടെ മരണവാർത്തയറിഞ്ഞപ്പോൾ മമ്മൂട്ടി പൊട്ടിക്കരഞ്ഞ രംഗം. ഒരു കൊച്ചുകുഞ്ഞിനെപ്പോലെയാണ് മമ്മൂക്ക അന്ന് സങ്കടപ്പെട്ടതെന്ന് മുകേഷ് പറയുന്നു. ആ കരച്ചിലിനിടയിലും മമ്മൂട്ടി ഹനീഫിക്കയെ വഴക്ക് പറയുകയായിരുന്നു, “എൻ്റെയടുത്തെങ്കിലും നിൻറെ രോഗവിവരം പറയാമായിരുന്നില്ലേ? ഞാൻ നിന്നെ എവിടെയെങ്കിലും കൊണ്ടുപോയി ചികിത്സിച്ചേനേ,” എന്ന് പറഞ്ഞ് ആയിരുന്നു അദ്ദേഹത്തെ പൊട്ടികകരഞ്ഞത് . ഈ വാക്കുകളിൽ നിന്ന് തന്നെ മമ്മൂട്ടിക്ക് ഹനീഫിക്കയോടുണ്ടായിരുന്ന സ്നേഹത്തിൻ്റെ ആത്മാർത്ഥത എത്ര വലുതാണെന്ന് മനസ്സിലാക്കാം. അത്രമാത്രം നിഷ്കളങ്കമായ സൗഹൃദമായിരുന്നു അവർക്കിടയിൽ.
സിനിമയിൽ സഹതാരങ്ങളായി മാത്രം ഒതുങ്ങാതെ, ജീവിതത്തിൽ താങ്ങും തണലുമായി നിലകൊണ്ടിരുന്ന രണ്ട് വ്യക്തികളുടെ ആഴമേറിയ ബന്ധത്തിൻ്റെ നേർക്കാഴ്ചയാണിത്. മലയാള സിനിമയിൽ സൗഹൃദത്തിന് ഇത്രയധികം പ്രാധാന്യം നൽകിയ ഈ താരങ്ങളുടെ കഥ എന്നും നമുക്കൊരു പ്രചോദനമാണ്. ഈ സൗഹൃദം സിനിമാ ലോകത്തിന് ഒരു പാഠം കൂടിയാണ്.