പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരങ്ങളിലൊരാളാണ് മാള അരവിന്ദന്‍. അഭിനയം മാത്രമല്ല തബലയിലും അദ്ദേഹത്തിന് കഴിവുണ്ട്. 2015ലായിരുന്നു അദ്ദേഹം വിടവാങ്ങിയത്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട് അദ്ദേഹത്തെ. അച്ഛനെക്കുറിച്ചും അച്ഛന്റെ സിനിമകളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിരിക്കുകയാണ് മകനായ കിഷോര്‍. സിനിമാസ്‌റ്റൈലിലുള്ള ജീവിതമായിരുന്നില്ല അദ്ദേഹത്തിന്റേതെന്ന് ഭാര്യ പറയുന്നു. ജീവിതത്തില്‍ അച്ഛന്‍ ഗൗരവക്കാരനാണെന്ന് കിഷോര്‍ പറയുന്നു. മാളയില്‍ പെട്രോള്‍ പമ്പ് നടത്തുകയാണ് കിഷോര്‍.
അച്ഛനെ എപ്പോള്‍ കണ്ടാലും ദേഹത്തേക്ക് കാറുകൊണ്ടുവരുന്ന പരിപാടിയുണ്ടായിരുന്നു അദ്ദേഹത്തിന്. അത് കാണുമ്പോള്‍ അച്ഛനോടും, അപ്പോള്‍ മമ്മൂക്ക ചിരിക്കും. മമ്മൂക്കയ്ക്ക് ഏറെ ഇഷ്ടമുള്ള കാര്യങ്ങളിലൊന്നായിരുന്നു ഇത്. അച്ഛന് ദേഷ്യം വരുമെങ്കിലും ചീത്ത പറയാറില്ല.
മമ്മൂട്ടിയും മാളയും തമ്മില്‍ ഗാഢമായ സൗഹൃദമുണ്ടായിരുന്നു. മരിക്കുന്നതിന് ഒരുവര്‍ഷം മുന്‍പ് മാളയില്‍ വെച്ച് മാള ഫെസ്റ്റ് പരിപാടിയില്‍ അച്ഛനെ ആദരിച്ചിരുന്നു. അന്ന് അച്ഛന് പുരസ്‌കാരം നല്‍കാനായെത്തിയത് മമ്മൂട്ടിയായിരുന്നു. അത് പോലെ തന്നെ ഭക്ഷണകാര്യങ്ങളെക്കുറിച്ച് താനെപ്പോഴും അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു. പ്രമേഹമുള്‍പ്പടെയുള്ള അസുഖങ്ങളുണ്ടായിരുന്നു.
ഭക്ഷണകാര്യങ്ങളില്‍ അച്ഛന് ശ്രദ്ധയൊന്നുമില്ലായിരുന്നു. നല്ല ഭക്ഷണപ്രിയനായിരുന്നു അദ്ദേഹം. ഭക്ഷണം നിയന്ത്രിക്കേണ്ടുന്നതിനെക്കുറിച്ച് പറയുമ്പോള്‍ പറയുന്ന മറുപടി ഇതായിരുന്നു, ഞാന്‍ മരിച്ചാല്‍ മമ്മൂട്ടി വരാമെന്ന് പറഞ്ഞിട്ടുണ്ട്. ഒരുബന്ധവുമില്ലാത്ത ഈ മറുപടി കേട്ട് അന്ധാളിച്ച് നിന്ന് പോയിട്ടുണ്ടെന്ന് കിഷോര്‍ പറയുന്നു. അന്ന് ആ മറുപടിയുടെ പൊരുള്‍ മനസ്സിലായിരുന്നില്ല, എന്നാല്‍ മമ്മൂട്ടി ആ വാക്കിനെ അന്വര്‍ത്ഥമാക്കുകയായിരുന്നു.
മാള അരവിന്ദന്റെ മരണ സമയത്ത് മമ്മൂട്ടി ദുബായിലായിരുന്നു. എന്നാല്‍ അദ്ദേഹത്തെ അവസാനമായി കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമായി അദ്ദേഹം ഓടിയെത്തിയിരുന്നു. പറഞ്ഞ സമയത്തിന് മുന്‍പ് തന്നെ മമ്മൂട്ടി എത്തിയിരുന്നു. സംസ്‌കാര ചടങ്ങുകളെല്ലാം കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം പോയത്. അവരുടെ ആത്മബന്ധത്തെക്കുറിച്ച് അന്നാണ് തനിക്ക് മനസ്സിലായതെന്നും കിഷോര്‍ പറയുന്നു. മാള അരവിന്ദന് അദ്ദേഹത്തിന്റെ കഴിവിന് അനുസരിച്ചുള്ള ഒരംഗീകാരവും ലഭിച്ചിട്ടില്ലെന്നായിരുന്നു സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മമ്മൂട്ടി പറഞ്ഞത്.