
വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പ്രചരിപ്പിക്കാനും ലക്ഷ്യമിട്ട് നിർമ്മിച്ച ഒരു സിനിമക്ക് പുരസ്കാരം നൽകിയത് ഇന്ത്യൻ സിനിമയുടെ മഹത്തായ പാരമ്പര്യത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലയെ വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി മാറ്റാനുള്ള സംഘപരിവാർ നീക്കമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. മതസൗഹാർദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനും വേണ്ടി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ പാരമ്പര്യത്തിന് ഈ തീരുമാനം കളങ്കമുണ്ടാക്കി. കേരളത്തെക്കുറിച്ചുള്ള നുണക്കഥകൾ പ്രചരിപ്പിക്കാൻ വേണ്ടി മാത്രം നിർമ്മിച്ച സിനിമയാണ് ദി കേരള സ്റ്റോറി. ഈ സിനിമക്ക് പുരസ്കാരം നൽകിയതിലൂടെ ജൂറി സംഘപരിവാർ പ്രത്യയശാസ്ത്രത്തിന് നിയമസാധുത നൽകിയിരിക്കുകയാണ്.
കേരളം എന്നും വർഗീയശക്തികൾക്കെതിരെ നിലകൊണ്ട നാടാണ്. ഈ തീരുമാനം കേരളത്തെ മാത്രമല്ല, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും അപമാനിക്കുന്നതിന് തുല്യമാണ്. ഈ അനീതിക്കെതിരെ ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യവിശ്വാസികളും ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മലയാള സിനിമക്ക് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചതിൽ മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു. മികച്ച സഹനടനുള്ള പുരസ്കാരം നേടിയ വിജയാരാഘവനെയും മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ ഉർവശിയെയും അദ്ദേഹം പ്രശംസിച്ചു. ഇത് മലയാള സിനിമയുടെ തിളക്കം വർദ്ധിപ്പിക്കുന്നുവെന്നും, ഇനിയും കൂടുതൽ മികച്ച സിനിമകളുമായി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാൻ ഈ നേട്ടങ്ങൾ പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
‘ദി കേരള സ്റ്റോറി’യുടെ സംവിധായകൻ സുദിപ്‌തോ സെന്നിനാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. സിനിമയുടെ ഛായാഗ്രഹണത്തിനും പുരസ്കാരം ലഭിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഉൾപ്പെടെ നിരവധി പ്രമുഖർ ചിത്രത്തിന് പുരസ്കാരം നൽകിയതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്