Advertisement
Home HEALTH AND BODY ദിവസം 8 മണിക്കൂർ ഉറങ്ങണമെന്നത് നിർബന്ധമാണോ? ഉറക്കത്തെക്കുറിച്ചുള്ള ധാരണകൾ തിരുത്തി വിദഗ്ധർ; സന്തോഷിക്കാൻ വകയുണ്ട്..

ദിവസം 8 മണിക്കൂർ ഉറങ്ങണമെന്നത് നിർബന്ധമാണോ? ഉറക്കത്തെക്കുറിച്ചുള്ള ധാരണകൾ തിരുത്തി വിദഗ്ധർ; സന്തോഷിക്കാൻ വകയുണ്ട്..

3072

രാവിലെ എഴുന്നേൽക്കുമ്പോൾ, “അയ്യോ ഇന്നലെ 6 മണിക്കൂറേ ഉറങ്ങാൻ കഴിഞ്ഞുള്ളൂ” എന്നോർത്ത് വിഷമിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കൊരു സന്തോഷവാർത്തയുണ്ട്. ആരോഗ്യമുള്ള ഒരു ശരീരത്തിന് ദിവസം കൃത്യം 8 മണിക്കൂർ ഉറക്കം നിർബന്ധമാണെന്ന പഴയ ധാരണ തിരുത്തുകയാണ് വൈദ്യശാസ്ത്രം. അമിതമായ ഉത്കണ്ഠ ഒഴിവാക്കി, ഉറക്കത്തിന്റെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പുതിയ പഠനങ്ങൾ ആവശ്യപ്പെടുന്നത്.

പ്രശസ്തമായ മയോ ക്ലിനിക്കിന്റെ (Mayo Clinic) റിപ്പോർട്ട് പ്രകാരം മുതിർന്ന ഒരാൾക്ക് ദിവസവും 7 മണിക്കൂറോ അതിൽ കൂടുതലോ ഉറക്കം മതിയാകും. കൗമാരക്കാർക്ക് ഇത് 8 മുതൽ 10 മണിക്കൂർ വരെയാകാം. എന്നാൽ ഇവിടെ ഏറ്റവും പ്രധാനം എത്ര മണിക്കൂർ ഉറങ്ങി എന്നതിനേക്കാൾ, എങ്ങനെയുള്ള ഉറക്കം ലഭിച്ചു എന്നതാണ്. ഇടയ്ക്കിടെ ഉണർന്നും, തിരിഞ്ഞും മറിഞ്ഞും കിടന്നുള്ള 8 മണിക്കൂർ ഉറക്കത്തേക്കാൾ ശരീരത്തിന് ഗുണം ചെയ്യുന്നത് യാതൊരു തടസ്സങ്ങളുമില്ലാത്ത, ആഴത്തിലുള്ള 6 അല്ലെങ്കിൽ 7 മണിക്കൂർ ഉറക്കമാണ്.

READ NOW  നാവിന് മാത്രമല്ല, ഗർഭപാത്രത്തിനും 'രുചി' അറിയാം; ബീജത്തിന്റെ ഗുണനിലവാരം തിരിച്ചറിയുന്ന അത്ഭുത വിദ്യ

ബിബിസിയുടെ ‘വാട്ട്സ് അപ്പ് ഡോക്സ്’ (What’s Up Docs) എന്ന പരിപാടിയിൽ ഡോ. ക്രിസ് വാൻ തുല്ലെക്കൻ വ്യക്തമാക്കിയത്, എട്ടു മണിക്കൂർ ഉറങ്ങാൻ സാധിച്ചില്ലല്ലോ എന്നോർത്ത് വെറുതെ ടെൻഷൻ അടിക്കേണ്ടതില്ല എന്നാണ്. “കൃത്യം എട്ടു മണിക്കൂർ തികയ്ക്കണമെന്ന ചിന്ത പലരിലും വലിയ ഉത്കണ്ഠ ഉണ്ടാക്കുന്നുണ്ട്. എന്റെയൊക്കെ ജീവിതത്തിൽ കുട്ടികളെ വളർത്തുന്ന സമയത്തൊന്നും ഇത്രയും സമയം ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. 6 മുതൽ 8 മണിക്കൂർ വരെയുള്ള സമയം തികച്ചും ആരോഗ്യകരമാണ്,” അദ്ദേഹം പറയുന്നു.

ADVERTISEMENTS

ഈ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് ടിക് ടോക്കിലൂടെ ശ്രദ്ധേയനായ ഡോ. ഡാൻ ഫ്രീഡറിച്ചും രംഗത്തെത്തിയിട്ടുണ്ട്. ദിവസം 6 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുന്നതാണ് ഏറ്റവും ഉചിതം. എന്നാൽ അഞ്ച് മണിക്കൂറിൽ താഴെയുള്ള ഉറക്കം ആരോഗ്യത്തിന് വലിയ ഭീഷണിയാണ്. ഇത് ഹൃദ്രോഗങ്ങൾക്കും പലവിധത്തിലുള്ള അസുഖങ്ങൾക്കും വരെ കാരണമായേക്കാം. അതുപോലെ തന്നെ, 9 മണിക്കൂറിലധികം അമിതമായി ഉറങ്ങുന്നതും ശരീരത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

READ NOW  സ്വന്തം 'വായു' മണക്കുന്നത് ഓർമ്മശക്തി കൂട്ടുമോ? അൽഷിമേഴ്സിനുള്ള സാധ്യത കുറയ്ക്കുമോ ; ഞെട്ടിക്കുന്ന പുതിയ പഠനം പറയുന്നത് ഇങ്ങനെ

2022-ലെ ഒരു ടെഡ് ടോക്കിൽ (TED Talk) ഡോ. കൊളീൻ കാർണി ഉറക്കമില്ലായ്മ (Insomnia) അനുഭവിക്കുന്നവർക്ക് നൽകുന്ന ഉപദേശം വളരെ ശ്രദ്ധേയമാണ്. “ജീവിക്കാൻ വേണ്ടി നമ്മൾ ഉറങ്ങണം എന്നത് സത്യമാണ്, എന്നാൽ ഉറങ്ങാൻ വേണ്ടി മാത്രമായി ജീവിക്കരുത്,” അവർ പറയുന്നു. ആരോഗ്യത്തിന് യാതൊരു പ്രാധാന്യവും നൽകാത്തവരെ ഉദ്ദേശിച്ചാണ് ‘എട്ടു മണിക്കൂർ ഉറങ്ങണം’ എന്നൊരു സന്ദേശം പൊതുജനാരോഗ്യ വിദഗ്ധർ കാലങ്ങളായി നൽകിപ്പോരുന്നത്. എന്നാൽ ഇത് കേട്ട്, ഉറക്കത്തിന് അമിത പ്രാധാന്യം നൽകുന്ന ആളുകൾ കൃത്യം എട്ടു മണിക്കൂർ ഉറങ്ങാൻ കഴിയാത്തതിൽ വലിയ മാനസിക സമ്മർദ്ദം അനുഭവിക്കുന്നു. ഉറങ്ങണം എന്ന അമിതമായ ചിന്ത തന്നെയാണ് പിന്നീട് അവരുടെ ഉറക്കം കെടുത്തുന്ന വില്ലനായി മാറുന്നത്.

ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ, പ്രത്യേകിച്ച് സ്മാർട്ട്ഫോണുകളുടെ കടന്നുകയറ്റത്തോടെ നമ്മുടെയെല്ലാം ഉറക്കത്തിന്റെ താളം വലിയ രീതിയിൽ തെറ്റിയിട്ടുണ്ട്. ഘടികാരത്തിലേക്ക് നോക്കി ഉറങ്ങാൻ ശ്രമിക്കുന്നതിന് പകരം, ശരീരത്തിന് ആവശ്യമുള്ള വിശ്രമം സ്വാഭാവികമായി നൽകാൻ ശ്രമിക്കുക.

READ NOW  ഏത് മദ്യമാണ് ഏറ്റവും വലിയ വില്ലൻ? കുറഞ്ഞ അളവിലുള്ള മദ്യപാനവും സുരക്ഷിതമല്ലെന്ന് പുതിയ പഠനം

ചുരുക്കത്തിൽ, എട്ട് മണിക്കൂർ എന്നൊരു മാന്ത്രിക സംഖ്യയുടെ പിന്നാലെ പോകാതെ, ലഭിക്കുന്ന ഉറക്കം ശാന്തവും ആഴത്തിലുള്ളതുമാക്കാൻ ശ്രദ്ധിക്കുക. രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരത്തിന് നല്ല ഉന്മേഷം തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ ഉറക്കം കൃത്യമാണെന്ന് മനസ്സിലാക്കാം.

ADVERTISEMENTS