
മലയാള സിനിമയെന്നാൽ ഒരു കാലത്ത് പ്രേം നസീർ എന്നായിരുന്നു അർത്ഥം. ‘നിത്യഹരിത നായകൻ’ എന്നതിനപ്പുറം, പതിറ്റാണ്ടുകളോളം ഇൻഡസ്ട്രിയെ സ്വന്തം തോളിലേറ്റിയ ഒരു മഹാപ്രസ്ഥാനം. ഗിന്നസ് റെക്കോർഡുകൾ പോലും തലകുനിച്ച ആ താരസൂര്യൻ, തന്റെ പ്രഭയുടെ അവസാന നാളുകളിൽ കടുത്ത അവഗണനയുടെ ഇരുട്ടറിഞ്ഞിരുന്നു എന്നത് പലർക്കും അറിയാത്തൊരു സത്യമാണ്. ആ വേദനയുടെ ആഴം ഒരുപക്ഷേ ഏറ്റവുമധികം കണ്ടറിഞ്ഞത്, ഇരുനൂറിലധികം സിനിമകളിൽ അദ്ദേഹത്തിനുവേണ്ടി ശരീരം പണയം വെച്ച സംഘട്ടന സംവിധായകൻ ത്യാഗരാജൻ മാസ്റ്റർ ആയിരിക്കും.
മാറുന്ന കാലം, മുറിവേറ്റ മനസ്സുമായി നസീർ
പ്രിയദർശന്റെ ‘കടത്തനാടൻ അമ്പാടി’യുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുന്ന സമയം. മോഹൻലാൽ നായകനായ ആ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ പ്രേം നസീറുമുണ്ട്. അന്നദ്ദേഹത്തിന് അമ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞിരുന്നു. പതിവുപോലെ, സംഘട്ടന രംഗങ്ങളിൽ നസീറിന് പകരക്കാരനായി ത്യാഗരാജന്റെ സംഘവുമുണ്ട്. അപകടം പിടിച്ച രംഗങ്ങളിൽ നിന്ന് മാറിനിൽക്കുന്നത് നസീറിന്റെ ഒരു ശീലമായിരുന്നു. അത് സ്വന്തം ശരീരം സംരക്ഷിക്കാൻ വേണ്ടി മാത്രമല്ല, താൻ കാരണം ഡ്യൂപ്പായി അഭിനയിക്കുന്നവരുടെ അന്നം മുടങ്ങരുതെന്ന കരുതൽ കൊണ്ടുകൂടിയായിരുന്നു.
അങ്ങനെയൊരു ഷൂട്ടിംഗ് രാവിൽ, ത്യാഗരാജനുമായി സംസാരിച്ചിരിക്കുമ്പോഴാണ് നസീർ ആ വെളിപ്പെടുത്തൽ നടത്തിയത്. “ത്യാഗരാജൻ, ഈ പടത്തോടെ ഞാൻ അഭിനയം നിർത്തുകയാണ്. മുപ്പത്തിയഞ്ച് വർഷമായില്ലേ ഈ വണ്ടി ഓടാൻ തുടങ്ങിയിട്ട്. ഇനി എനിക്കൊരു സിനിമ സംവിധാനം ചെയ്യണം. അതെന്റെ ജീവിതാഭിലാഷമാണ്.”
അത് പറയുമ്പോൾ ആ മുഖത്ത് പ്രതീക്ഷയുടെ തിളക്കമുണ്ടായിരുന്നെങ്കിലും, സംസാരം നീണ്ടപ്പോൾ വെള്ളിത്തിരയിലെ പുഞ്ചിരിക്കുന്ന മുഖത്തിനു പിന്നിലെ മുറിവേറ്റ മനസ്സാണ് ത്യാഗരാജൻ കണ്ടത്. “സിനിമയ്ക്ക് നമ്മളെ വേണ്ടത് നമ്മൾ നിറഞ്ഞുനിൽക്കുമ്പോൾ മാത്രമാണ്. കാലം കഴിഞ്ഞാൽ പിന്നെ ആരും തിരിഞ്ഞുനോക്കില്ല,” എന്ന് പറയുമ്പോൾ ആ ശബ്ദമിടറിയിരുന്നു. എൺപതുകളുടെ തുടക്കത്തിൽ മമ്മൂട്ടിയും മോഹൻലാലും സൂപ്പർതാരങ്ങളായി ഉദിച്ചുയർന്നതോടെ നസീറിന്റെ താരസിംഹാസനത്തിന് ഇളക്കം തട്ടിയിരുന്നു. ആ യാഥാർത്ഥ്യം ഉൾക്കൊള്ളുമ്പോഴും, താൻ കൈപിടിച്ചുയർത്തിയ പലരിൽ നിന്നും നേരിടേണ്ടി വന്ന അവഗണന അദ്ദേഹത്തെ അത്രയേറെ വേദനിപ്പിച്ചിരുന്നു.
വേദനയുടെ ആഴം കൂട്ടിയ വീഴ്ച
‘കടത്തനാടൻ അമ്പാടി’യിൽ വെച്ചാണ് നസീറിന്റെ സിനിമാ ജീവിതത്തിൽ അതുവരെയില്ലാത്ത ഒന്ന് സംഭവിച്ചത്. കുതിരപ്പുറത്ത് നിന്നുള്ള ഒരു രംഗത്തിനിടെ അദ്ദേഹം താഴെ വീണു, കൈവിരലിന് പൊട്ടലുണ്ടായി. നൂറുകണക്കിന് സംഘട്ടന രംഗങ്ങളിൽ ഒരു പോറൽ പോലുമേൽക്കാതെ ത്യാഗരാജൻ സംരക്ഷിച്ച ആ ശരീരത്തിൽ ആദ്യമായി ഒരു മുറിവുണ്ടായി. എന്നാൽ ആ ശാരീരിക വേദനയെക്കാൾ വലുതായിരുന്നു അദ്ദേഹത്തിന്റെ മാനസിക സംഘർഷമെന്ന് ത്യാഗരാജൻ ഓർക്കുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ നസീർ പറഞ്ഞു, “ത്യാഗരാജൻ… നമ്മളിനി അധികം കണ്ടെന്നുവരില്ല.” അയ്യോ സാര്‍ അങ്ങനെ പറയരുത് നമ്മള്‍ ഇനി ധാരാളം കാണും എന്ന് പറഞ്ഞു അദ്ദേഹത്തെ സമാധാനിപ്പിച്ചാണ് വിട്ടത് എന്ന് ത്യാഗരാജന്‍ മാസ്റര്‍ ഓര്‍ക്കുന്നു. പക്ഷെ നസീറിന്റെ ആ വാക്ക് അതൊരു വെറുംവാക്കായിരുന്നില്ലെന്ന് കാലം തെളിയിച്ചു.
അവസാനത്തെ മോഹവും അവഗണനയുടെ വേദനയും
അഭിനയം നിർത്തി സംവിധായകന്റെ കുപ്പായമണിയാനുള്ള മോഹവുമായി നസീർ ഒരു തിരക്കഥ തയ്യാറാക്കി. അത് യാഥാർത്ഥ്യമാക്കാൻ അന്നത്തെ സൂപ്പർതാരങ്ങളുടെ ഡേറ്റ് ആവശ്യമായിരുന്നു. എത്രയോ പുതുമുഖ സംവിധായകർക്ക് ജീവിതം നൽകിയ, പടം പൊട്ടിയ നിർമ്മാതാവിനെ അടുത്ത പടത്തിന് ഡേറ്റ് നൽകി സഹായിച്ച ആ വലിയ മനുഷ്യൻ, ഒരു തുടക്കക്കാരനെപ്പോലെ ഓരോ ലൊക്കേഷനിലും കയറിയിറങ്ങി.
ഫലം നിരാശയായിരുന്നു. “തിരക്കാണ് സാർ,” എന്ന ഒരേ മറുപടിയിൽ എല്ലാവരും അദ്ദേഹത്തെ ഒഴിവാക്കി. കോഴിക്കോട്ടെ ഒരു ലൊക്കേഷനിൽ വെച്ച് ഒരു സൂപ്പർതാരത്തെ കാണാൻ അദ്ദേഹം രണ്ടുതവണ ചെന്നു. ആ കാത്തിരിപ്പും മടക്കവും കണ്ട് സഹികെട്ട് ത്യാഗരാജൻ പറഞ്ഞു, “സാറിന് പണത്തിന്റെ ബുദ്ധിമുട്ടുണ്ടെങ്കിൽ എന്റെ വീട് വിറ്റാണെങ്കിലും ഞാൻ കൂടെ നിൽക്കാം. പക്ഷേ, ഇവന്മാരുടെയടുത്ത് ഇനി ഡേറ്റിനായി വരരുത്.”
കണ്ണുനിറഞ്ഞ് നസീർ മറുപടി നൽകി, “ഇല്ല ത്യാഗരാജൻ, ഇനി ഞാൻ വരില്ല.”
പിന്നീട് ത്യാഗരാജൻ ആ സൂപ്പർതാരത്തോട് എന്തുകൊണ്ട് ഡേറ്റ് നൽകിയില്ലെന്ന് ചോദിച്ചു. പുച്ഛം നിറഞ്ഞ ചിരിയോടെയായിരുന്നു മറുപടി: “ചുമ്മാതിരി മാസ്റ്ററേ, ആ കിളവന്റെ കയ്യിൽ ഏതോ ഒരു പഴഞ്ചൻ കഥയാണ്. അതൊക്കെ ചെയ്യാൻ നമുക്ക് എവിടെയാ നേരം.”
ഇനി ഞാൻ വരില്ല
ആ വാക്ക് പ്രേം നസീർ പാലിച്ചു. പിന്നീട് ത്യാഗരാജൻ അദ്ദേഹത്തെ കാണുന്നത് അവസാനയാത്രയ്ക്കുള്ള വെള്ള പുതച്ചുകിടക്കുമ്പോഴാണ്. അന്ന് ഡേറ്റ് നൽകാതെ അദ്ദേഹത്തെ ആട്ടിയോടിച്ച സൂപ്പർതാരങ്ങളെല്ലാം ഷർട്ടിൽ കറുത്ത ബാഡ്ജ് ധരിച്ച്, വ്യാജമായ ദുഃഖത്തോടെ ആദരാഞ്ജലികൾ അർപ്പിക്കാൻ മുൻനിരയിലുണ്ടായിരുന്നു. അതുകണ്ട് നിൽക്കുമ്പോൾ ത്യാഗരാജന്റെ കാതുകളിൽ നസീറിന്റെ വാക്കുകൾ മുഴങ്ങുന്നുണ്ടായിരുന്നു: “ഇല്ല ത്യാഗരാജൻ… ഇനി ഞാൻ വരില്ല.”
രണ്ടോ മൂന്നോ സിനിമയിൽ അഭിനയിച്ചവർ പോലും അഹങ്കരിക്കുന്ന ഇക്കാലത്ത്, ത്യാഗരാജൻ ഓർക്കുന്നത് സെറ്റിലെ ലൈറ്റ് ബോയിയോട് പോലും സ്നേഹത്തോടെ പെരുമാറിയിരുന്ന, സഹായം ചോദിച്ചുവന്ന ആരെയും വെറുംകൈയോടെ മടക്കാത്ത ആ പച്ചയായ മനുഷ്യനെയാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹം മാത്രം നൽകിയ, സൂപ്പർതാരമെന്നതിനേക്കാൾ വലിയ മനുഷ്യനായിരുന്ന പ്രേം നസീറിനെ മലയാളികൾക്ക് എങ്ങനെ മറക്കാനാകും?