
ജയ്പൂർ: രാജസ്ഥാനിലെ പ്രശസ്തമായ നീരജ മോദി സ്‌കൂളിന്റെ നാലാം നിലയിൽ നിന്ന് വീണ് ഒൻപത് വയസ്സുകാരിയായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. നാലാം ക്ലാസുകാരിയായ അമീറ (9) ശനിയാഴ്ച ഉച്ചയോടെയാണ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് പതിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, കുട്ടി വീണ സ്ഥലത്തെ രക്തക്കറകൾ പോലീസ് എത്തും മുമ്പേ കഴുകി വൃത്തിയാക്കിയതും, സ്‌കൂൾ അധികൃതരുടെ സംശയാസ്പദമായ നിസ്സഹകരണവും സംഭവത്തിൽ വൻ ദുരൂഹത നിറയ്ക്കുന്നു.
മാൻസരോവർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ലഖൻ ഖടാന നൽകുന്ന വിവരമനുസരിച്ച്, സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടി റെയ്‌ലിംഗിൽ കയറി താഴേക്ക് ചാടുന്നത് വ്യക്തമാണ്. ഈ സമയം മറ്റ് വിദ്യാർത്ഥികൾ അടുത്തുണ്ടായിരുന്നെങ്കിലും അവർ സാധാരണ പോലെ നടന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഏകദേശം 47 അടി ഉയരത്തിൽ നിന്നുള്ള വീഴ്ച തൽക്ഷണം മരണത്തിന് കാരണമായി.
ദുരൂഹത വർദ്ധിപ്പിച്ച് സ്കൂളിന്റെ നടപടികൾ
സംഭവമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ സ്‌കൂളിലെത്തുമ്പോൾ, കുട്ടി വീണ സ്ഥലം പൂർണ്ണമായും വൃത്തിയാക്കിയ നിലയിലായിരുന്നു. ഒരു തുള്ളി രക്തം പോലും നിലത്ത് ഉണ്ടായിരുന്നില്ല. ഗുരുതരമായ ഒരു സംഭവമുണ്ടായിട്ടും പോലീസിനെ അറിയിക്കുന്നതിന് മുമ്പ് തന്നെ തെളിവുകൾ നശിപ്പിക്കാൻ തുനിഞ്ഞത് ആരെ സംരക്ഷിക്കാനാണ് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
സംഭവത്തെക്കുറിച്ച് സ്‌കൂൾ അധികൃതർ പൂർണ്ണ മൗനത്തിലാണ്. മാൻസരോവറിലെ എസ്എഫ്എസ് ഏരിയയിൽ താമസിക്കുന്ന കുട്ടിയുടെ മാതാപിതാക്കൾ സ്‌കൂൾ ഭരണകൂടത്തിനെതിരെ ‘സംശയാസ്പദമായ സാഹചര്യത്തിലുള്ള മരണത്തിന്’ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഒരു ബാങ്ക് ഉദ്യോഗസ്ഥയായ അമ്മയുടെയും സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അച്ഛന്റെയും ഏക മകളായിരുന്നു അമീറ. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി, സംഭവത്തിന് ശേഷം ഏകദേശം ആറ് മണിക്കൂർ കഴിഞ്ഞാണ് തകർന്ന ഹൃദയവുമായി മാതാപിതാക്കൾ പരാതി നൽകിയത്.
സ്‌കൂളിനുള്ളിൽ ഇത്തരമൊരു സംഭവം നടന്നിട്ടും അധ്യാപകരോ മറ്റ് ജീവനക്കാരോ എന്തുകൊണ്ട് അറിഞ്ഞില്ല എന്നും, കുട്ടിയുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ ആർക്കും എന്തുകൊണ്ട് സാധിച്ചില്ല എന്നും മാതാപിതാക്കൾ പരാതിയിൽ ചോദിക്കുന്നു.
जयपुर के सबसे प्रतिष्ठित विद्यालयों में से एक — नीरजा मोदी स्कूल! आज शर्म से झुका होना चाहिए।
एक मासूम छात्रा ने 4th फ़्लोर से कूदकर अपनी जान दे दी, पसलियाँ टूट गईं, और इसके बाद जो हुआ वह और भी भयावह है! स्कूल प्रबंधन ने सबूत मिटा दिए!
अब सवाल यह है ! आखिर हमारे “बेटी बचाओ, बेटी… pic.twitter.com/MoI71FXBhp— Rohitash Kumar Meena (@RohitashMeenaa) November 2, 2025
വിദ്യാഭ്യാസ വകുപ്പിനെയും അവഗണിച്ചു
പോലീസിനോട് മാത്രമല്ല, വിദ്യാഭ്യാസ വകുപ്പിനോടും സ്‌കൂൾ അധികൃതർ നിസ്സഹകരണ മനോഭാവമാണ് പുലർത്തുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ (DEO) റാം നിവാസ് ശർമ്മ മാധ്യമങ്ങളോട് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. “അവർ വിദ്യാഭ്യാസ വകുപ്പിനെ പൂർണ്ണമായും അവഗണിച്ചു. പ്രിൻസിപ്പൽ ഇന്ദു ദവെയുടെ പ്രതിനിധി ഞങ്ങളുടെ ഫോൺ കോളുകൾക്ക് പോലും മറുപടി നൽകിയില്ല. സ്‌കൂൾ അധികൃതർ ശരിയായ വിവരങ്ങൾ കൈമാറാൻ തയ്യാറാകുന്നില്ല,” അദ്ദേഹം പറഞ്ഞു.
ഉയരുന്ന ചോദ്യങ്ങൾ
ഒൻപത് വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടി ഇത്തരമൊരു കടുംകൈ ചെയ്യാൻ കാരണമെന്താകും എന്ന ചോദ്യം സമൂഹത്തെ ഒന്നടങ്കം ഞെട്ടിക്കുകയാണ്. സ്‌കൂളുകളിലെ കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷാ സംവിധാനങ്ങളും വീണ്ടും ചർച്ചയാകുന്നു. പഠനസമ്മർദ്ദമാണോ, അതോ സ്‌കൂളിനുള്ളിൽ കുട്ടി മറ്റെന്തെങ്കിലും തരത്തിലുള്ള പീഡനങ്ങൾ നേരിട്ടിരുന്നോ എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.
സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ള ഏജൻസികൾ സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നിൽ നടന്ന ഈ ദാരുണസംഭവം, വൻതുക ഫീസ് വാങ്ങി പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളുകൾ കുട്ടികളുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും എത്രമാത്രം വില കൽപ്പിക്കുന്നുണ്ട് എന്ന ഗുരുതരമായ ചോദ്യമാണ് രക്ഷിതാക്കൾക്ക് മുന്നിൽ വയ്ക്കുന്നത്. അമീറയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് എസ്എച്ച്ഒ അറിയിച്ചു. നീതിക്കായുള്ള കാത്തിരിപ്പിലാണ് ആ കുട്ടിയുടെ കുടുംബം.








