ഓർമ്മകളിൽ ‘പടയപ്പ’യിലെ കൂട്ടുകാരി; സൗന്ദര്യയെ കുറിച്ച് പറഞ്ഞ് രമ്യാ കൃഷ്ണൻ പൊട്ടിക്കരഞ്ഞു, ആശ്വസിപ്പിച്ച് ജഗപതി ബാബു

1

വെള്ളിത്തിരയിലെ ചില സൗഹൃദങ്ങളുണ്ട്, കാലമെത്ര കഴിഞ്ഞാലും അവയുടെ തിളക്കം കുറയില്ല. അത്തരമൊരു ആഴത്തിലുള്ള ബന്ധമായിരുന്നു രമ്യാ കൃഷ്ണനും അന്തരിച്ച നടി സൗന്ദര്യയും തമ്മിൽ. രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു ഹെലികോപ്റ്റർ ദുരന്തത്തിൽ പൊലിഞ്ഞുപോയ പ്രിയ കൂട്ടുകാരിയെ ഓർത്ത്, പ്രശസ്ത നടി രമ്യാ കൃഷ്ണൻ ഒരു ടെലിവിഷൻ ഷോയിൽ വിതുമ്പിപ്പോയി.

‘സീ 5’ൽ സംപ്രേഷണം ചെയ്യുന്ന ‘ജയമ്മു നിശ്ചയമ്മു രാ’ എന്ന പുതിയ ചാറ്റ് ഷോയിൽ അതിഥിയായി എത്തിയതായിരുന്നു താരം. രമ്യയ്ക്കൊപ്പം നടൻ ജഗപതി ബാബുവും ഉണ്ടായിരുന്നു.

ADVERTISEMENTS
   

നിയന്ത്രണം വിട്ട് രമ്യ

സൗഹൃദങ്ങളെക്കുറിച്ചും പഴയകാല സിനിമാ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് ജഗപതി ബാബു, ഇരുവരുടെയും “പൊതു സുഹൃത്തായ” സൗന്ദര്യയുടെ വിഷയം എടുത്തത്. സൗന്ദര്യയെക്കുറിച്ച് കേട്ടതും രമ്യയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. എന്നാൽ, ഇരുവരും തകർത്തഭിനയിച്ച, 1999-ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘പടയപ്പ’യിലെ ഒരു ക്ലിപ്പ് സ്ക്രീനിൽ തെളിഞ്ഞതോടെ രമ്യയുടെ ഭാവം മാറി.

‘പടയപ്പ’യിൽ രജനികാന്തിന്റെ നായികയായ വസുന്ധര എന്ന കഥാപാത്രത്തെയാണ് സൗന്ദര്യ അവതരിപ്പിച്ചത്. നീലാംബരി എന്ന കരുത്തുറ്റ വില്ലൻ കഥാപാത്രമായിരുന്നു രമ്യയുടേത്. സ്ക്രീനിലെ തങ്ങളുടെ ആ പഴയകാലം കണ്ടതോടെ, രമ്യയ്ക്ക് തന്റെ വികാരങ്ങളെ നിയന്ത്രിക്കാനായില്ല. കണ്ണുനീർ മറയ്ക്കാൻ ശ്രമിച്ചെങ്കിലും അവർ ക്യാമറയ്ക്ക് മുന്നിൽ വിതുമ്പിപ്പോയി.

സഹതാരത്തിന്റെ ദുഃഖം കണ്ട് ജഗപതി ബാബു അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “ഇത്തരം നല്ല ഓർമ്മകൾ നമ്മൾ അയവിറക്കേണ്ടതുണ്ട്, അതിനാണ് ഞങ്ങൾ ആ ക്ലിപ്പ് പ്ലേ ചെയ്തത്. സൗന്ദര്യ എന്ന പേര് പോലെ, ‘സുന്ദരമായ ഹൃദയം’ ഉള്ളയാളായിരുന്നു അവർ,” ജഗപതി ബാബു പറഞ്ഞു.

“പ്രശസ്തി അവളുടെ തലയ്ക്ക് പിടിച്ചിരുന്നില്ല”

കണ്ണീരടക്കിക്കൊണ്ട് രമ്യ ആ പഴയകാല ഓർമ്മകൾ പങ്കുവെച്ചു:

“1995-ൽ ‘അമ്മോരു’ (Ammoru) എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഞാൻ സൗന്ദര്യയെ ആദ്യമായി കാണുന്നത്. അതൊരു തുടക്കമായിരുന്നു. പിന്നീട് പടയപ്പ ഉൾപ്പെടെ നിരവധി സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു. എന്റെ കൺമുന്നിലാണ് ആ പാവം, നിഷ്കളങ്കയായ പെൺകുട്ടി ഒരു മികച്ച അഭിനേത്രിയായി പടിപടിയായി വളർന്നത്.”

“പക്ഷേ, എന്നെ ഏറ്റവും ആകർഷിച്ചത് മറ്റൊന്നാണ്,” രമ്യ തുടർന്നു. “പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും അത് ഒരിക്കലും അവളുടെ തലയ്ക്ക് പിടിച്ചിരുന്നില്ല. എത്ര ഉയരത്തിലെത്തിയിട്ടും അവൾ എപ്പോഴും വിനയത്തോടെയും സ്നേഹത്തോടെയുമാണ് എല്ലാവരോടും പെരുമാറിയിരുന്നത്. അവൾ എനിക്ക് ഒരു യഥാർത്ഥ സുഹൃത്തും അതിലുപരി നല്ലൊരു മനുഷ്യനുമായിരുന്നു.” സ്‌ക്രീനിൽ ഇരുവരുടെയും പഴയകാല ചിത്രങ്ങൾ മിന്നിമറയുമ്പോൾ രമ്യയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.

പൊലിഞ്ഞുപോയ താരസൗന്ദര്യം

തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു സൗന്ദര്യ. അഭിനയത്തികവും സ്ക്രീനിലെ സൗമ്യമായ പെരുമാറ്റവും അവരെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. രജനികാന്ത്, കമൽഹാസൻ, ചിരഞ്ജീവി, നാഗാർജുന, വെങ്കിടേഷ് തുടങ്ങിയ അക്കാലത്തെ എല്ലാ സൂപ്പർതാരങ്ങളുടെയും നായികയായി അവർ തിളങ്ങി.

മലയാളി പ്രേക്ഷകർക്കും സൗന്ദര്യ മറക്കാനാവാത്ത മുഖമാണ്. മോഹൻലാലിന്റെ നായികയായി ‘കിളിച്ചുണ്ടൻ മാമ്പഴം’, ജയറാമിന്റെ നായികയായി ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്നീ ചിത്രങ്ങളിലൂടെ സൗന്ദര്യ മലയാളികളുടെയും മനം കവർന്നു. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവും സൗന്ദര്യയെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തി.

സിനിമയിൽ കത്തിനിൽക്കുന്ന സമയത്താണ് ആ ദുരന്തം സംഭവിക്കുന്നത്. 2004 ഏപ്രിൽ 17-ന്, തന്റെ 31-ാം വയസ്സിൽ സൗന്ദര്യ എന്നന്നേക്കുമായി വിട പറഞ്ഞു. ഭാരതീയ ജനതാ പാർട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുമ്പോൾ ബാംഗ്ലൂരിനടുത്ത് വെച്ച് ഹെലികോപ്റ്റർ തകർന്ന് മരിക്കുകയായിരുന്നു. സഹോദരൻ അമർനാഥും അപകടത്തിൽ മരണപ്പെട്ടു. മരിക്കുമ്പോൾ സൗന്ദര്യ ഗർഭിണിയായിരുന്നു എന്ന വാർത്ത ആ ദുരന്തത്തിന്റെ ആഴം കൂട്ടി.

രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറവും, രമ്യാ കൃഷ്ണന്റെ കണ്ണീരായി പെയ്തത് ആ അകാല വിയോഗത്തിന്റെ തീരാത്ത വേദനയാണ്. വെള്ളിത്തിരയിലെ മിന്നും താരം എന്നതിലുപരി, അടുത്തറിഞ്ഞവരുടെയെല്ലാം മനസ്സിൽ മായാത്ത ഓർമ്മകൾ സമ്മാനിച്ച ഒരു യഥാർത്ഥ വ്യക്തിത്വമായിരുന്നു സൗന്ദര്യ എന്ന് രമ്യയുടെ വാക്കുകൾ നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നു.

ADVERTISEMENTS