“അടിച്ചാൽ തിരിച്ചടിക്കാൻ സ്ലീപ്പർ സെല്ലുകളുണ്ട്”; ആർഷോയ്ക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ ബിജെപി നേതാവിന് അർജുൻ ആയങ്കിയുടെ ‘മുന്നറിയിപ്പ്’

1

കണ്ണൂർ: പാലക്കാട് മനോരമ ന്യൂസ് ചാനൽ സംവാദത്തിനിടെ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ, പാലക്കാട്ടെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന് മുന്നറിയിപ്പുമായി അർജുൻ ആയങ്കി. സിപിഎമ്മിന് ‘സ്ലീപ്പർ സെല്ലുകൾ’ ഉണ്ടെന്നും, പാർട്ടിക്കെതിരെ ഒരു ആക്രമണം ഉണ്ടായാൽ അവർ ജീവനും ജീവിതവും മറന്ന് പ്രതിരോധിക്കാനും തിരിച്ചടിക്കാനും ഓടിയെത്തുമെന്നും അർജുൻ ആയങ്കി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഭീഷണി മുഴക്കി.

കണ്ണൂരിലെ വിവാദ രാഷ്ട്രീയ നിരീക്ഷകനും, സ്വർണ്ണക്കടത്ത് കേസിലടക്കം ആരോപണവിധേയനുമായ അർജുൻ ആയങ്കിയുടെ ഈ പോസ്റ്റ്, രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ADVERTISEMENTS
   

വിവാദങ്ങൾക്ക് തുടക്കമിട്ട ‘വോട്ട്കവല’

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മനോരമ ന്യൂസ് പാലക്കാട് സംഘടിപ്പിച്ച ‘വോട്ടുകവല’ എന്ന സംവാദ പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചർച്ചയ്ക്കിടെ, എസ്എഫ്ഐ നേതാവ് പി.എം. ആർഷോയും ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. ഇതിനിടെ, പ്രശാന്ത് ശിവൻ പ്രകോപിതനായി ആർഷോയുടെ നേർക്ക് അടുക്കുകയും അർഷോയും ഒട്ടും വിട്ടു കൊടുക്കാതെ നിൽക്കുകയും ചെയ്തു സംഭവം ഒരു കയ്യാങ്കളിയിലേക്ക് പോവുകയായിരുന്നു . പരിപാടിയുടെ അവതാരകനും മറ്റ് നേതാക്കളും ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.

ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ അതിവേഗം പ്രചരിക്കുകയും, ഒരു പൊതുചർച്ചയിൽ പാർട്ടി നേതാവിനെതിരെ ഉണ്ടായ കയ്യേറ്റ ശ്രമം വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അർജുൻ ആയങ്കിയുടെ പ്രതികരണം വരുന്നത്.

മോഹൻലാൽ ഫാൻസ്‌ ഉപമയും ‘സ്ലീപ്പർ സെൽ’ ഭീഷണിയും

പ്രശാന്ത് ശിവനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടാണ് അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ‘തുടരും’ എന്ന സിനിമ ഇറങ്ങിയപ്പോൾ മോഹൻലാലിന് ‘സ്ലീപ്പർ സെൽ’ ഫാൻസ് ഉണ്ടെന്ന സംസാരം ഉണ്ടായിരുന്നുവെന്ന് ആയങ്കി ഓർമ്മിപ്പിക്കുന്നു. “മോഹൻലാലിന്റെ നല്ല സിനിമ ഇറങ്ങിയാൽ പ്രായഭേദമന്യേ ആളുകൾ തിയേറ്ററിലേക്ക് ഇരച്ചുകയറും. അങ്ങനെയൊരു പ്രതിഭാസം സിപിഎമ്മിനുമുണ്ട്,” ആയങ്കി കുറിച്ചു.

പാർട്ടി ഭരണത്തിലുള്ളതുകൊണ്ട് മാത്രം നിശബ്ദമായി ‘നല്ലനടപ്പിന്’ നീങ്ങുന്ന ഒരു വലിയ വിഭാഗം സ്ലീപ്പർ സെല്ലുകൾ പാർട്ടിക്കുണ്ടെന്നാണ് ആയങ്കിയുടെ അവകാശവാദം.

“പാർട്ടി പരിപാടികളിലോ ജാഥകളിലോ അവരെ കണ്ടെന്നു വരില്ല. പക്ഷേ, പാർട്ടിക്ക് നേരെ ഒരാക്രമണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവർ ആദ്യം ഓടിയെത്തും. ജീവനും ജീവിതവും മറന്ന് അവർ പോരാടും, യുദ്ധം ചെയ്യും,” ആയങ്കി മുന്നറിയിപ്പ് നൽകുന്നു.

ആർഷോയെ ആക്രമിച്ചതിനെ പാർട്ടിക്ക് നേരെയുള്ള കയ്യേറ്റമായാണ് കാണുന്നതെന്നും പോസ്റ്റ് വ്യക്തമാക്കുന്നു. “പാർട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാർട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ്. അവിടെ വ്യക്തിയില്ല, പാർട്ടി മാത്രമേ ഉള്ളൂ,” എന്ന് പറഞ്ഞുകൊണ്ടാണ് ആയങ്കി തന്റെ ഭീഷണി സന്ദേശം അവസാനിപ്പിക്കുന്നത്.

ചർച്ചയാകുന്ന ‘ചാണക’ പ്രയോഗം

അതേസമയം, കയ്യേറ്റം നേരിടേണ്ടി വന്ന പി.എം. ആർഷോയും സംഭവത്തോട് പ്രതികരിച്ചിരുന്നു. എന്നാൽ അത് ആയങ്കിയുടെ പോസ്റ്റിൽ നിന്ന് തികച്ചും വ്യത്യസ്തമായ ശൈലിയിലായിരുന്നു. അക്രമത്തെ അക്രമം കൊണ്ട് നേരിടുമെന്ന സൂചനയല്ല ആർഷോ നൽകിയത്.

“ചാണകത്തിൽ ചവിട്ടാതിരിക്കുക എന്നത് പോലെ തന്നെ ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചില സന്ദർഭങ്ങളിൽ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്,” എന്നാണ് ആർഷോ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ബിജെപി-ആർഎസ്എസ് പ്രവർത്തകരെ പരിഹസിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു പ്രയോഗം എടുത്ത്, താൻ ആ പ്രകോപനത്തിൽ വീഴാതിരുന്നത് തന്റെ രാഷ്ട്രീയ പക്വത കൊണ്ടാണെന്ന് സൂചിപ്പിക്കുകയായിരുന്നു ആർഷോ.

പാർട്ടി ഔദ്യോഗികമായി തള്ളിപ്പറഞ്ഞ സ്വർണ്ണക്കടത്ത് കേസ് പോലുള്ള വിവാദങ്ങളിൽ പേരുള്ള അർജുൻ ആയങ്കി, പാർട്ടിയുടെ ‘സ്ലീപ്പർ സെൽ’ പ്രതിരോധത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നത് രാഷ്ട്രീയ എതിരാളികളും ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.

ADVERTISEMENTS