
ബിഗ് ബോസ് മലയാളം സീസൺ 5 അവസാനിച്ചിട്ട് രണ്ടര വർഷം പിന്നിടുമ്പോഴും, ഷോയിലെ വിജയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് അവസാനമാകുന്നില്ല. സീസൺ 5 വിജയിയായ അഖിൽ മാരാർ, റണ്ണർ-അപ്പ് ആയിരുന്ന ശോഭ വിശ്വനാഥിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി രംഗത്ത്. താനല്ല, മറിച്ച് ശോഭയാണ് യഥാർത്ഥ വിജയി എന്ന് ശോഭ നിരന്തരമായി പറഞ്ഞുനടക്കുന്നുവെന്നും, ഈ ‘ശല്യം’ അവസാനിപ്പിക്കാൻ ഏഷ്യാനെറ്റ് അധികൃതർ സീസൺ 7 ഫിനാലെ വേദിയിൽ വെച്ച് തന്നിൽ നിന്ന് കപ്പ് തിരികെ വാങ്ങി ശോഭയ്ക്ക് നൽകണമെന്നും അഖിൽ മാരാർ തന്റെ പുതിയ യൂട്യൂബ് വീഡിയോയിലൂടെ ആവശ്യപ്പെട്ടു.
“പ്രിയമുള്ളവരെ, ഇത് ഞാൻ നിങ്ങൾക്ക് വേണ്ടി ചെയ്യുന്ന വീഡിയോ അല്ല, ഏഷ്യാനെറ്റിന്റെയും ബിഗ് ബോസിന്റെയും തലപ്പത്തുള്ളവർക്ക് വേണ്ടി ചെയ്യുന്നതാണ്. ദയവുചെയ്ത് സീസൺ 7 ഫിനാലെക്ക് എന്നെ വിളിക്കുക. ഞാൻ എന്റെ കപ്പുമായി വരാം. അത് എന്റെ കയ്യിൽ നിന്ന് വാങ്ങി തിരുവനന്തപുരത്തുള്ള ശോഭയ്ക്ക് കൊടുക്കുക. അല്ലെന്നുണ്ടെങ്കിൽ എനിക്കോ നാട്ടുകാർക്കോ പ്രേക്ഷകർക്കോ ഒരു സമാധാനവും സ്വസ്ഥതയും തരുമെന്ന് തോന്നുന്നില്ല,” അഖിൽ മാരാർ വീഡിയോയുടെ തുടക്കത്തിൽ തന്നെ പറഞ്ഞു.
82% വോട്ട് നേടിയാണ് താൻ വിജയിച്ചതെന്നും, ശോഭയ്ക്ക് 3% വോട്ട് മാത്രമാണ് ലഭിച്ചതെന്നും അഖിൽ അവകാശപ്പെട്ടു. തന്റെ വിജയത്തെയും വോട്ട് ചെയ്ത പ്രേക്ഷകരെയും കോമാളികളാക്കുന്ന നടപടിയാണ് ശോഭയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും, ഇത് അസൂയയും കുശുമ്പും കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിആർ ആരോപണങ്ങളും ചാനൽ പക്ഷപാതവും
താൻ പിആർ വർക്കിലൂടെയാണ് വിജയിച്ചതെന്ന ശോഭയുടെ ആരോപണങ്ങളെ അഖിൽ മാരാർ ശക്തമായി ഖണ്ഡിച്ചു. ഷോയിലേക്ക് പോകുമ്പോൾ തനിക്കെതിരെ വലിയ ഹേറ്റ് ക്യാമ്പയിൻ നിലനിന്നിരുന്നുവെന്നും, സാമ്പത്തികമായി വളരെ മോശം അവസ്ഥയിലായിരുന്ന തനിക്ക് പിആറിന് പണം നൽകാൻ കഴിവില്ലായിരുന്നുവെന്നും അഖിൽ വ്യക്തമാക്കി. “ജീവിതത്തിൽ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ, 20-25 ദിവസം നിന്ന് കിട്ടുന്ന പണം കൊണ്ട് കടം തീർക്കാം എന്ന് കരുതിപ്പോയ ഞാൻ ആർക്കെങ്കിലും പണം കൊടുത്ത് പിആർ ചെയ്യുമെന്ന് കരുതുന്നുണ്ടോ?” എന്ന് അഖിൽ ചോദിച്ചു.
മറിച്ച്, ശോഭയാണ് പിആർ സഹായം ഉപയോഗിച്ചതെന്നും, ഷോയുടെ അന്നത്തെ നടത്തിപ്പുകാരിൽ ചിലർ ശോഭയെ പക്ഷപാതപരമായി സഹായിച്ചുവെന്നും അഖിൽ ഗുരുതരമായ ആരോപണം ഉന്നയിച്ചു. “നൂറ് ദിവസത്തേക്കുള്ള സാരിയുമായാണ് ശോഭ ഹൗസിലേക്ക് വന്നത്. അന്ന് ഷോയുടെ തലപ്പത്തുണ്ടായിരുന്ന ചിലർ നൽകിയ ഉറപ്പിന്റെ പുറത്തായിരുന്നു ഇത്. എന്നെക്കാൾ മൂന്നിരട്ടി ശമ്പളമാണ് ശോഭയ്ക്ക് നൽകിയിരുന്നത്. എന്നെക്കാൾ സെലിബ്രിറ്റി വാല്യൂ ഉണ്ടായിരുന്ന മനീഷ ചേച്ചിക്കും ശ്രുതിലക്ഷ്മിക്കും പോലും ശോഭയ്ക്ക് നൽകിയതിന്റെ പകുതി ശമ്പളം നൽകിയിരുന്നില്ല,” അഖിൽ വെളിപ്പെടുത്തി
ലൈഫ് ഗ്രാഫ്’ ടാസ്കും സംശയാസ്പദമായ പുറത്താകലുകളും
ശോഭയ്ക്ക് വേണ്ടി മാത്രം ബിഗ് ബോസ് ഹൗസിൽ ഒരു പ്രത്യേക ടാസ്ക് സംഘടിപ്പിച്ചുവെന്നും അഖിൽ ആരോപിച്ചു. “ലൈഫ് സ്റ്റോറി ടാസ്കിൽ ശോഭയ്ക്ക് തന്റെ കഥ ശരിയായി അവതരിപ്പിക്കാൻ കഴിഞ്ഞില്ല. ഇതിൽ പരാതി പറഞ്ഞ് നടന്നപ്പോൾ, ശോഭയ്ക്ക് വേണ്ടി മാത്രം ‘ലൈഫ് ഗ്രാഫ്’ എന്നൊരു ടാസ്ക് കൊണ്ടുവന്നു. അഞ്ചര-ആറ് മണിക്കൂറാണ് ശോഭ ഈ ടാസ്കിലൂടെ കഥ പറഞ്ഞത്. ഇത് പ്രേക്ഷകരെയും ഞങ്ങളെയും ഭ്രാന്ത് പിടിപ്പിച്ചു. ഈ ടാസ്ക് എന്തിനായിരുന്നുവെന്ന് പ്രേക്ഷകർ ചിന്തിക്കണം,” അഖിൽ പറഞ്ഞു.
മറ്റ് മത്സരാർത്ഥികളായിരുന്ന റിനോഷിന്റെയും അനിയൻ മിഥുന്റെയും പുറത്താകലുകൾക്ക് പിന്നിലും ശോഭയെ സഹായിക്കാനുള്ള നീക്കങ്ങൾ ഉണ്ടായിരുന്നോ എന്ന് താൻ സംശയിക്കുന്നതായും അഖിൽ പറഞ്ഞു. “റിനോഷിന് വന്ന ഹെർപക്സ് അത്ര മാരകമായ രോഗമായിരുന്നില്ല. റിനോഷ് പുറത്തായാൽ ആ വോട്ടുകൾ ശോഭയ്ക്ക് ലഭിക്കുമെന്ന് കണക്കുകൂട്ടിയുള്ള നീക്കമായിരുന്നോ അതെന്ന് ഞാൻ സംശയിക്കുന്നു.അതുപോലെ, അനിയൻ മിഥുന്റെ പുറത്താകലും വോട്ടിന്റെ അടിസ്ഥാനത്തിലാണോ എന്ന് സംശയമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാമിലി വീക്കിൽ ശോഭയുടെ വീട്ടുകാർ വരാതിരുന്നപ്പോൾ ടാസ്ക് തന്നെ റദ്ദാക്കാൻ തീരുമാനിച്ചിരുന്നുവെന്നും, പിന്നീട് ശോഭയുടെ സുഹൃത്തിനെക്കൂടി പ്രവേശിപ്പിക്കാമെന്ന ഉറപ്പിലാണ് ടാസ്ക് നടന്നതെന്നും അഖിൽ ആരോപിച്ചു.
“ഏഷ്യാനെറ്റിന്റെ അന്നത്തെ തലപ്പത്തുണ്ടായിരുന്നവരുടെ അനീതിക്കെതിരെ കൂടി പോരാടിയാണ് എന്റെ വിജയം. അതുകൊണ്ടാണ് എന്റെ വിജയാഘോഷത്തിൽ അവർ പങ്കെടുക്കാതിരുന്നത്,” അഖിൽ പറഞ്ഞു. തന്റെ വിജയത്തിലുള്ള അസൂയ മാറ്റിവെച്ച്, സ്വന്തം ജീവിതത്തിലും മാതാപിതാക്കളുടെ കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അഖിൽ ശോഭയെ ഉപദേശിച്ചു.അഖിൽ മാരാരുടെ പുതിയ വെളിപ്പെടുത്തലുകൾ ബിഗ് ബോസ് ആരാധകർക്കിടയിൽ വീണ്ടും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.





